Sunday, June 25, 2017

നിങ്ങള്‍ എവിടെയാണെങ്കിലും പാസ്പോര്‍ട്ട് പുതുക്കാം ഓണ്‍ലൈനിലൂടെ

Updated on 30-03-2017 at 12:10 pm

ഡബ്ലിന്‍: ഐറിഷ് പാസ്പോര്‍ട്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും പുതുക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ സംവിധാനം ഇന്നും മുതല്‍ നിലവില്‍ വരും. ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷ സേവനത്തിന്റെ ഉത്ഘാടന കര്‍മ്മം ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലാനഗല്‍ നിര്‍വഹിക്കും. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാലാണ് പുതുക്കല്‍ നടപടിക്ക് വേണ്ടി ഓണ്‍ലൈന്‍ സംവിധാനം പരീക്ഷിക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് പുതുക്കാന്‍ മാത്രം ഈ സേവനം പ്രയോജനപ്പെടുത്താം.

പാസ്പോര്‍ട്ടിന് ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍, പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍, കുട്ടികള്‍ എന്നീ ഗണത്തില്‍ പെടുന്നവര്‍ക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷ നല്‍കാന്‍ കഴിയില്ല. 2017 ജനുവരി 1 നും 16 നും ഇടയില്‍ 191 ,428 പാസ്പോര്‍ട്ട് അപേക്ഷകര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയ പരിധിയില്‍ 155 ,163 അപേക്ഷകര്‍ ഉണ്ടായിരുന്നപ്പോള്‍ 23 ശതമാനം അപേക്ഷകര്‍ കൂടുതലാണ്. മാര്‍ച്ച് 16 നു ശേഷം വീണ്ടും 60 ,000 അപേക്ഷകള്‍ കൂടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡബ്ലിനിലേയും, കോര്‍ക്കിലെയും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ പറയുന്നു. പാസ്പോര്‍ട്ട് കേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ 230 ജോലിക്കാരെ അധികം നിയമിച്ചിരുന്നു. എന്നാല്‍ ഇതും തികയാത്ത അവസ്ഥയിലാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍.

പുതുക്കല്‍ നടപടിക്രമങ്ങള്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. വടക്കന്‍ അയര്‍ലണ്ടുകാരും, യു.കെ പൗരന്മാരുമാണ് ഐറിഷ് പാസ്പോര്‍ട്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത്. പാസ്പോര്‍ട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് 150 ഓളം ഫോണ്‍ വിളികളും സേവന കേന്ദ്രങ്ങളെ തേടി വരുന്നുണ്ട്. കസ്റ്റമര്‍ സര്‍വീസും വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍.

 

 

എ എം

comments


 

Other news in this section