Sunday, July 21, 2019

നീതി ലഭിക്കാന്‍ തെരുവിലിറങ്ങുന്ന കര്‍ത്താവിന്റെ മണവാട്ടിമാര്‍

Updated on 10-09-2018 at 10:14 am

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ബലാല്‍സംഗ ആരോപണത്തില്‍ സര്‍ക്കാരില്‍ നിന്നും സഭയില്‍ നിന്നും നീതി ലഭിച്ചില്ലന്ന് അരോപിച്ച് കൊച്ചിയില്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം ഇന്ന് മൂന്നാം ദിവസമാണ്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുള്‍പ്പെടെയാണ് പ്രതിഷേധ സമരത്തില്‍ അണിചേര്‍ന്നിട്ടുള്ളത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായെന്ന് പോലീസ് സംഘം സമ്മതിക്കുന്നുണ്ട്. എന്നാല്‍, ബിഷപ്പിന്റെ അറസ്റ്റിന് തടസ്സമെന്തെന്ന് വ്യക്തമാക്കുന്നില്ല.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ ആശങ്കയുണ്ടെന്നും, നീതി വൈകുന്നത് കൊണ്ടാണ് പരസ്യപ്രതിഷേധവുമായി എത്തേണ്ടി വന്നതെന്നും കന്യാസ്ത്രീമാര്‍ വിശദമാക്കുന്നു. സഭ, സര്‍ക്കാര്‍, പോലീസ് എന്നിവയില്‍ നിന്നൊന്നും നീതി കിട്ടുന്നില്ല, കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 75 ദിവസം പിന്നിട്ടിട്ടും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ആവര്‍ത്തിച്ചു ചോദിക്കുന്നു.

അഞ്ച് കന്യാസ്ത്രീകള്‍ നീതിക്കായി തെരുവില്‍ ഇറങ്ങുമ്പോള്‍ അത് സഭയുടെ കേരളത്തിലെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്. പക്ഷേ, അങ്ങനെയൊരു നീക്കത്തിലേക്ക് അവര്‍ക്ക് കടക്കേണ്ടി വരുമ്പോള്‍ അതിന്റെ നാണക്കേടും പാപഭാരവും പേറേണ്ടത് ഇവിടുത്തെ സര്‍ക്കാരാണ്. സഭ ഞങ്ങളുടെ കൂടെയില്ല, സഭയില്‍ നിന്നും ഞങ്ങള്‍ക്ക് നീതി കിട്ടില്ല എന്നു മനസിലാക്കി അവര്‍ സമീപിച്ചത് സര്‍ക്കാരിനെയാണ്, ഇവിടുത്തെ നീതി, നിയമ സംവിധാനത്തെയാണ്. പക്ഷേ, പരാതി ഉണ്ടായിട്ട്, എല്ലാ തെളിവുകളും നല്‍കിയിട്ടും എഴുപത്തിയഞ്ച് ദിവസങ്ങള്‍ക്കിപ്പുറവും ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും സംരക്ഷിക്കപ്പെടുമ്പോള്‍, ആ കന്യാസ്ത്രീകള്‍ നിരാശയോടെ പറയുന്നത്; ”ഞങ്ങളെ സംരക്ഷിക്കാന്‍ സഭയില്ല, ഞങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇല്ല, ഞങ്ങളെ സംരക്ഷിക്കാന്‍ പോലീസ് ഇല്ല…’ എന്നാണ്.

”താന്‍ നേരിടേണ്ടി വന്ന അപരാധത്തിനെതിരേ പരാതി നല്‍കി എഴുപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാരനെതിരേ ഒരു നടപടിയും എടുക്കാതെ വരുമ്പോള്‍ ഞങ്ങളുടെ സഹോദരിയാണ് വിഷമത്താലും ദുഖത്താലും കഴിയുന്നത്. ഞങ്ങളാണത് കാണുന്നത്. എന്തുകൊണ്ട് ആ ദുഃഖം സഭ കാണുന്നില്ല? സര്‍ക്കാര്‍ കാണുന്നില്ല? എന്തുകൊണ്ട് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നില്ല? ഫ്രാങ്കോയ്ക്ക് എന്തെങ്കിലും അവകാശങ്ങള്‍ ഉള്ളതുകൊണ്ടാണോ? അധികാരം ഉള്ളതുകൊണ്ടാണോ? ഞങ്ങള്‍ക്ക് ഇതിനൊക്കെ ഉത്തരം കിട്ടണം. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണം”; അവരുടെ ഈ വാക്കുകളിലുണ്ട് മുന്‍മാതൃകകള്‍ ഇല്ലാത്ത ഒരു പ്രതിഷേധത്തിലേക്ക് എന്തുകൊണ്ട് ആ കന്യാസ്ത്രീകള്‍ എത്തിയെന്നതിന് ഉത്തരം.

യേശുക്രിസ്തു മാനവരെ രക്ഷിക്കുവാനും ലോകത്തിനു സ്നേഹം ചൊരിയുവാനുമായിട്ടാണ് ജീവന്‍ വെടിഞ്ഞത് എന്ന് വിശ്വസിക്കുകയും അത് ഘോഷിക്കുകയും ചെയ്യുന്നവര്‍, ആ ക്രിസ്തുവിന്റെ പേരില്‍ ക്രിസ്തുവിന്റെ വിശ്വാസികളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അത്തരക്കാര്‍ തീര്‍ച്ചയായും മാറ്റപ്പെടണം. പുരോഹിതന്മാര്‍ക്കിടയിലെ ഇത്തരം പുഴുക്കുത്തുകളെ നിയമപരമായി നേരിടണം.

കന്യാസ്ത്രീയുടെ പരാതിയില്‍ കൃത്യമായ തെളിവുണ്ടെന്ന് മതമേലധ്യക്ഷന്‍മാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഇതിനകം തന്നെ മനസ്സിലായ കാര്യമാണ്. എന്നാല്‍, തെളിവുകള്‍ പോരെന്ന് പറഞ്ഞ് കേസ് തള്ളി നീക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലധികമായി. ഒരു തവണ ജലന്ധറില്‍ പോയി തെളിവെടുപ്പ് നാടകം നടത്തിയ കേരള പോലീസ് പരാതിക്കാരിയായ കന്യാസ്ത്രീയെ ചോദ്യം ചെയ്തത് ആറ് തവണയാണ്. ഇര പീഡിപ്പിക്കപ്പെട്ട കാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയേണ്ടി വരിക എന്നത് മ്ലേച്ഛമായ കാര്യമാണ്. അതും പൊതുസമൂഹത്തില്‍ നിന്നും തീര്‍ത്തും മാറി നില്‍ക്കുന്ന ഒരു വ്യക്തിയില്‍ നിന്നും. ഇങ്ങനെ കന്യാസ്ത്രീകള്‍ പൊതുഇടങ്ങളില്‍ വലിയ ഇടം പിടിക്കാത്തതിനാലോ, എന്തെങ്കിലും പറഞ്ഞാല്‍ അത് മതവിശ്വാസത്തിനെതിരാകുമോ എന്നുള്ള ഭയത്താലോ പ്രബുദ്ധ കേരളത്തിലെ പ്രതികരണശബ്ദങ്ങളൊന്നും തന്നെ ഇക്കാര്യത്തില്‍ ഉയര്‍ന്നു കേട്ടതുമില്ല.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നിടമാണ് പള്ളികളെന്നാണ് ഒരോ ക്രിസ്ത്യാനിയെയും പഠിപ്പിക്കുന്നത്. പള്ളിയോട് ഏറ്റവും അടുത്ത് കഴിയുന്നവര്‍ തങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി തെരുവിലിറങ്ങിയെങ്കില്‍ അത് ഒരു വിശ്വാസ സമൂഹത്തിന്റെ തന്നെ പതനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അധികാരവും പണവും സംരക്ഷിക്കാന്‍ വേണ്ടി മതമേലധ്യക്ഷന്‍ന്മാര്‍ നടത്തുന്ന ശ്രമങ്ങളില്‍ കുറവിലങ്ങാട് കോണ്‍വന്റിലെ കന്യാസ്ത്രീയുടേതുപോലെ നിരവധി ജീവിതങ്ങള്‍ സഭക്കുള്ളില്‍ ചവിട്ടി അരക്കപ്പെടുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വൈദികര്‍ക്കുപോലും സഭാ നേതൃത്വത്തിന്റെ നെറികെട്ട പ്രവര്‍ത്തനത്തില്‍ തല താഴ്‌ത്തേണ്ട സ്ഥിതി സംജാതമായി.

സഭാനേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് കന്യാസ്ത്രീ സര്‍ക്കാറിന് മുമ്പില്‍ നീതിക്കായി എത്തിയത്. എന്നാല്‍, സഭയില്‍ നിന്നും ലഭിച്ചതിനപ്പുറമൊന്നും സര്‍ക്കാറില്‍ നിന്നും ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഇവര്‍ പൊതുസമൂഹത്തിനും കോടതിക്കും മുമ്പില്‍ എത്തിയിരിക്കുകയാണ്. ഇഹലോക ജീവിത്തിലെ എല്ലാ ആനന്ദങ്ങളും ത്യജിച്ച്, ആരില്‍ നിന്നും ഒരു നന്ദി വാക്കുപോലം പ്രതീക്ഷിക്കാതെ വളരെ നിശബ്ദരായി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് കന്യാസ്ത്രീകള്‍. ദൈവത്തിന്റെ കോടതിയില്‍ അവര്‍ക്ക് നീതി ലഭിച്ചേക്കാം. എന്നാല്‍, ഈ ലോകത്തിലെ ഭരണകര്‍ത്താക്കളുടേയും നീതിപാലകരുടേയും മുന്നില്‍ നീതിക്കായി അഭ്യര്‍ഥിക്കുമ്പോള്‍ മുഖം തിരിച്ചു നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകാണ്.

comments


 

Other news in this section