Thursday, February 21, 2019

നാറ്റോയ്ക്ക് ബദലായി യൂറോപ്യന്‍സേന രൂപീകരിക്കാന്‍ ഒരുങ്ങുന്നു; പിന്തുണയറിയിച്ച് ജര്‍മനി

Updated on 04-06-2018 at 10:40 am

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ട് വച്ച യൂറോപ്യന്‍ സൈന്യം എന്ന ആശയത്തിന് പൂര്‍ണ പിന്തുണയുമായി ജര്‍മനി. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് മക്രോണിന്റെ അഭിപ്രായത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനിക ഉദ്യോസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒരു സൈനിക വ്യൂഹം ഒരുക്കുക എന്നതാണ് മക്രോണ്‍ മുന്നോട്ട് വെച്ച ആശയം. ആവശ്യ ഘട്ടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയും തന്ത്രപ്രധാനമായ ഇടപെടല്‍ നടത്താനുള്ള ഉദ്ദേശം വെച്ചുള്ളതാണ് യുറോപ്യന്‍ സൈന്യം എന്ന ആശയം. ഇത് സംബന്ധിച്ച് നേരത്തെ ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.

ഒന്നരനൂറ്റാണ്ടിനിടയില്‍ മൂന്ന് പ്രധാന യുദ്ധങ്ങളില്‍ (ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധം, ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍) ഏറ്റുമുട്ടിയവരാണ് ഇരു രാഷ്ട്രങ്ങളും. സാമ്പത്തികസഖ്യമായ ഇയുവിന്റെ നേതൃസ്ഥാനം ജര്‍മനിക്കായതിന്റെ വേദന ഫ്രാന്‍സിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇയു സൈന്യത്തിന് രൂപം നല്‍കാനായാല്‍ അതിന്റെ നേതൃത്വത്തിലേക്ക് ഉയരാന്‍ കഴിയുമെന്നതാണ് ഫ്രാന്‍സിനെ ആവേശംകൊള്ളിക്കുന്നത്. ഫ്രാന്‍സിനെയും ജര്‍മനിയെയും ഒരേ തട്ടിലാക്കാന്‍ ഇയു സേനയുടെ രൂപീകരണം സഹായിക്കുമെന്നത് യൂറോപ്യന്‍ കൂട്ടുകെട്ടിനെ ബലമുള്ളതാക്കുകയുംചെയ്യും.

ഇയു സേനാരൂപീകരണം സംബന്ധിച്ച് ജര്‍മനിയും ഫ്രാന്‍സും മുന്നോട്ടുവയ്ക്കുന്നത് നാല് പ്രധാന കാര്യങ്ങളാണ്. ഒന്നാമതായി യൂറോപ്യന്‍ സൈനികസഖ്യത്തിന്റെയും സൈനികനീക്കങ്ങളുടെയും ചുമതല ‘യുറോകോറി’നായിരിക്കും. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ചെറുസൈന്യമാണിത്. ഫ്രാങ്കോ-ജര്‍മന്‍ ബ്രിഗേഡാണ് ഇതിന്റെ കേന്ദ്രം. ബെല്‍ജിയം, സ്‌പെയിന്‍, ലക്‌സംബര്‍ഗ്, പോളണ്ട് എന്നീ രാജ്യങ്ങളിലെയും സൈന്യം ഉള്‍പ്പെടെ 1000 അംഗങ്ങളുള്ള സേനാവിഭാഗമാണിത്. ഇതില്‍ പകുതിയും ഫ്രാന്‍സില്‍നിന്നും ജര്‍മനിയില്‍നിന്നുമാണ്. 1987ല്‍ രൂപംകൊണ്ട ഫ്രാങ്കോ-ജര്‍മന്‍ ബ്രിഗേഡില്‍നിന്ന് തുടങ്ങിയ ഈ സൈന്യത്തിന്റെ രൂപീകരണം 1995ലാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് വന്നത്.

ഇയു സൈനിക മെഡിക്കല്‍ കമാന്‍ഡ് രൂപീകരിക്കണമെന്നതാണ് രണ്ടാമത്തെ നിര്‍ദേശം. സൈനികപരിശീലനവും ആയുധസഹായവും ഉറപ്പുവരുത്തണമെന്നാണ് മൂന്നാമത്തെ നിര്‍ദേശം. പുതിയ സാങ്കേതികവിദ്യ ഉപയുക്തമാക്കി ഒരു യൂറോപ്യന്‍ പ്രതിരോധ വ്യവസായ ശൃംഖല എന്നതാണ് നാലാമത്തെ നിര്‍ദേശം. അമേരിക്കയെ അമിതമായി ആയുധങ്ങള്‍ക്കുവേണ്ടി ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന് സാരം. അതായത് അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റും നടത്തിയതുപോലുള്ള നവകൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനെയും സജ്ജമാക്കുകയാണ് ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും ലക്ഷ്യം.

ബ്രിട്ടന്‍ ഇയുവില്‍നിന്ന് പുറത്തുപോയതുമാത്രമല്ല യൂറോപ്യന്‍ സൈനികസഖ്യ രൂപീകരണത്തിന് കാരണം. ബ്രെക്‌സിറ്റ് ഈ നീക്കത്തിന് വേഗംപകര്‍ന്നെന്നുമാത്രം. യൂറോപ്യന്‍ സൈനികസഖ്യത്തിന് മറ്റൊരു ജനവിരുദ്ധവശം കൂടിയുണ്ട്. നവ ഉദാരവല്‍ക്കരണനയത്തിനും അതിന്റെ ഭാഗമായി ഇയുവും യൂറോപ്യന്‍ കമീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും മറ്റും അടിച്ചേല്‍പ്പിക്കുന്ന കടുത്ത ചെലവുചുരുക്കല്‍ നയത്തിനുമെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സൈനിക ശേഷി നേടുകയെന്ന ലക്ഷ്യവും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുണ്ട്. ഇയു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി സ്റ്റഡീസ് അടുത്തയിടെ സമര്‍പ്പിച്ച 2020ലെ യൂറോപ്യന്‍ പ്രതിരോധം സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പറയുന്നത് ദരിദ്രരുടെ പ്രശ്‌നങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും സമ്പന്നരെ രക്ഷിക്കാന്‍ ഇയു സൈന്യം ആവശ്യമാണെന്നാണ്. ലോകത്തില്‍ ദരിദ്രരുടെ ജനസംഖ്യ വര്‍ധിച്ചുവരികയാണെന്നും അതുകൊണ്ടുതന്നെ അവരുടെ ലോകവും സമ്പന്നരുടെ ലോകവും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്നും അതുമൂലമുണ്ടാകാനിടയുള്ള സംഘര്‍ഷത്തെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക സൈന്യം രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു

 

 

ഡികെ

comments


 

Other news in this section