Sunday, July 21, 2019

പദ്ധതികള്‍ നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം; മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി

Updated on 12-03-2017 at 2:14 pm

അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഇന്നസെന്റ് എംപി. 2017-18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചാലക്കുടിയിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മികച്ച പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും മണ്ഡലത്തിന് പ്രയോജനകരമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കുമെന്നും ഇന്നസെന്റ് എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിക്കുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 ലക്ഷം പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കായി മാറ്റി വക്കണം. ബാക്കിയുള്ള 3.75 കോടിയോളം രൂപയാണ് ജനറല്‍ വിഭാഗ പദ്ധതികള്‍ക്കായി ലഭിക്കുക. ഈ മൂന്ന് വിഭാഗങ്ങളിലുമുള്ള ഒരോരോ പദ്ധതികള്‍ നിര്‍ദേശിക്കാവുന്നതാണ്. ഒന്നിലധികം പദ്ധതികളും തരാം. മികച്ചത് തെരഞ്ഞെടുത്ത് നടപ്പാക്കും. നിര്‍ദ്ദേശിച്ചയാള്‍ക്ക് പുരസ്‌കാരവും നല്‍കും. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 31ന് മുമ്പായി എം.പി ഓഫീസ്, സെന്റ് ജോര്‍ജ്ജ് ബസിലിക്കയ്ക്ക് സമീപം, അങ്കമാലി പി.ഒ, ഫോണ്‍: 0484 2452644 / chalakkudymp@gmail.com എന്നീ വിലാസങ്ങളില്‍ അയക്കുക.

ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ എംപി ഫണ്ടുപയോഗിച്ച് ആസ്തി നിര്‍മ്മാണം ആണ് ഏറ്റെടുക്കാനാവുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ എംപി ഫണ്ട് ഉപയോഗിച്ച് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. ‘ശ്രദ്ധ കാന്‍സര്‍ പ്രതിരോധ പദ്ധതി’യിലെ 5 മാമോഗ്രാം യൂണിറ്റുകള്‍, ഡയാലിസിസ് യൂണിറ്റുകള്‍, ‘Go Smart’ സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി, സുരക്ഷിത യാത്ര സുന്ദരയാത്ര’ പദ്ധതി, പിന്നോക്ക ദളിത് ആദിവാസി മേഖലകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍, നാട്ടു വെളിച്ചം പദ്ധതി, താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വികസനം എന്നിവയെല്ലാം മാറ്റം കുറിക്കുന്നതായിരുന്നു. ഒരു കാര്യത്തില്‍ നിര്‍ബന്ധവുമുണ്ടായിരുന്നു. സ്വകാര്യ മേഖലയുടെ വികസനത്തിന് പൊതുപണം ചെലവഴിക്കില്ല എന്നതായിരുന്നു അത്. ഈ കാഴ്ചപ്പാടോടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥനയെന്നും ഇന്നസെന്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

 

 

comments


 

Other news in this section