Sunday, May 19, 2019

ബ്രെക്‌സിറ്റിനോട് അടുക്കുമ്പോള്‍ – യാഥാര്‍ഥ്യങ്ങളും വെല്ലുവിളികളും…

Updated on 23-09-2018 at 1:59 pm

ബ്രെക്സിറ്റ് ഡീല്‍ സംബന്ധിച്ച തീരുമാനം വൈകാതെ വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും ചര്‍ച്ചകള്‍ അതിനപ്പുറത്തേക്കു നീണ്ടു പോകരുതെന്നുമാണ് ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളിലെ 27 പ്രധാനമന്ത്രിമാര്‍ക്കു മുമ്പില്‍ തന്റെ മുന്‍ഗണനകള്‍ നിരത്തുകയും സാമ്പത്തിക ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള പദ്ധതികള്‍ അറിയിക്കുകയും വടക്കന്‍ അയര്‍ലന്‍ഡിനു നല്‍കിയ വാഗ്ദാനങ്ങള്‍ ഉറപ്പുവരുത്തുമെന്നും മേയ് വ്യക്തമാക്കുകയുണ്ടായി. ഓസ്ട്രിയന്‍ നഗരമായ സാല്‍സ്ബര്‍ഗില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അനൗപചാരിക സമ്മേളനത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

അയര്‍ലന്‍ഡിന്റെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനുള്ള നിയമ പരിശോധനകള്‍ക്കായി ബ്രിട്ടണ്‍ പുത്തന്‍ ആശയങ്ങള്‍ മുമ്പോട്ട് വെക്കണമെന്ന് യോഗത്തില്‍ നിര്‍ദേശങ്ങളുയര്‍ന്നു. യൂറോപ്യന്‍ യൂണിയന്‍ നിലപാടിനെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യണമെന്ന് മേയ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിട്ടണും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ ഭാവിസഹകരണം സുദൃഢമാക്കുന്നതിനുള്ള ഗൗരവപൂര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ കൊടുക്കുന്ന പ്രസംഗമായിരുന്നു മേയുടേത്. എന്നാല്‍ ബ്രെക്സിറ്റ് സംബന്ധിച്ച് രണ്ടാമതൊരു ഹിതപരിശോധന കൂടി ബ്രിട്ടണ്‍ നടത്തിയേക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ പ്രതീക്ഷ. യൂണിയനില്‍ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച വിലപേശല്‍ ചര്‍ച്ചകള്‍ നിര്‍ണായകഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ആറു മാസം കഴിയുന്നതോടെ, 2019 മാര്‍ച്ച് 29-നാണു ബ്രെക്സിറ്റ് വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടണ്‍ പുറത്തു പോകേണ്ടത്.

വാണിജ്യത്തിനുള്ള പൊതുനിയമവും യോജിച്ച കസ്റ്റംസ് ടെറിറ്ററിയും വേണമെന്ന മേയുടെ നിര്‍ദേശത്തോട് സ്വന്തം പാര്‍ട്ടിയംഗങ്ങള്‍ പോലും യോജിക്കുന്നില്ലെന്നതാണു വാസ്തവം. ഇതെല്ലാം ബിട്ടന്റെ പരമാധികാരത്തെ മറികടക്കുമെന്ന് വിശ്വസിക്കുന്നവരാണ് ബ്രിട്ടീഷ് ജനത. ഇതിനല്ല ബ്രെക്സിറ്റിനു പിന്തുണ നല്‍കിയതെന്നും അവര്‍ പറയുന്നു. തന്റെ തീരുമാനത്തിനു ബിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ സമ്പാദിക്കാന്‍ മേയ്ക്ക് എത്രയോ ബുദ്ധിമുട്ടാണെന്ന കാര്യം മുന്‍മന്ത്രി മൈക് പെന്നിംഗ് ചൂണ്ടിക്കാണിക്കുന്നു. മേയുടെ സഹപ്രവര്‍ത്തകനും കണ്‍സര്‍വേറ്റീവ് നേതൃത്വത്തിലേക്ക് അവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്ത അദ്ദേഹം പറയുന്നത് പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെല്ലാം കാലഹരണപ്പെട്ടതും പുനരുജ്ജീവിക്കാന്‍ സജ്ജവുമല്ലെന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരെ പിന്തുണയ്ക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.

ഭാവി വാണിജ്യക്രമീകരണങ്ങളില്‍ വിശദമായ കരാര്‍ ഉരുത്തിരിഞ്ഞു വരുന്നില്ലെങ്കില്‍, അടുത്ത മാര്‍ച്ചില്‍ ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കുന്നത് ഒഴിവാക്കണമെന്ന് സ്‌കോട്ട്ലണ്ടിന്റെ ആദ്യമന്ത്രി നിക്കോള സ്റ്റര്‍ജിയോണ്‍ ആവശ്യപ്പെടുന്നു. ഭാവിയില്‍ ഒരു ബന്ധവും സ്ഥാപിക്കാന്‍ സാധ്യതയിടാതെ പൂര്‍ണമായും യൂറോപ്യന്‍ യൂണിയനെ വിട്ട് പോകാനുള്ള തീരുമാനമാണ് ബ്രിട്ടണ്‍ എടുക്കുന്നതെങ്കില്‍ അതൊരു വീണ്ടുവിചാരമില്ലാത്ത നടപടിയാകുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ബ്രെക്സിറ്റിന്റെ അപകടമുനമ്പില്‍ നിന്നു ബ്രിട്ടണെ അകറ്റിനിര്‍ത്തുന്ന കരാര്‍ പാലിക്കാതെ രംഗം വിടുന്നത് നിരുത്തരവാദപരമായ സമീപനമായിരിക്കുമെന്ന് അവര്‍ പറയുന്നു.

ബ്രെക്സിറ്റ് അസാധാരണമായ സങ്കീര്‍ണ്ണമായൊരു വെല്ലുവിളി ആണെന്ന് തെരേസ മേയ് തന്നെ സമ്മതിക്കുന്നു. എന്നാല്‍ യഥാകാലം അതു പൂര്‍ത്തീകരിക്കേണ്ട ബാധ്യതയുണ്ടു താനും. ചര്‍ച്ചകള്‍ നീട്ടിവെക്കേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് അവരുടെ പക്ഷം. ഗൗരവമേറിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ഇത് നടപ്പാക്കാനുള്ള എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുകയു വേണമെന്ന് അവര്‍ പറയുന്നു. വടക്കന്‍ അയര്‍ലന്‍ഡിനെ ബ്രിട്ടണില്‍ തന്നെ നിലനിര്‍ത്തുക, യൂറോപ്യന്‍ യൂണിയനുമായി സുരക്ഷിത വാണിജ്യബന്ധം പുലര്‍ത്തുക, പൊതു ഭീഷണികളില്‍ നിന്നു സംരക്ഷണം തേടി യൂറോപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുക എന്നീ മൂന്നു മുന്‍ഗണനാ കാര്യങ്ങള്‍ നേടിയെടുക്കുകയാണു അടിയന്തരലക്ഷ്യം

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്മാറുമ്പോള്‍ ബ്രിട്ടണ്‍ നടത്താന്‍ പോകുന്ന പേയ്മെന്റ്, ഐറിഷ് അതിര്‍ത്തി, പൗരാവകാശം എന്നിവ സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. അവ്യക്തമായ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് സ്വീകാര്യമായിരിക്കുമെന്നതു പോലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് കണ്ണുമടച്ച് എതിര്‍ക്കാന്‍ പ്രയാസകരവുമായിരിക്കും. ബ്രെക്സിറ്റ് വിരുദ്ധര്‍ എങ്ങനെയാകും യൂറോപ്യന്‍ യൂണിയന്‍ അവസാനവട്ട വിലപേശലുകള്‍ നടത്തുകയെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ്. ഐറിഷ് അതിര്‍ത്തിയില്‍ നിയമപരമായ ഉറപ്പുകളനുസരിച്ചുള്ള ഉടമ്പടികള്‍ തീര്‍ക്കുന്നതിനെ കമ്മിഷന്‍ അധികൃതര്‍ എതിര്‍ക്കുമോയെന്നും അവര്‍ ആശങ്കപ്പെടുന്നു.

വടക്കന്‍ അയര്‍ലന്‍ഡിനു യൂറോപ്യന്‍ യൂണിയനിലേക്കുള്ള പാത ദുര്‍ഘടമാക്കുന്നതിന് അറുതി വരുത്താനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ ബ്രിട്ടണ്‍ വരുന്ന ആഴ്ചയില്‍ അവതരിപ്പിക്കും. മറ്റൊരു പരിഹാരമാര്‍ഗം കണ്ടെത്താത്ത പക്ഷം വടക്കന്‍ അയര്‍ലന്‍ഡിനെ ചേര്‍ത്തു നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഐറിഷ് റിപ്പബ്ലിക്കിലേക്കു ചരക്കുവരവും പോക്കും പരിശോധിക്കുന്നതു തടയുന്നതിനുള്ള നിയമങ്ങള്‍ വേണമെന്നാണ് യൂണിയന്റെ ആവശ്യം. എന്നാല്‍, യൂറോപ്യന്‍ യൂണിയന്റെ തടസവാദം അസ്വീകാര്യമാണെന്നും അവരുടെ പങ്ക് വെളിപ്പെടുത്തണമെന്നും ബ്രിട്ടണ്‍ ആവശ്യപ്പെടുന്നു. അതിര്‍ത്തി നിയമങ്ങളും നിയന്ത്രണങ്ങളും ബ്രിട്ടണ്‍ അംഗീകരിച്ചേക്കാം. വരും ആഴ്ചകളില്‍ റഗുലേറ്ററി പരിശോധനകള്‍ സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ചുരുങ്ങിയ കാലത്തിനുള്ളില്‍ വ്യാപാരസംബന്ധമായ തിരിച്ചടികള്‍ മനസിലാക്കിയ ഇരുവിഭാഗവും തീരുവ ചുമത്തുന്നതു സംബന്ധിച്ചു പങ്കാളിത്തം വേണമെന്ന് ആശിക്കുന്നു. എന്നാല്‍ ബ്രെക്സിറ്റ് അനുകൂലികളായ യാഥാസ്ഥിതികര്‍ ഈ ആശയത്തെ അതിശക്തമായി എതിര്‍ക്കുന്നു. ഈ എതിര്‍പ്പ് നിയമം പ്രാബല്യമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്. അതിര്‍ത്തിപരിശോധനകള്‍ നിര്‍മാണജോലികളില്‍ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യവസായ സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു. പങ്കാളിത്ത നിര്‍ദേശം തള്ളണമെന്ന് ബ്രെക്സിറ്റ് അനുകൂലികള്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുമെന്നാണ് അവരുടെ വാദം.

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടണും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്. എന്നാല്‍ ബ്രെക്സിറ്റ് നയം നടപ്പാക്കി കഴിഞ്ഞാല്‍, ബ്രിട്ടണ്‍ നിശ്ചയിച്ച നിരക്കുകളേക്കാള്‍ താഴെയാണെങ്കില്‍, സ്ഥാപനങ്ങള്‍ക്കു കൂടുതലായി വരുന്ന തീരുവകള്‍ തിരിച്ചടയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടി വരും. എങ്കിലും കുറഞ്ഞ കാലയളവിനുള്ളില്‍ വ്യാപാരസംബന്ധമായ തിരിച്ചടികള്‍ മനസിലാക്കിയ ഇരുവിഭാഗവും തീരുവ ചുമത്തുന്നതു സംബന്ധിച്ചു പങ്കാളിത്തം വേണമെന്ന് ആശിക്കുന്നു. എന്നാല്‍ ബ്രെക്സിറ്റ് അനുകൂലികളായ യാഥാസ്ഥിതികര്‍ ഈ ആശയത്തെ അതിശക്തമായി എതിര്‍ക്കുന്നു. ഈ എതിര്‍പ്പ് നിയമം പ്രാബല്യമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്.

സാങ്കേതികവിദ്യയും നൂതന പരിശോധനയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു ബദല്‍ നിര്‍ദേശം കൂടി അതിര്‍ത്തികടന്നുള്ള വാണിജ്യതര്‍ക്കങ്ങള്‍ ഒഴിവാക്കാനായി ആവശ്യമായി വരും. 2019-ല്‍ ബ്രെക്സിറ്റിനൊപ്പം കസ്റ്റംസ് യൂണിയന്‍ അംഗത്വവും ഉപേക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉചിതമായ വെച്ചുമാറല്‍ ആണ് പരമപ്രധാനം. യൂറോപ്യന്‍ യൂണിയനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്നും ദേശീയ താല്‍പര്യത്തിന് നിരക്കുന്നതല്ലെന്നുമാണ് കരാറിനെക്കുറിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍. നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യൂണിയനില്‍ നിന്നുള്ള വിടുതല്‍ കരാറില്‍ ഇനിയൊരു ജനഹിതപരിശോധന നടത്താനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അന്തിമ ബ്രെക്സിറ്റ് കരാറിനായി പുതിയ ഹിതപരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് ലേബര്‍പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നു വ്യക്തമാക്കുന്ന പ്രമേയം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2016-ലെ ബ്രെക്സിറ്റ് വോട്ടിംഗ് ഫലത്തെ മാനിക്കുന്ന പാര്‍ട്ടിയുടെ നയം ഇതോടെ മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇത് എത്രമാത്രം പ്രായോഗികമാകും എന്നതാണ് പ്രശ്നം.

 

 

 

 

 

ഡികെ

comments


 

Other news in this section