Wednesday, April 24, 2019

ഭാരത സന്ദര്‍ശത്തിന് ആഗ്രഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

Updated on 13-04-2019 at 10:45 am

വത്തിക്കാന്‍: ഭാരതം സന്ദര്‍ശിക്കാനുള്ള ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം പാപ്പയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോടാണ് തന്റെ ആഗ്രഹം വീണ്ടും പാപ്പ ആവര്‍ത്തിച്ചത്. മാര്‍ തോമ്മാശ്ലീഹായുടെ കാലടികള്‍ പതിഞ്ഞ ഭാരതത്തില്‍ വിശിഷ്യാ, കേരളത്തില്‍ തനിക്കു സന്ദര്‍ശനം നടത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നായിരുന്നു പാപ്പയുടെ വാക്കുകള്‍.

മലയാളിയും ജെസ്യൂട്ട് സഭാംഗവുമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിനൊപ്പംമാണ് കര്‍ദിനാള്‍ പാപ്പയെ കണ്ടത്. പേപ്പല്‍ വസതിയുടെ പ്രീഫെക്ടും വത്തിക്കാനില്‍ നടക്കുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെയും പൊതുദര്‍ശനങ്ങളുടെയും ചുമതലക്കാരനുമായ ആര്‍ച്ച്ബിഷപ്പ് ഡോ. ജോര്‍ജ് ഗ്യാന്‍സൈ്വനും സന്നിഹിതനായിരുന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ വിശ്വാസികള്‍ക്കും തന്റെ ശ്ലൈഹിക ആശീര്‍വാദം നല്‍കുന്നുവെന്ന് അറിയിക്കണമെന്നും പാപ്പ നിര്‍ദേശിച്ചു.

മാര്‍ ആലഞ്ചേരിയുടെ ജന്മദിനം ഏപ്രില്‍ 19 ആണെന്നറിഞ്ഞ പാപ്പ, അദ്ദേഹത്തിന് ജന്മദിനാശംസാകാര്‍ഡ് നല്‍കി ആശംസകള്‍ നേരുകയും ചെയ്തു. ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലെയും വിശ്വാസ തിരുസംഘം കാര്യാലയത്തിലെയും അംഗമെന്ന നിലയില്‍ ചില ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാനാണ് മാര്‍ ആലഞ്ചേരി വത്തിക്കാനിലെത്തിയത്.

comments


 

Other news in this section