Saturday, September 22, 2018

ഫോണ്‍ തട്ടിപ്പ് കേരളത്തിലും വ്യാപകമാകുന്നു; വിദേശ നമ്പറുകളില്‍ നിന്നുള്ള അജ്ഞാത കോളുകള്‍ സ്വീകരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്

Updated on 08-07-2018 at 9:57 am

നിരവധിയാളുകളുടെ ഫോണുകളിലേക്ക് വിദേശത്ത് നിന്നും തട്ടിപ്പ് ഫോണ്‍ വിളികള്‍ വരുന്നുണ്ടെന്നും സൂക്ഷിക്കണമെന്നും കേരളാ പോലീസിന്റെ മുന്നറിയിപ്പ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നാണ് അജ്ഞാത ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ മുതല്‍ ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നാണ് വിവരം. വൈകീട്ടോടെയാണ് തട്ടിപ്പുഫോണ്‍വിളികളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്. +5 ല്‍ തുടങ്ങുന്ന നിരവധി നമ്പറുകളില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. ഈ നമ്പറില്‍ നിന്നുള്ള മിസ്ഡ് കോള്‍ കണ്ട് തിരികെ വിളിച്ചവരുടെ ഫോണ്‍ബാലന്‍സ് വന്‍തോതില്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫോണ്‍ വിളി അറ്റന്‍ഡ് ചെയ്തപ്പോള്‍ മറുപുറത്ത് നിന്നും ഇംഗ്ലീഷ് ഭാഷയില്‍ ചീത്തവിളി കേള്‍ക്കേണ്ടി വന്നവരുണ്ട്. അതേസമയം ഫോണ്‍ എടുത്തപ്പോള്‍ അപ്പുറത്ത് നിന്നും ഒന്നും കേട്ടില്ലെന്നും ചിലര്‍ പറയുന്നു. +591, +365, +371, +381, +563, +370, +255, +1869,+993 എന്നീ നമ്പറുകളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നും തട്ടിപ്പുഫോണ്‍കോളുകള്‍ വരുന്നുണ്ട്. +5 ല്‍ തുടങ്ങുന്ന നമ്പര്‍ ബൊളീവിയയില്‍ നിന്നാണെന്നാണ് സ്മാര്‍ട്ഫോണുകളില്‍ കാണിക്കുന്നത്. പോലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നു. അതേസമയം കസാഖിസ്ഥാന്‍, ഇറാഖ്, ഇറാന്‍, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ നമ്പറുകളില്‍ നിന്നും ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും നിരവധിയാളുകള്‍ പറയുന്നു.

ഈ രാജ്യങ്ങളില്‍ നിന്നു തന്നെയാണോ യഥാര്‍ത്ഥത്തില്‍ കോളുകള്‍ വരുന്നതെന്നോ അല്ലെങ്കില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ അവയെന്നോ വ്യക്തമല്ല. ഈ നമ്പറുകളിലേക്ക് തിരികെ വിളിക്കരുതെന്നും സംഭവത്തില്‍ പോലീസിന്റെ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

#keralapolice #fakecalls #policealert

Posted by Kerala Police on Saturday, July 7, 2018

എ എം

comments


 

Other news in this section