Tuesday, August 14, 2018

പ്രളയക്കെടുതിയില്‍ കേരളം; 26 മരണം; 24 അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു

Updated on 10-08-2018 at 7:59 am

പ്രളയം തുടരുന്ന കേരളത്തില്‍ രക്ഷാദൗത്യവുമായി വിവിധ സേനകള്‍ രംഗത്തിറങ്ങി. മഴ തുടരുകയും നദികള്‍ കരകവിയുകയും ഇടുക്കിയടക്കമുള്ള 22 ഡാമുകള്‍ തുറന്നുവിടുകയും പലേടത്തും ഉരുള്‍പൊട്ടുകയും ചെയ്തതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ചീഫ് സെക്രട്ടറി ടോംജോസ് സൈന്യത്തെ വിളിച്ചത്. യുദ്ധമുഖത്തെന്നപോലെ അഞ്ച് കേന്ദ്രസേനകള്‍ 6 ജില്ലകളില്‍ രക്ഷാദൗത്യത്തിനിറങ്ങി. കര, വ്യോമ, നാവിക, തീരസംരക്ഷണസേനകളും ദേശീയദുരന്തനിവാരണസേനയുമാണ് രംഗത്തിറങ്ങിയത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ജീവന്‍രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ ആറുജില്ലകളില്‍ നടക്കുന്നത്.

കനത്ത മഴ തുടരുന്നതും ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ വെള്ളമെത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസ് തടസപ്പെടുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ രണ്ടു മണിക്കൂറോളം വിമാനങ്ങളുടെ ലാന്‍ഡിങ് നിര്‍ത്തിവച്ചിരുന്നു. പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊകി വരുന്ന വെള്ളം വിമാനത്താവളത്തില്‍ കയറും. മഴ കുറയാത്ത സ്ഥിതിയ്ക്ക് എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം വരാം. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ലഎങ്കിലും ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള വഴികളിലും വെള്ളം കയറി. റണ്‍വേയില്‍ നനവുണ്ട് എങ്കില്‍ പരിശോധിച്ച ശേഷമേ ലാന്‍ഡിങ് അനുവദിക്കൂ. ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കൂടുകയാണ്.

പെരിയാറിന്റെ ഇരുകരകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിയ്ക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങി ആലുവയിലെ ഏലൂര്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളില്‍റോഡിലും വീടുകളിലും വെള്ളം കയറി. . ഏലൂര്‍, കുറ്റിക്കാട്ടുകര പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ശിവരാത്രി മണപ്പുറം പൂര്‍ണമായും വെള്ളത്തിനടിയിലായതോടെ ബലിതര്‍പ്പണം ഉയര്‍ന്ന പ്രദേശത്തേക്കു മാറ്റേണ്ടിവരും.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ വിഭാഗങ്ങളും പെരിയാറിന്റെ ഇരുഭാഗത്തും സജ്ജമായി നില്‍ക്കുകയാണ്. ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായ സാഹചര്യമാണിപ്പോഴുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ഗൗരവതാരമാണ് എന്ന വിവരമാണ് മുഖ്യമന്ത്രി പങ്കുവച്ചത്.

അടിയന്തര പരിതസ്ഥിതി കണക്കിലെടുത്ത് സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയബാധിത മേഖലയായ കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രളയബാധിത മേഖലയായ കേരളത്തില്‍ സഞ്ചരിക്കരുതെന്ന് വ്യാഴാഴ്ചയാണ് അമേരിക്കന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

എ എം

comments


 

Other news in this section