Wednesday, April 25, 2018

ഫൈന്‍ ഗെയ്ല്‍ നായകന്‍ പടിയിറങ്ങുന്നു…ഇനിയെന്ത്?

Updated on 18-05-2017 at 8:12 am

ഡബ്ലിന്‍: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഫൈന്‍ ഗെയ്ല്‍ നായകന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങി. ഇന്നലെ അര്ധരാത്രിയിലാണ് ഔദ്യോഗികമായി തന്റെ രാജി പ്രഖ്യാപനം കെന്നി അറിയിച്ചത്. അടുത്ത നേതാവ് വരുന്നത് വരെ ആക്ടിങ് ലീഡര്‍ ആയി കെന്നി തുടര്‍ന്നേക്കും. ഇന്ന് ചേരുന്ന ഫൈന്‍ ഗെയ്ല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതൃത്വ സ്ഥാനവുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്ന് പറയപ്പെടുന്നു.

പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ എന്നിവിടങ്ങളില്‍ പാര്‍ട്ടി ചര്‍ച്ചകള്‍ സജീവമാക്കും. ഇത് ലൈവ് ബ്രോഡ്കാസ്റ്റ് ആയി പുറത്തു വിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ജൂണില്‍ നടക്കുന്ന വോട്ടെടുപ്പില്‍ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. ജൂണ്‍ 13 നു ശേഷം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും അഭിപ്രായമുയരുന്നുണ്ട്. സ്ഥാനമൊഴിഞ്ഞ എന്റാക്ക് എല്ലാ പാര്‍ട്ടിയില്‍ നിന്നും ആശംസകള്‍ നേരുന്നതായി രാഷ്ട്രീയ നേതാക്കള്‍ വ്യക്തമാക്കി.

ബ്രിട്ടനുമായി അടുത്ത ബന്ധം സ്ഥാപിച്ച കരുത്തനായ നേതാവിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ആശംസ അര്‍പ്പിച്ചു. പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്ന വാര്‍ത്ത പ്രഖ്യാപിച്ചപ്പോള്‍ എന്റാ ഏറെ വികാരാധീനനായി കാണപ്പെട്ടത് മാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും അച്ഛന്‍ ഹെന്‍ട്രി കെന്നിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപ തിരഞ്ഞെടുപ്പിലൂടെയാണ് കെന്നി 1975 -ല്‍ ആദ്യമായി മന്ത്രിസഭയിലെത്തുന്നത്. മന്ത്രിസഭയിലെ യുവ ടി.ഡി ആയിട്ടായിരുന്നു രംഗ പ്രവേശം. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ ഫൈന്‍ ഗെയ്ല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷസ്ഥാനം അലങ്കരിച്ച് രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു കെന്നി.

2011 -ല്‍ ഫൈന്‍ ഗെയ്ലിനെ അധികാരത്തിലെത്തിക്കാന്‍ കെന്നി കാണിച്ച നിശ്ചയദാര്‍ഢ്യവും ഐറിഷ് രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. 30 വര്‍ഷത്തെ തളര്‍ച്ചക്കു ശേഷം അധികാരത്തിലെത്തിച്ച് 2016 -ല്‍ വീണ്ടും പാര്‍ട്ടിയെ വിജയപഥത്തിലെത്തിച്ച പ്രഗല്‍ഭ്യവും കെന്നിക്ക് സ്വന്തമാണ്. രാഷ്ട്രീയ ജീവിതത്തിനിടയില്‍ ലിന്‍സ്റ്റര്‍ ഹൗസില്‍ വെച്ച് കണ്ടുമുട്ടിയ ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ വാര്‍ത്താ വിഭാഗം കൈകാര്യം ചെയ്യുന്ന ഫിയോനാല എന്ന യുവതി പില്‍കാലത്ത് എന്റായുടെ ജീവിത സഖിയുമായി മാറി. ഗവണ്മെന്റ് പ്രസ്സ് സെക്രട്ടറി ആദ്യ വനിതാ എന്ന പദവിയും ഫിയോനാലക്ക് സ്വന്തമായി. രാഷ്ട്രീയത്തില്‍ എന്റായുടെ കരു നീക്കങ്ങള്‍ക്ക് വലംകൈ ആയിരുന്ന ഭാര്യ ഫിയോനലായാണ് എന്റയിലെ രാഷ്ട്രീയ പ്രതിഭയുടെ മാറ്റ് കൂട്ടിയത്.

2011 -ല്‍ ജോണ്‍ ബ്രട്ടന്‍ പാര്‍ട്ടി നേതൃത്വ സ്ഥാനത്തു നിന്നും പുറത്തെത്തിയപ്പോള്‍ മുതല്‍ എന്റായുടെ ഊഴം ആരംഭിക്കുകയായിരുന്നു. 2002 -ല്‍ നടന്ന ജനറല്‍ ഇലക്ഷനില്‍ 23 സീറ്റുകള്‍ നഷ്ടപെട്ട ഫൈന്‍ ഗെയ്ലിനെ രാഷ്ട്രീയ മുന്നണിയിലെത്തിച്ചതും എന്റായുടെ ചാണക്യ തന്ത്രങ്ങളായിരുന്നു. പാര്‍ട്ടിയെ ശക്തമാക്കിയ കെന്നിയുടെ ഭരണകാലത്ത് അയര്‍ലണ്ടില്‍ പൊതു സമരങ്ങള്‍ അരങ്ങേറിയതും ചര്‍ച്ചക്ക് ഇടം നല്‍കി. അബോര്‍ഷന്‍ ബില്‍, വെള്ളവുമായി ബന്ധപ്പെട്ട ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന സമരങ്ങള്‍, നേഴ്സുമാര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍ തുടങ്ങി സമരങ്ങളുടെ നീണ്ട നിര ഭരണത്തിലെ ചില പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നതായിരുന്നു.

ആരോഗ്യ മേഖലയുടെ തകര്‍ച്ചയും എടുത്തു പറയാവുന്ന ദോഷ വശങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ യു.എസ്, യൂറോപ്യന്‍ യൂണിയന്‍, വടക്കന്‍ അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവയുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കെന്നിക്ക് കഴിഞ്ഞിരുന്നു. ഐക്യ അയര്‍ലന്‍ഡ് എന്നൊരു പുതിയ ആശയം മുന്നോട്ട് വെച്ചതും കെന്നി ആയിരുന്നു. അയര്‍ലണ്ടിന്റെ അടുത്ത നേതാവ് ആരായിരുന്നാലും എന്റാ മുന്നോട്ടു വെച്ച് ആശയങ്ങള്‍ തന്നെയാകും അവരും പിന്തുടരുക. ലിയോ വരേദ്കറിനാണ് ഈ സ്ഥാനം ലഭിക്കാന്‍ ഏറെ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

 

 

 
ഡി കെ

comments


 

Other news in this section