Sunday, July 21, 2019

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് അയര്‍ലണ്ടില്‍ തിരിച്ചെത്തുന്നു; പുതുവര്‍ഷത്തില്‍ ശൈത്യം കഠിനമാകുമെന്ന് മെറ്റ് ഐറാന്‍

Updated on 02-01-2019 at 7:38 am

ഡബ്ലിന്‍: തണുത്തുറഞ്ഞ ക്രിസ്മസ് ന്യു ഇയര്‍ സീസണാണ് അയര്‍ലണ്ടില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും അത്രയ്ക്കും കടുപ്പമാകാത്ത സുഖകരമായ കാലാവസ്ഥയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ത്തിയായി. ഇനി ശ്രദ്ധ മുഴുവന്‍ പുതുവര്‍ഷത്തിലേക്കാണ്. കൂടുതല്‍ ദുരിതം വരുത്താതെ കടന്നുപോയ ഡിസംബറിലെ മഞ്ഞുകാലത്തിന് ശേഷം ജനുവരിയില്‍ അതിശൈത്യകാലത്തിന് തുടക്കമാകുന്നുവെന്ന സൂചന നല്‍കി രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്ന് മെറ്റ് ഐറാന്‍ സൂചന നല്‍കി. ആര്‍ട്ടിക്കില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് അയര്‍ലന്റിനെ കൊടുംതണുപ്പിലേക്ക് നയിക്കുന്നത്. കഴിഞ്ഞ വിന്ററില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കിയ ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ രണ്ടാം പതിപ്പ് ഈ വര്‍ഷം ആദ്യമാസത്തില്‍ പ്രതീക്ഷിക്കാം. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് തിരിച്ചെത്തുമെന്നാണ് ചിലര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അയര്‍ലണ്ടിന്റെ എല്ലുവരെ മരവിപ്പിച്ച കാലാവസ്ഥ തിരിച്ചെത്തുമെന്ന വിവരം നല്‍കുന്ന ആശങ്ക ഒട്ടും ചെറുതല്ല. ശൈത്യത്തിന്റെ കാഠിന്യം ഏറുമെന്നതിനാല്‍ ഐസ് വാണിംഗും നല്‍കിക്കഴിഞ്ഞു. പല ഭാഗങ്ങളിലും ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്.

കിഴക്ക് നിന്നുമുള്ള ന്യൂനമര്‍ദ്ദം അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള തണുത്ത കാറ്റുകളുമായി ചേര്‍ന്നാണ് അപ്രതീക്ഷിതമായി ശൈത്യം വര്‍ധിപ്പിച്ചത്. ഇതോടെ മഞ്ഞ് കൊടുങ്കാറ്റും, തണുത്ത് മരവിപ്പിക്കുന്ന കാറ്റും ഈസ്റ്റ് ഭാഗത്ത് നിന്നും വീശിയടിക്കും. കഴിഞ്ഞ വര്‍ഷം ആദ്യം റെക്കോര്‍ഡ് തകര്‍ത്ത തണുപ്പിനെ മറികടന്ന് ഇത്തവണ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക. താരതമ്യേന സുഖകരമായ നിലവിലെ കാലാവസ്ഥ തകിടം മറിയുമെന്നാണ് കരുതുന്നത്. ശൈത്യത്തിന്റെ കടുപ്പം ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങും. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് ഇന്നലെ രാത്രി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇത് തുടരുമെന്നും രാത്രിയില്‍ ശൈത്യകാറ്റും തണുപ്പും നിറഞ്ഞതാകുമെന്ന് കേന്ദ്രം അറിയിച്ചു. ഇടയ്ക്കിടെ മഴയും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പകല്‍ താപനിലയില്‍ ഭേദപ്പെട്ട ഉയര്‍ച്ച ഉണ്ടാകുമെങ്കിലും രാത്രിയില്‍ മൈനസ് 2 ഡിഗ്രിയ്ക്കും 2 ഡിഗ്രിക്കും ഇടയിലാകും താപനില. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റഷ്യ, ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ താപനിലയായിരിക്കും മിക്ക പ്രദേശങ്ങളിലും ഈ ആഴ്ചയില്‍ അനുഭവപ്പെടുക.

വരുന്ന ആഴ്ചകളിലും അയര്‍ലണ്ടില്‍ താപനില താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ ഇല്ലാത്ത കൊടുംതണുപ്പാവും ഇനി ഉണ്ടാവുക. ഈ ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം. അതായത് വളരെ നേരിയ തോതില്‍ ആരംഭിച്ച ശൈത്യം പിന്നീട് മൂര്‍ധന്യത്തിലെത്തുകയായിരിക്കും ചെയ്യുന്നതെന്നാണ് അധികൃതര്‍ മുന്നറിയിപ്പേകുന്നത്. ചെറിയ തോതിലാണ് ശൈത്യം തുടങ്ങിയതെങ്കിലും പുലര്‍കാലങ്ങളില്‍ പൊടിമഞ്ഞും പുകമഞ്ഞും കടുത്ത ഭീഷണി ഉയര്‍ത്തുമെന്നും മുന്നറിയിപ്പുണ്ട്.

ശൈത്യം തുടങ്ങിയപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ മഴയും മഞ്ഞുവീഴ്ചയും ചേര്‍ന്ന് ദുരിത കാലാവസ്ഥയായിരുന്നു. റോഡുകളില്‍ വെള്ളപ്പൊക്കവും മഞ്ഞുവീഴ്ചയും മൂലം യാത്രാ തടസവും ഏറി വാരാന്ത്യം ദുരിതമാകാനാണ് സാധ്യത. ആര്‍ട്ടിക് മേഖലയില്‍ നിന്നും വീശുന്ന കാറ്റുകള്‍ അയര്‍ലണ്ടിലെ രാത്രികാല താപനില കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് 2 ഡിഗ്രിയില്‍ എത്തിച്ചിരുന്നു. പകല്‍ സമയം രാജ്യത്ത് 9 ഡിഗ്രിക്കും 14 ഡിഗ്രിക്കും ഇടയിലാണ് താപനില. അപകടകരമായ കാലാവസ്ഥ കാരണം മിക്ക റോഡുകളിലും റെയില്‍ പാതകളിലും യാത്രാ തടസമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

പ്രതികൂലമായ കാലാവസ്ഥയില്‍ അപകടകരമായ ഡ്രൈവിംഗ് അവസ്ഥകളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് റോഡുകളിലും റെയില്‍ നെറ്റ് വര്‍ക്കുകളിലും ദീര്‍ഘനേരം സമയം വൈകലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. എയര്‍പോര്‍ട്ടുകളിലും പ്രതികൂലമായ കാലാവസ്ഥ മൂലം വിമാനങ്ങള്‍ സമയം വൈകി പറക്കുകയും ചെയ്യും. പുകമഞ്ഞ് പോലുള്ളവ ഈ അവസരത്തില്‍ പെട്ടെന്ന് പരക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം.

 

 

 

 

 

 

 

 

 

എ എം

comments


 

Other news in this section