Sunday, March 24, 2019

പോകുന്നതിന് മുമ്പ് ജയ്റ്റ്‌ലിയെ കണ്ടിരുന്നതായി വിജയ് മല്യ; ഇല്ലെന്ന് ജയ്റ്റ്‌ലി; അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍

Updated on 13-09-2018 at 6:52 am

ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ വെട്ടിലാക്കി.സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്ക് ബിജെപിയുമായും കേന്ദ്ര സര്‍ക്കാരിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്നും അവര്‍ക്ക് രാജ്യം വിടാന്‍ സഹായമൊരുക്കിയെന്നുമുള്ള ആരോപണങ്ങളെ ശരിവെക്കുന്നതായിരുന്നു മല്യയുടെ വെളിപ്പെടുത്തല്‍.

മല്യയ്ക്കെതിരെ സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടിസ് അപ്രത്യക്ഷമായതെങ്ങനെയെന്ന ചോദ്യം വീണ്ടും ശക്തമാകുന്നു. മല്യ നാടു വിടുമ്പോള്‍ രാജ്യസഭാ എം.പിയായിരുന്നു. എന്നാല്‍, അദ്ദേഹത്തിനെതിരേ സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടിസ് നിലവിലുണ്ടായിരുന്നു. പക്ഷേ, 2016 മാര്‍ച്ച് രണ്ടിനു ദല്‍ഹി വിമാനത്താവളത്തില്‍ 12 പെട്ടികളുമായി ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ കയറാനെത്തിയ സമയത്ത് മല്യയുടെ പേരിലുള്ള ലുക്ക് ഔട്ട് നോട്ടിസും തടയുക (ഡിറ്റെയിന്‍) എന്ന അറിയിപ്പും കംപ്യൂട്ടറില്‍നിന്ന് മാറിയിരുന്നു. ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയ എല്ലാ പ്രമുഖ വ്യവസായികളുടെയും വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ അറിയിച്ചിരുന്നു എന്നും ഒരു നടപടിയും ഉണ്ടായില്ല എന്നുമുള്ള റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതും മല്യയുടെ വെളിപ്പെടുത്തലും പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുകയാണ്.

നേരത്തെ വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വായ്പ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുന്‍പ് വിവാദ വ്യവസായി വിജയ് മല്യ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കന്മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ രാഹുല്‍ അന്ന് തയാറായിരുന്നില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വായ്പ്പാത്തട്ടിപ്പ് കേസില്‍ രാജ്യം വിടുന്നതിന് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ധനമന്ത്രി സ്ഥാനത്ത് നിന്ന് അന്വേഷണം കഴിയുന്നത് വരെ മാറി നില്‍ക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.

2016 ല്‍ ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് മല്യ ജനീവ വഴി ലണ്ടനിലേക്ക് പോകുന്നതിനു മുന്‍പു തന്നെ മോദി സര്‍ക്കാരിന് അദ്ദേഹത്തിന്റെ ബാങ്ക് തട്ടിപ്പുകളുടെ പൂര്‍ണവിവരം അറിയാമായിരുന്നു എന്നു കൂടിയാണ് വ്യക്തമായത്. ഇന്ത്യ വിടുന്നതിന് മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിജയ് മല്യ ഇന്നലെ ലണ്ടനില്‍ വെസ്റ്റ് മിനിസിറ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ മല്യയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് അരുണ്‍ ജെയ്റ്റലി രംഗത്തെത്തി. മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിശദീകരണക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 2014 മുതല്‍ ഒരിക്കല്‍ പോലും മല്യയ്ക്ക് താനുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യസഭാംഗമായിരുന്ന സമയത്ത് മല്യ ഇടയ്ക്കിടെ സഭയില്‍ വരുമായിരുന്നു. ഇതിനിടയില്‍ ഒരു ദിവസം സഭയില്‍ നിന്ന് മുറിയിലേക്ക് മടങ്ങുംവഴി അടുത്തെത്തി ബാങ്കുകളുമായി ധാരണയിലെത്താന്‍ തയാറാണെന്നു പറഞ്ഞിരുന്നുവെന്ന് ജെയ്റ്റലി പറഞ്ഞു. എന്നാല്‍ ഈ കാര്യം തന്നോട് സംസാരിച്ചിട്ട് കാര്യമില്ലെന്നും ബാങ്കുകളുമായാണ് ധാരണയിലെത്തേണ്ടതെന്നും പറഞ്ഞതായി മറുപടി നല്‍കിയെന്നും ജെയ്റ്റലി വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിവിധ ബാങ്കുകളില്‍നിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു.

 

The statement of Vijay Mallaya that he met me & offered settlement is factually false in as much as it does not reflect…

Posted by Arun Jaitley on Wednesday, September 12, 2018

Since he was a Member of Rajya Sabha and he occasionally attended the House, he misused that privilege on one occasion,…

Posted by Arun Jaitley on Wednesday, September 12, 2018

‪I did not even receive the papers that he was holding in his hand. Besides this one sentence exchange where he misused…

Posted by Arun Jaitley on Wednesday, September 12, 2018

 

comments


 

Other news in this section