Sunday, September 15, 2019

ഫാ. മാര്‍ട്ടിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇനിയും വൈകും; അന്വേഷണം തുടരുന്നു

Updated on 13-07-2017 at 2:08 pm

മൂന്നാഴ്ച മുമ്പ് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ ഇനിയും വൈകും. ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നാണ് കഴിഞ്ഞയാഴ്ച സിഐഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളൂയെന്നുമാണ് സിഐഡി ഓഫിസര്‍, സഭയുടെയും ഫാ. മാര്‍ട്ടിന്റെയും പ്രതിനിധിയായ ഫാ. ടെബിന്‍ ഫ്രാന്‍സിസ് പുത്തന്‍പുരയ്ക്കലിനെ അറിയിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കഴിഞ്ഞമാസം ഇരുപതിന് ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് അച്ചനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫാ. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഇനിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ കോള്‍ലിസ്റ്റ് പരിശോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹത്തില്‍നിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതും. അന്വേഷണം പൂര്‍ത്തിയാകാതെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കാനാകില്ലെന്നു ഫിസ്‌കല്‍ ഓഫിസര്‍ ഡിക്ടക്റ്റീവിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളും പതോളജി റിപ്പോര്‍ട്ടിന്മേലുള്ള വിദഗ്ധസംഘത്തിന്റെ വിലയിരുത്തലും എല്ലാം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞയാഴ്ച മൃതദേഹം വിട്ടുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ സിഐഡിയുടെ അന്വേഷണത്തില്‍ മൊബൈല്‍ഫോണിന്റെ നഷ്ടം പ്രധാന സംശയകാരണമായതോടെ നടപടിനീളുകയായിരുന്നു. എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നും എഡിന്‍ബറോ രൂപതയില്‍നിന്നും നിരന്തരം പൊലീസ് ഉദ്യോഗസ്ഥരുമായും ഫിസ്‌കല്‍ ഓഫിസുമായും ബന്ധപ്പെട്ടു നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

 

comments


 

Other news in this section