Wednesday, November 14, 2018

പാപ്പയെ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു; മുന്‍കൂട്ടി ബുക്ക് ചെയ്ത് പതിനായിരക്കണക്കിന് പേര്‍

Updated on 15-08-2018 at 2:02 pm

ഡബ്ലിന്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ലോക കുടുംബ സംഗമത്തോടനുബന്ധിച്ച് അയര്‌ലണ്ടിലെത്താന്‍ ഇനി ദിവസങ്ങള്‍മാത്രം. ഓഗസ്റ്റ് 21മുതല്‍ 26വരെയുള്ള ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ലോകമെമ്പാടുനിന്നും എത്തുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെ സ്വീകരിക്കാന്‍ അയര്‍ലന്‍ഡ് ഒരുങ്ങിക്കഴിഞ്ഞു. ഫ്രാന്‍സിസ് പാപ്പ ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്.

1994ല്‍ റോമില്‍ തുടക്കംകുറിച്ച ഡബ്ല്യു.എം.ഒ.എഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ (വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാ മിലീസ്) ഒന്‍പതാമത് കൂട്ടായ്മയ്ക്കാണ് അയര്‍ലന്‍ഡ് വേദിയാവുക. ലോക കുടുംബസംഗമത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം അയര്‍ലന്‍ഡിന് ലഭിക്കുന്നത് ആദ്യമായാണ്. നാലു പതിറ്റാണ്ടിനുശേഷമാണ് ഒരു പാപ്പ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നത്. 1979ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് അയര്‍ലന്‍ഡില്‍ ഇതിനുമുന്‍പ് സന്ദര്‍ശനം നടത്തിയത്.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസ ജീവിതം ജ്വലിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കുംവിധമുള്ള പരിപാടികളാണ് ലോക കുടുംബസംഗമത്തില്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 26ന് ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന സമാപന തിരുകര്‍മങ്ങളില്‍ തിരക്കുമൂലം അഞ്ച് ലക്ഷം പേര്‍ക്കുമാത്രമാണ് പാസ് ലഭ്യമാക്കിയിട്ടുള്ളത്.

ഓഗസ്റ്റ് 21ന് പ്രധാനവേദിയായ ഡബ്ലിനില്‍ ഉള്‍പ്പെടെ അയര്‍ലന്‍ഡിലെ 26 രൂപതകളിലും ഒരേ സമയം ഉദ്ഘാടന ശുശ്രൂഷകള്‍ നടക്കുന്നു എന്നതാണ് പ്രധാന സവിശേഷത. എല്ലായിടത്തും കത്തീഡ്രലുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഉദ്ഘാടനം. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് എക്യൂമെനിക്കല്‍ രീതിയിലാണ് ഗാനശുശ്രൂഷ ഉള്‍പ്പെടെയുള്ള സായാഹ്ന പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്.

റോയല്‍ ഡബ്ലിന്‍ സൊസൈറ്റിയാണ് ആഗസ്റ്റ് 22മുതല്‍ 24വരെയുള്ള പാസ്റ്ററല്‍ കോണ്‍ഗ്രസിന്റെ പ്രധാന വേദി. ക്ലാസുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, വിനോദപരിപാടികള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്ന കോണ്‍ഗ്രസില്‍ നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്കും 13 മുതല്‍17 വയസുവരെയുള്ള യുവജനങ്ങള്‍ക്കും അഭിരുചിക്കനുസരിച്ചുള്ള വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

കുടുംബ സംഗമത്തിലെ വര്‍ണാഭവും ആകര്‍ഷകവുമായ ‘ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസി’ന് പ്രശസ്തമായ കോര്‍ക്ക് പാര്‍ക്ക് സ്റ്റേഡിയമാണ് വേദി. ഓഗസ്റ്റ് 25 വൈകിട്ട് 6.30ന് ആരംഭിക്കുന്ന പരിപാടികളില്‍ 70,000 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പാപ്പയുടെ സന്ദേശത്താന്‍ അവിസ്മരണീയമാകുന്ന ഈ ദിനം, ജീവിതത്തിലെ പ്രതിസന്ധികളിലും ഇടര്‍ച്ചകളിലും വിശ്വാസം നഷ്ടപ്പെടാതെ മുന്നേറിയ അഞ്ച് കുടുംബങ്ങളുടെ ഹൃദയസ്പര്‍ശിയായ ജീവിത സാക്ഷ്യങ്ങള്‍കൊണ്ടും ശ്രദ്ധേയമാക്കും.

അയര്‍ലന്‍ഡ്, കാനഡ, ഇന്ത്യ,ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള കുടുംബങ്ങളാണ് അനുഭവം പങ്കുവെക്കുക. ക്ഷമയും സ്നേഹവും പ്രത്യാശയും ശക്തിപകര്‍ന്ന ആ ജീവിതസാക്ഷ്യങ്ങള്‍ ആധുനിക കാല വെല്ലുവിളികളില്‍ അടിപതറുന്ന അനേകം കുടുംബങ്ങള്‍ക്ക് നുറുങ്ങുവെട്ടമാകും. അന്തര്‍ദേശീയതലങ്ങളില്‍ പ്രശസ്തരായ ആയിരക്കണക്കിന് കലാകാരന്മാര്‍ അണിനിരക്കുന്ന കലാവിരുന്നും ഫെസ്റ്റിവെല്‍ ഓഫ് ഫാമിലീസിനെ അതിവിശേഷമാകും.

ഓഗസ്റ്റ് 26 ഉച്ചതിരിഞ്ഞ് 3.00ന് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് കുടുംബ സംഗമത്തിന് തിരശീല വീഴുന്നത്. ഫോണിക്സ് പാര്‍ക്കില്‍ ചരിത്ര സംഭവമാകാന്‍ പോകുന്ന സമാപന തിരുക്കര്‍മങ്ങളില്‍ അഞ്ച് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. തിരക്കുകള്‍ കുറയ്ക്കാന്‍ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗതമാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട് സംഘാടകര്‍. മാത്രമല്ല, സമാപനദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് എല്ലാ ട്രാന്‍സ്പോര്‍ട്ട് കമ്പനികളും സൗജന്യയാത്ര അനുവദിച്ചിട്ടുമുണ്ട്.

കുടുംബസമാഗമത്തില്‍ 116 നാടുകളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കെടുക്കും. 18 വയസ്സില്‍ താഴെ പ്രായമുള്ള 6000 ത്തോളംപേര്‍ ഇതില്‍ സംബന്ധിക്കുമെന്നു കരുതപ്പെടുന്നു. പാപ്പായുമൊത്തു ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് 85000 വും ഫീനക്‌സ് പാര്‍ക്കില്‍ ദിവ്യബലിയില്‍ സംബന്ധിക്കുന്നതിന് 5 ലക്ഷവും പേര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

 

എ എം

comments


 

Other news in this section