Tuesday, July 17, 2018

ബ്രെക്സിറ്റ് ബില്ലിന് അംഗീകാരം; ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാം

Updated on 27-06-2018 at 10:43 am

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിടുതല്‍ സംബന്ധിച്ച ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചതായി ബ്രിട്ടിഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ സംഭാംഗങ്ങളെ അറിയിച്ചതോടെ ബ്രെക്‌സിറ്റ് നിയമം നിലവില്‍ വന്നു. ഇതോടെ 1972ല്‍ നിലവില്‍ വന്ന യൂറോപ്യന്‍ കമ്മ്യണിറ്റീസ് ആക്ട് റദ്ദ് ചെയ്യപ്പെട്ടു.

2017 ജൂലൈ മാസത്തിലാണ് ബ്രെക്‌സിറ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. പാര്‍ലമെന്റില്‍ ഈ നിയമം 250 മണിക്കൂര്‍ നേരം ചര്‍ച്ചകള്‍ക്ക് വിധേയമായി. മാസങ്ങളോളം നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും രാഷ്ട്രീയവൃത്തങ്ങളിലും കടുത്ത വാദപ്രതിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനു ശേഷമാണ് വിടുതല്‍ ബില്‍ നിയമമായി മാറുന്നത്. ഇതിനകം തന്നെ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമെന്നു വേണ്ട എല്ലാ മേഖലകളിലും ബ്രെക്‌സിറ്റ് അതിന്റെ പ്രതിഫലനങ്ങള്‍ കാണിച്ചു തുടങ്ങിയിട്ടുണ്ട്.

വടക്കന്‍ അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ പട്ടാളത്തെയും പോലീസിനെയും വിന്യസിച്ച് സങ്കീര്‍ണമാക്കില്ല. ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും പൗരന്മാര്‍ക്ക് പഴയപോലെ രണ്ടിടത്തേക്കും സ്വതന്ത്രസഞ്ചാരമാവാം. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും താമസിക്കാനും തൊഴില്‍ചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയപോലെ നിലനില്‍ക്കും.

2016 ജൂണ്‍ 23നാണ് യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടതുണ്ടോ എന്ന ഒറ്റച്ചോദ്യത്തിന് ബ്രിട്ടിഷ് ജനത മറുപടി നല്‍കിയത്. ഈ റഫറണ്ടത്തില്‍ ഭൂരിപക്ഷം (51.9%) പേര്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചു. ഇതോടെ ബില്ലിന്റെ കരട് രൂപം അവതരിപ്പിക്കുന്നതിനുള്ള കളമൊരുങ്ങി. ഇങ്ങനെ അവതരിപ്പിക്കപ്പെട്ട ബില്ലിനാണ് രാജ്ഞിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് 29നെ ബ്രക്സിറ്റ് ദിനമായി ആഘോഷിക്കാനുള്ള തീരുമാനത്തെയും ഉറപ്പിക്കുന്നതാണ് നിയമം. അന്നേദിവസമാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൂര്‍ണമായും ബ്രിട്ടന്‍ വിട്ടുപോരുക.

 

 

 

ഡികെ

comments


 

Other news in this section