Sunday, November 18, 2018

നോ ഡീല്‍ ബ്രെക്സിറ്റില്‍ യുകെയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് അയര്‍ലണ്ട് ചീഫ് ജസ്റ്റിസ്

Updated on 14-09-2018 at 8:31 am

നോ ഡീല്‍ ബ്രെക്‌സിറ്റാണ് നടപ്പാവുന്നതെങ്കില്‍ നിയമപരമായ കടുത്ത പ്രതിസന്ധിയാണ് യുകെ യെ കാത്തിരിക്കുന്നതെന്ന് അയര്‍ലന്‍ഡ് ചീഫ് ജസ്റ്റിസ് ഫ്രാന്‍ക് ക്ലാര്‍ക്കിന്റെ മുന്നറിയിപ്പ്. പൊതുവായ നിയമ സംവിധാനമുള്ള രാജ്യമെന്ന നിലയ്ക്ക് നിലവില്‍ അയര്‍ലണ്ടാണ് ഇയുവില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐറിഷ് കോടതിയിലെ ഔദ്യോഗിക ഭാഷ ഇംഗ്ളീഷും അയര്‍ലണ്ട് ഇയുവിന്റെ ഭാഗമായി തുടരുകയും ചെയ്യുന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ പുറമെ മൂന്നാമതൊരു രാജ്യവുമായി നിയമപരമായി വ്യക്തമായ ആശയ വിനിമയം നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നോ ഡീല്‍ ബ്രെക്സിറ്റ് നടപ്പിലായാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് കടുത്ത യാത്രാ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. റോഡ്, റെയില്‍, വിമാന യാത്രകളിലെല്ലാം പ്രശ്നങ്ങള്‍ നേരിട്ടേക്കാം എന്നാണ് മുന്നറിയിപ്പ്. ധാരണകളില്ലാത്ത ബ്രെക്സിറ്റാണ് നടപ്പാകുന്നതെങ്കില്‍ ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സാധുതയില്ലാത്തതായി മാറും. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേക പെര്‍മിറ്റുകള്‍ എടുക്കേണ്ട അവസ്ഥയും ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാകും. യൂറോസ്റ്റാര്‍ ട്രെയിന്‍ സര്‍വീസുകളെയും ബ്രിട്ടീഷ് വിമാന സര്‍വീസുകളെയും ബ്രെക്സിറ്റ് ബാധിച്ചേക്കാമെന്ന ഫ്രഞ്ച് യൂറോപ്പ് മിനിസ്റ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുകെയില്‍ നിര്‍മിക്കുകയും അംഗീകാരം നേടുകയും ചെയ്യപ്പെടുന്ന വാഹനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍പനയ്ക്ക് യോഗ്യതയില്ലാത്തതായി മാറുമെന്നും നോ ഡീല്‍ ഡോക്യുമെന്റുകള്‍ പറയുന്നു. യുകെ കാര്‍ വ്യവസായ മേഖലയ്ക്ക് ഇത് വന്‍ തിരിച്ചടി സമ്മാനിക്കും. രണ്ടു ദിവസം മുമ്പാണ് ജാഗ്വാര്‍ ലാന്‍ ഡ് റോവര്‍ തലവന്‍ തെരേസ മേയുടെ ബ്രെക്സിറ്റ് നയത്തിനെതിരെ രംഗത്തു വന്നത്. പ്രധാനമന്ത്രിയുടെ നയം കാര്‍ വ്യവസായ മേഖലയില്‍ പതിനായിരക്കണക്കിന് ആളുകളുടെ ജോലിയെ ബാധിക്കുമെന്ന് ജാഗ്വാര്‍ തലവന്‍ പറഞ്ഞിരുന്നു. 28 ടെക്നിക്കല്‍ നോട്ടീസസ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പുകള്‍ വ്യാപക വിമര്‍ശനത്തിന് വിധേയമാകുകയാണ്.

നോ ഡീല്‍ വ്യവസായങ്ങള്‍ക്ക് കനത്ത പ്രഹരമായി മാറുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പറഞ്ഞു. ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക പോകണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റുകള്‍ തേടേണ്ട അവസ്ഥയിലേക്കാണ് ഡ്രൈവര്‍മാര്‍ നീങ്ങുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറഞ്ഞു. ഹോളിഡേ മേക്കേഴ്സിന് ഇത് വലിയ പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും അറിയിക്കുന്നു. , മൊബൈല്‍ റോമിംഗ് ചാര്‍ജുകള്‍ തിരികെ വരും, ഫെറി, കാര്‍ഗോ സര്‍വീസുകളില്‍ പരിശോധനകള്‍, യുകെ കോടതി വിധികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കില്ലെന്നതിനാല്‍ സിവില്‍, ലീഗല്‍ കേസുകളില്‍ ആശയക്കുഴപ്പം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് ടെക്നിക്കല്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

 

 

എ എം

comments


 

Other news in this section