Friday, January 18, 2019
Latest News
ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം    കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ    ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.    സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.    കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു   

നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് ഒരു വര്‍ഷം

Updated on 08-11-2017 at 8:56 am

 

ഇന്ത്യന്‍ ജനതയെ ഞെട്ടിച്ച നോട്ട് നിരോധനത്തിന് നവംബര്‍ 8 ന് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. കള്ളപ്പണം തടയുക, തീവ്രവാദം ചെറുക്കുക എന്നിവയടക്കം നിരവധി ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകളള്‍് നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാലല്‍ സാധാരണക്കാരെ വലച്ച നോട്ട് നിരോധനം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. നോട്ട് നിരോധനം കൊണ്ട് സാധാരണ ജനം ഏറെക്കാലം നേരിട്ട ദുരിതം, തൊഴില്‍, വ്യാപാര മേഖലയിലടക്കം ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്ന മാന്ദ്യം വളരെയധികമാണ്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തകര്ക്കു കയാണ് നോട്ട് നിരോധനം ആദ്യം ചെയ്തത്. പറയത്തക്ക ബാങ്കിംഗ് സംവിധാനങ്ങളൊന്നുമില്ലാത്ത ഈ ഗ്രാമീണ മേഖലകളെ തന്നെയാണ് നിരോധനം ഏറ്റവുമധികം ബാധിച്ചതും.

രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരെയാണ് നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചത്. കടക്കെണിയിലായ കര്‍ഷകരുടെ സ്ഥിതി വീണ്ടും മോശമാക്കുന്നതിന് നോട്ട് നിരോധനം കാരണമായി. വിളകളുടെ വിലയിടിവ് മഹാരാഷ്ട്രയിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകരെ പ്രക്ഷോഭത്തിലെത്തിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും കര്‍ഷക ആത്മഹത്യകള്‍ നടന്നു. പഞ്ചാബിലെയും ഹരിയാനയിലേയും പല കര്‍ഷകര്‍ക്കും നോട്ട് നിരോധന കാലത്ത് വിറ്റ കാര്‍ഷിക വിളകളുടെ പണം ഇനിയും ലഭിച്ചിട്ടില്ലെന്നത് നോട്ട് നിരോധനം എത്രത്തോളം ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയെ തകര്‍ത്തുവെന്ന് തെളിയിക്കുന്നതാണ്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ചെറുതല്ലാത്ത സംഭാവന നല്‍കുന്ന മേഖലയാണ് ചെറുകിട വ്യവസായ മേഖല. ലക്ഷക്കണക്കിന് ആളുകള്‍ പണിയെടുക്കുന്ന മേഖല ഇന്ത്യയുടെ തൊഴില്‍ വിപണിക്കും മുതല്‍ക്കൂട്ടാണ്. ആര്‍.ബി.െഎയുടെ തന്നെ സര്‍വേ അനുസരിച്ച് നവംബര്‍ എട്ടിന് ശേഷം ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ വില്‍പനയില്‍ 58 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. പ്രശസ്ത റിസര്‍ച്ച് ഏജന്‍സിയായ സി.എം.െഎ.എഫിന്റെ പഠനങ്ങളനുസരിച്ച് 1.5 മില്യണ്‍ ആളുകള്‍ക്കെങ്കിലും 2017 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ചെറുകിട വ്യവസായ മേഖലയില്‍ തൊഴില്‍ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധിയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറയുന്നതിനുള്ള മുഖ്യകാരണങ്ങളിലൊന്ന്.

നോട്ട് നിരോധനം നേരിട്ട് ബാധിച്ച സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ 6.1 ശതമാനമാണ് ജി.ഡി.പി വളര്‍ച്ച നിരക്ക്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഇത് 7.6 ശതമാനമായിരുന്നു. വളര്‍ച്ച നിരക്ക് കുറഞ്ഞതോടെ അതിവേഗത്തില്‍ വളരുന്ന സാമ്പദ് വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. അങ്ങനെ മോദിയുടെ തുഗ്ലക് പരിഷ്‌കാരം ലോക സമ്പദ്വ്യവസ്ഥക്ക് മുന്നില്‍ ഇന്ത്യ നാണം കെടുന്നതിനും ഇടയാക്കി.

ആഗോള ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സി നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 1 ശതമാനം വരെ കുറയുന്നതിന് കാരണമാവുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ട് പാദങ്ങളില്‍ നോട്ട് പിന്‍വലിക്കലിന്റെ വലിയ ആഘാതം ഉണ്ടാവുമെന്നും പൂര്‍ണമായും സമ്പദ്വ്യവസ്ഥ ആഘാതത്തില്‍ നിന്ന് കര കയറണമെങ്കില്‍ ഒരു വര്‍ഷം കഴിയുമെന്നും എച്ച്.എസ്.ബി.സി അവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പുറമേ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സാമ്പത്തിക രംഗത്തെ വിദ്ഗധരായ അമര്‍ത്യ സെന്‍, അരുണ്‍ ഷൂരി, കിഷോര്‍ മഹഭൂഭാനി എന്നിവരും നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം സാധൂകരിക്കുന്നതാണ് നോട്ട് പിന്‍വലിക്കല്‍ തീരുമാനം നിലവില്‍ വന്ന് ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി.

നോട്ട് നിരോധനത്തിന്റെ മുഖ്യലക്ഷ്യമായി പ്രധാനമന്ത്രി ഉയര്‍ത്തി കാണിച്ചിരുന്നത് കള്ളപ്പണവേട്ടയായിരുന്നു. തീരുമാനത്തിലുടെ രാജ്യത്തെ നിയമപരമല്ലാത്ത സമ്പദ്വ്യവസ്ഥയുടെ നെട്ടല്ലൊടിക്കാമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാല്‍, പ്രതീക്ഷച്ചതിന് നേര്‍വിപരീതമായിരുന്നു ഫലം. നിരോധിക്കപ്പെട്ട 500,1000 രൂപയുടെ കറന്‍സികളില്‍ ഭൂരിപക്ഷവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. ആദ്യമൊന്നും തിരിച്ചെത്തിയ കറന്‍സികളുടെ കണക്ക് റിസര്‍വ് ബാങ്ക് പുറത്ത് വിടാന്‍ തയാറായിരുന്നില്ല. പിന്നീട് ഭാഗികമയി കണക്കുകള്‍ പുറത്ത് വിട്ടു. ഇപ്പോഴും കേന്ദ്രബാങ്ക് നോട്ടുകളെണ്ണുകയാണെങ്കിലും ഭൂരിപക്ഷം കറന്‍സിയും തിരിച്ചെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വിദേശ ബാങ്കുകള്‍, റിയല്‍എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലെല്ലാമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതിനെതിരെയൊന്നും നടപടികള്‍ ശക്തമാക്കാതെ കേവലം രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനുള്ള നീക്കം മാത്രമാണ് മോദിയും കൂട്ടരും നടത്തിയതെന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. ഇത് ശരിവെക്കുന്നതാണ് തിരിച്ചെത്തിയ നോട്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍.

കള്ളപ്പണം ഇല്ലാതാക്കുന്നതിനുള്ള ഒരു വഴിയെന്ന നിലയില് ഉയര്ന്നന മൂല്യമുള്ള നോട്ടുകള് നിരോധിക്കുന്ന കാര്യം മുമ്പും നിര്‌ദേകശിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല് അത്തരത്തിലൊരു തീരുമാനം ഒരിക്കലും എടുത്തില്ല, കാരണം, ഈ രീതിയില് നടപ്പാക്കുന്ന നോട്ട് നിരോധനം കൊണ്ട് എന്താണോ ഉദ്ദേശിക്കുന്നത് അതിലും വലുതായിരിക്കും അതുകൊണ്ടുള്ള ദുരിതവും ചെലവുമെന്ന് മനസിലായതുകൊണ്ടായിരുന്നു അത്. കള്ളപ്പണ വിഷയത്തില് യഥാര്ത്ഥ കുറ്റവാളികള് രക്ഷപെട്ടപ്പോള് നോട്ട് നിരോധനം രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ഒന്നായി മാറുന്നതും നാം കാണുന്നുണ്ട്.

നോട്ട് നിരോധനത്തിന്റെ ഒന്നാം ഘട്ടത്തില്‍ തീരുമാനത്തിന്റെ മുഖ്യലക്ഷ്യം കള്ളപ്പണവേട്ടയായിരുന്നുവെങ്കില്‍ രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ ഇത് ഡിജിറ്റല്‍ ഇന്ത്യക്ക് വഴിമാറി. കറന്‍സി ഇടപാടുകള്‍ പരമാവധി കുറച്ച് ഡിജിറ്റില്‍ ഇടപാടുകള്‍ നടക്കാന്‍ നോട്ട് നിരോധനം കാരണമാവുമെന്നായിരുന്നു വിലയിരുത്തല്‍.

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനം പേടിഎം അടക്കമുള്ള പേയ്‌മെന്റ് ആപുകള്‍ ആഘോഷമാക്കി. പ്രധാനമന്ത്രിയുടെ ചിത്രമുള്‍പ്പടെ നല്‍കി പ്രമുഖ പത്രങ്ങളില്‍ മുന്‍ പേജ് പരസ്യം നല്‍കികൊണ്ടായിരുന്നു പേടിഎം ഡിജിറ്റല്‍ ഇന്ത്യയെ വരവേറ്റത്. ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനം ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ ചെറിയ രീതിയില്‍ വര്‍ധന ഉണ്ടാക്കിയെങ്കിലും പിന്നീട് കുറയുകയായിരുന്നു. നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ ഇടപാടുകളില്‍ ആദ്യമുണ്ടായതിനേക്കാള്‍ വര്‍ധനയുണ്ടായെങ്കിലും പിന്നീടത് കുറഞ്ഞതായി എച്ച്.ഡി.എഫ്.സി ബാങ്ക് കാഷ് പെയ്‌മെന്റ് പ്രൊഡക്ട്‌സ് വിഭാഗം തലവന്‍ പരാഗ് റാവു പറയുന്നു. 2500 കോടി രൂപയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ മൂന്നിലൊരു ഭാഗം ഇടപാടുകള്‍ മാത്രമാണ് നടന്നത്.

ഡിജിറ്റല്‍ ഇടപാടിന് കുറിച്ച് ജനങ്ങള്‍ വേണ്ടത്ര ധാരണയില്ലാത്തത് ഇടപാടുകള്‍ക്ക് തടസമാണ്. അതുപോലെ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് കോടക്കണക്കിന് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ ഉള്ളപ്പോള്‍ ആകെയുള്ളത് 25 ലക്ഷം സ്വയ്പ്പിങ് മിഷ്യനുകളാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഭീം, ആധാര്‍ പേയ്‌മെന്റ്, പേടിഎം, എസ്.ബി.െഎ ബഡ്ഡി തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റിനായി ആപുകള്‍ ഏറെയുണ്ടെങ്കിലും ഇവയിലൊന്നും കാര്യമായി ഇടപാടുകള്‍ നടക്കുന്നില്ല.

സാധാരണക്കാര്‍ക്ക് മാത്രമല്ല നോട്ട് നിരോധനം ഇരുട്ടടിയായത്. തീരുമാനം പുറത്ത് വന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് തിരിഞ്ഞ് കൊത്തുന്ന പാമ്പാണ് നോട്ട് നിരോധനമെന്ന് ആര്‍.ബി.െഎക്ക് മനസിലായത്. നോട്ട് നിരോധനം മൂലം വരുമാനത്തില്‍ കുറവുണ്ടായതാണ് കേന്ദ്രബാങ്കിന് തിരിച്ചടിയായത്. ഇതുമൂലം കേന്ദ്രസര്‍ക്കാറിന് നല്‍കുന്ന ലാഭവിഹിതത്തില്‍ ബാങ്ക് കുറവ് വരുത്തി. നോട്ട്പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ പുതിയ കറന്‍സി അച്ചടിക്കുന്നതിന് കൂടുതല്‍ തുക ആവശ്യമായി വന്നതാണ് ആര്‍.ബി.െഎക്ക് തിരിച്ചടിയായത്. 30,569 കോടി രൂപയാണ് ഈ വര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാറിന് ലാഭവിഹിതമായി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 65,786 കോടി രൂപയായിരുന്നു. 500 രൂപയുടെ പുതിയ ഒരു നോട്ട് അച്ചടിക്കുന്നതിനായി ആര്‍.ബി.െഎക്ക് 2.87 രൂപ മുതല്‍ 3.09 രൂപ വരെയാണ് ചിലവ്. 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നതിനായി 3.54 രൂപ മുതല്‍ 3.77 രൂപ വരെയും ആവശ്യമായിരുന്നു.

നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലുടെ ഒറ്റരാത്രി കൊണ്ട് സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഇല്ലാതായത് 15.6 ലക്ഷം കോടി മൂല്യമുള്ള കറന്‍സി. ഇതില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. ആകെ നഷ്ടപ്പെട്ടത് 15 ലക്ഷം തൊഴിലുകള്‍. തീരുമാനത്തിന് ശേഷം ജീവന്‍ നഷ്ടമായത് നൂറോളം പേര്‍ക്ക്. നോട്ടുകളുടെ അച്ചടി ചെലവ് 100 ശതമാനം വര്‍ധിച്ചു. ഇതാണ് നവംബര്‍ എട്ടിലെ പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്ത് സൃഷ്ടിച്ചത്. കൃത്യമായ ആസൂത്രണമില്ലാതെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെ നടത്തിയ നോട്ട് നിരോധനം ഇന്ത്യയില്‍ സാമ്പത്തിക അടിയന്തരാവസ്ഥക്കാണ് കാരണമായത്.

 

 

 

ഡികെ

 

comments


 

Other news in this section