Friday, May 24, 2019

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇറാന്‍ ജനതക്ക് പാപ്പയുടെ സഹായഹസ്തം; ഒരു ലക്ഷം യൂറോ അടിയന്തര സഹായം നല്‍കി ഫ്രാന്‍സിസ് പാപ്പ…

Updated on 17-04-2019 at 8:25 pm

വത്തിക്കാന്‍ സിറ്റി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇറാന്‍ ജനതയ്ക്ക് ഒരു ലക്ഷം യൂറോയുടെ അടിയന്തര ധനസഹായം നല്‍കി ഫ്രാന്‍സിസ് പാപ്പ. സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം വഴിയാണ് പണം കൈമാറിയത്. പ്രാദേശിക ന്യൂണ്‍ഷോ വഴിയായിരിക്കും അര്‍ഹതപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. ദുരിതമനുഭവിക്കുന്നവരോടുളള പാപ്പയുടെ ഐക്യദാര്‍ഢ്യവും കരുതലും പ്രകടമാക്കികൊണ്ടാണ് അടിയന്തര ധനസഹായം നല്‍കിയിരിക്കുന്നത്.

പ്രളയദുരന്തത്തിനിരയായവര്‍ എത്രയും വേഗത്തില്‍ സൗഖ്യം പ്രാപിക്കട്ടെയെന്നും ദൈവത്തിന്റെ കരുണക്കായി പ്രാര്‍ത്ഥിക്കുന്നതായും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി വഴി അറിയിച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ അറിയിച്ചു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ അതിയായ ഖേദമുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മനശക്തി ലഭിക്കട്ടെയെന്നും ശാരീരിക മാനസിക മുറിവുകള്‍ എത്രയും പെട്ടന്ന് ഉണങ്ങട്ടെയെന്നും പാപ്പ ആശംസിച്ചു.

പ്രളയദുരന്തത്തില്‍ 77 പേര്‍ മരിക്കുകയും ആയിരത്തിലധികം ആളുകള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും തുടര്‍ന്ന് അനേകം ആളുകള്‍ക്ക് ഭവനങ്ങള്‍ നഷ്ടമാവുകയും ഉപജീവനമാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ രണ്ട് ലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് മറ്റ് സ്ഥങ്ങളിലേയക്ക് കുടിയേറുകയും ചെയ്തു.

ഒന്നു മുതല്‍ മൂന്ന് ദശാംശം ആറു ബില്യന്‍ ഡോളര്‍ വരെയുള്ള നാശനഷ്ടമാണ് ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്. കത്തോലിക്ക ജീവകാരുണ്യ സംഘടനയായ കാരിത്താസും, റെഡ് ക്രസന്റ് സൊസൈറ്റിയും ഐക്യരാഷ്ട്ര സംഘടനയുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും.

comments


 

Other news in this section