Friday, December 15, 2017

ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ട്; അയോധ്യയില്‍ ജാഗ്രത, സുരക്ഷ കര്‍ശനമാക്കി

Updated on 06-12-2017 at 10:27 am

 

ബാബറി മസ്ജിദ് തകര്‍ത്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയും പരിസരപ്രദേശങ്ങളും കനത്ത ജാഗ്രതയില്‍. രാജ്യത്തെ വര്‍ഗീയ കലാപത്തിലേക്ക് നയിച്ച സംഭവത്തില്‍ ക്ഷേത്രപരിസരങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന വേളയില്‍ ഒരു വിഭാഗം കരിദിനം ആചരിക്കുമ്പോള്‍ മറുവശത്ത് വിശ്വഹിന്ദു പരിഷത്ത് ‘ശൗര്യ ദിവസ്’ എന്ന പേരിലാണ് കൊണ്ടാടുന്നത്. സുരക്ഷ ഉറപ്പുവരുത്താന്‍ അയോധ്യയിലും നഗരത്തിന്റെ എല്ലാഭാഗങ്ങളിലും പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും വിന്യസിച്ചിരിക്കുകയാണ്. അനിഷ്ട സംഭവമുണ്ടാകാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും മാര്‍ക്കറ്റ്, ക്ഷേത്രപരിസരം, പള്ളികള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും കൂടുതല്‍ സേനയെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതായാണ് വിവരം. 1992 ഡിസംബര്‍ ആറിനാണ് കര്‍സേവക് പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.

 

ഡികെ

 

comments


 

Other news in this section