Friday, January 18, 2019
Latest News
ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം    കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ    ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.    സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.    കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു   

പാത്രിയര്‍ക്കീസ് ബാവ മെല്‍ബണിലെ യാക്കോബായ, ക്‌നാനായ ഇടവകാംഗങ്ങളെ സന്ദര്‍ശിക്കുന്നു

Updated on 08-11-2017 at 9:00 am

മെല്‍ബണ്‍: പരിശുദ്ധ പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന ഇടയന്മാരുടെ ഇടയന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവ തന്റെ ഓസ്‌ട്രേലിയ ശ്ലൈഹീക സന്ദര്‍ശന മദ്ധ്യേ മെല്‍ബണ്‍ പ്രദേശത്തുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളികളുടെ കീഴിലുള്ളതും യാക്കോബായ സഭയുടെയും ക്‌നാനായ സഭയുടെയും പള്ളികളുടെ കീഴിലുള്ളതുമായ ആത്മീയ മക്കളെ സന്ദര്‍ശിക്കുന്നതിന് മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നവംബര്‍ 8ന് എത്തിയപ്പോള്‍ ഈ സഭകളിലെ വൈദികരും ഇടവകജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

പരിശുദ്ധ പിതാവ് വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബണ്‍ സിറ്റിയിലുള്ള (419 സെന്റര്‍ ഡാന്‍ഡിനോങ്ങ് റോഡ്, ഹെതര്‍ട്ടണ്‍) സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയം സന്ദര്‍ശിക്കുന്നതിനായി നവംബര്‍ 11നു 11:00 മണിക്ക് എത്തിച്ചേരുമ്പോള്‍ ഈ പള്ളിയും, കൂടാതെ സെന്റ് മേരിസ് ഫ്രാങ്ക്സ്റ്റന്‍, സെന്റ് മേരിസ് ഷെപ്പെര്‍ട്ടന്‍, സെന്റ് തോമസ് ക്രേഗീബണ്‍, സെന്റ് പീറ്റര്‍സ് ക്‌നാനായ ഹൈഡല്‍ബര്‍ഗ് എന്നീ ഇടവകകളും സംയുക്തമായി ഒരു വന്‍ സ്വീകരണമാണ് നല്‍കുന്നത്. കുരുത്തോലകള്‍, കൊടികള്‍, മുത്തുക്കുടകള്‍ കുരിശുകള്‍ തുടങ്ങി തനി കേരളീയ തനിമയില്‍ വൈദീകരും ജനങ്ങളും ഒത്തൊരുമിച്ചു ഹൃദ്യമായി ആലപിക്കുന്ന തോബ് ശ്ലോമോ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ ഇടയശ്രേഷ്ഠനും മഹാപുരോഹിതനുമായ പരിശുദ്ധ പിതാവിനെ സ്വീകരിക്കും.

വിശുദ്ധ ദേവാലയത്തിലെ പരിശുദ്ധനായ മോര്‍ ഗീവര്‍ഗീസ് സഹദായുടെയും ദൈവമാതാവായ വിശുദ്ധ കന്യക മറിയാമിന്റെയും മലങ്കരയുടെ മഹാപരിശുദ്ധനായ മോര്‍ ഗ്രിഗോറിയോസിന്റെയും നാമത്തിലുള്ള ബലിപീഠങ്ങളില്‍ പരിശുദ്ധ പിതാവ് ധൂപാര്‍പ്പണം നടത്തുകയും ശേഷം ദേവാലയത്തെയും സദസ്സിനെയും ശ്ലൈഹീക വാഴ്വ് നല്‍കി അനുഗ്രഹിക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രഭാഷണം നടത്തി പരിശുദ്ധ പിതാവ് ഭക്തജനങ്ങളെ അനുഗ്രഹിക്കും. അതിനുശേഷം, വന്നു ചേരുന്ന എല്ലാവര്‍ക്കുമായി ഒരു സ്‌നേഹവിരുന്നും ഒരുക്കിയിരിക്കുന്നു.

2016 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂദാശകര്‍മ്മം നടത്തി ആരാധന നടത്തിവരുന്ന സെന്റ് ജോര്‍ജ് ദേവാലയം ശില്പമനോഹരസൃഷ്ടിയായി പ്രകൃതി സൌന്ദര്യം നിറഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുമ്പോള്‍ മോര്‍ ബസേലിയോസ് യല്‍ദോ ബാവായുടെ നാമത്തിലുള്ള കല്‍ക്കുരിശ് ഒരു തിലകക്കുറിയായി ശോഭിക്കുന്നു.

പരിശുദ്ധ പിതാവിന്റെ ഈ ശ്ലൈഹിക സന്ദര്‍ശനം എല്ലാവര്‍ക്കും ഈ പ്രദേശത്തിനും അനുഗ്രഹത്തിനും ഐശ്വര്യത്തിനുമായി ഭവിക്കുവാന്‍ ഇടവക മെത്രാപോലിത്ത മോര്‍ യുഹാനോന്‍ മിലിത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളിലെയും ഭക്തജനങ്ങളും ഭരണസമിതിയും ഭക്തസംഘടനകളും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

 

വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍

 

comments


 

Other news in this section