Sunday, May 19, 2019

നാദിയ മുറാദ്: അറിയണം ഐഎസിനെതിരെ പൊരുതിയ ഈ ധീര വനിതയെ

Updated on 11-10-2018 at 3:39 pm

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ലൈംഗിക അടിമയായിരുന്നു നാദിയ മുറാദ്. ഐഎസിന്റെ ക്രൂരതകള്‍ മുഖാമുഖം കണ്ട നിരവധി വനിതകളുടെ പ്രതിനിധി. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസഡറായി നാദിയ തിരഞ്ഞെടുക്കപ്പെട്ടു. മിഡില്‍ ഈസ്റ്റിനെ യുദ്ധക്കളമാക്കിയ ഐഎസിന്റെ പൈശാചിക കൃത്യങ്ങളെ ലോകം ഒന്നിച്ചെതിര്‍ക്കുമ്പോള്‍ 2018ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നാദിയയെ തേടിവന്നിരിക്കുന്നു. യുദ്ധകാലത്ത് ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയായവരെ സംരക്ഷിക്കുന്നതില്‍ വ്യാപൃതനായ കോംഗൊ ഗൈനക്കോളജിസ്റ്റ് ഡെനിസ് മുക്വെഗെക്കൊപ്പം നോബല്‍ പുരസ്‌കാരം പങ്കു വെക്കുകയാണ് നാദിയ.

ഇസ്ലാമിക് ഭീകരത അതിന്റെ മുഴുവന്‍ പൈശാചികതയോടുംകൂടി വേട്ടയാടിയ 23കാരിയായ യുവതിയാണ് നാദിയ മുറാദ്. ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിതം ആണ് നാദിയ മുറാദിന്റേത്. ആഗോളതലത്തില്‍ ഭീതിയുണര്‍ത്തിയ ഇസ്ലാമിക് സ്റ്റേറ്റെന്ന ഐഎസിന്റെ കൊടും പീഡനങ്ങളുടെ നിരവധി വാര്‍ത്തകര്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇറാഖില്‍ ഐഎസിന്റെ തടവറയില്‍ തീവ്രവാദികളാല്‍ ലൈംഗിക അടിമയാക്കപ്പെട്ടിരുന്ന നാദിയയുടെ വെളിപ്പെടുത്തലുകള്‍ ക്രൂരത എത്രത്തോളമായിരുന്നുവെന്നതിന്റെ യഥാര്‍ഥ ചിത്രമാണ് ലോകത്തിന് കാട്ടിത്തരുന്നത്.

സമാധാനത്തിന്റെ നൊബേല്‍ പട്ടം ശിരസ്സില്‍ ചൂടുന്ന അവസരത്തില്‍ കനല്‍ താണ്ടിയ വഴികളിലെ കണ്ണീരുപ്പു കലര്‍ന്ന കഥപറയാനുണ്ട് നാദിയ എന്ന 25കാരിക്ക്. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന ജനതയുടെ പ്രതീകമാണ് നാദിയ. യുദ്ധഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയും മനുഷ്യക്കടത്തിന്റെയും ലൈംഗിക വ്യാപാരത്തിന്റെയും ഇര. യസീദികള്‍ എന്ന വിഭാഗത്തിന് ആധിപത്യമുള്ള സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഇറാഖി പ്രവിശ്യയായ സിന്‍ജാറിലെ െകാജോ ഗ്രാമത്തിലായിരുന്നു അവള്‍ താമസിച്ചത്. 2014ല്‍ ഐ.എസ് ഭീകരര്‍ ഇറാഖിലെ താഴ്വരകള്‍ ആക്രമിച്ചു കീഴടക്കിയതോടെ ജീവിതത്തിന്റെ ഗതി മാറിമറിഞ്ഞു. സൊറോസ്ട്രിയന്‍ മതത്തിനോട് സാമ്യമുള്ള ഒരു മധ്യപൂര്‍വേഷ്യന്‍ മതവിഭാഗമാണ് യസീദി. 2014നു മുമ്പ് അഞ്ചരലക്ഷം യസീദികളായിരുന്നു ഇറാഖിലുണ്ടായിരുന്നത്. ഒരു ലക്ഷത്തിലേറെ പേര്‍ പിന്നീട് പലായനം ചെയ്തു.

ആഗസ്റ്റിലാണ് കറുത്ത പതാക നാട്ടിയ പിക്അപ് ട്രക്കില്‍ ഭീകരര്‍ നാദിയയുടെ ഗ്രാമത്തിലെത്തിയത്. പുരുഷന്മാരെ ഒന്നൊന്നായി ഭീകരര്‍ കൊന്നൊടുക്കി. ആ കൂട്ടത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരുമുണ്ടായിരുന്നു. കുട്ടികളെ ചാവേറുകളായി ഉപയോഗിക്കാന്‍ ബന്ദികളാക്കി. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി വെച്ചു. അവരില്‍ പ്രായമായവരെ കൊന്നു കുഴിച്ചുമൂടി. നാദിയ ഉള്‍െപ്പടെ പെണ്‍കുട്ടികളെ കൊണ്ടുപോയത് മൂസിലിലേക്കാണ്. സ്ത്രീകളെ വില്‍ക്കാനായി ഒരു ചന്തതന്നെ നടത്തിയിരുന്നു ഐ.എസ്. ആര്‍ക്കു വേണമെങ്കിലും പണം കൊടുത്ത് പെണ്‍കുട്ടികളെ വാങ്ങി ലൈംഗിക അടിമകളായി ഉപയോഗിക്കാം.

മറ്റു യസീദി സ്ത്രീകളെപ്പോലെ നാദിയയും ഭീകരനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായി. മൂന്നു മാസത്തോളം ഭീകരരുടെ തടവറയില്‍ ലൈംഗിക അടിമയായി കഴിഞ്ഞു. ഒരിക്കല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിക്കപ്പെട്ടു. കൂട്ടബലാത്സംഗമായിരുന്നു ശിക്ഷ. തടവിലാക്കിയ വീടിന്റെ ജനാല വഴി ഒരിക്കല്‍ക്കൂടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ ഐ.എസിന്റെ കണ്ണുവെട്ടിച്ച് അവള്‍ കുര്‍ദിസ്താനിലെത്തി. പിന്നീട് ഇറാഖ് അതിര്‍ത്തി കടന്ന് ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. ഐ.എസിന്റെ പതനത്തിനുശേഷം നാട്ടിലെത്തിയ നാദിയയുടെ ഹൃദയം തകര്‍ന്നുപോയി. ശിഷ്ടജീവിതം യുദ്ധത്തില്‍ ജീവിതം നഷ്ടപ്പെട്ടുപോയ സ്ത്രീകള്‍ക്കായി മാറ്റിവെക്കുമെന്ന് അവള്‍ പ്രതിജ്ഞയെടുത്തു. 2017ല്‍ ‘ദ ലാസ്റ്റ് ഗേള്‍ ‘ എന്ന പേരില്‍ നാദിയ എഴുതിയ പുസ്തകം ലോകം രണ്ടുകൈയും നീട്ടി സ്വീകരിച്ചു.

2016ല്‍ യൂറോപ്യന്‍ യൂനിയന്റെ സഖ്‌റോവ് മനുഷ്യാവകാശ പുരസ്‌കാരവും കൂട്ടുകാരി ലാമിയ ഹാജി ബഷാറിനൊപ്പം പങ്കിട്ടു. മൂസിലില്‍ നിന്ന് രക്ഷപ്പെട്ട ശേഷം കാണാനെത്തിയ ബി.ബി.സി മാധ്യമപ്രവര്‍ത്തകയോട് അനുഭവങ്ങള്‍ പങ്കുവെച്ചു. മറ്റൊരു പേരില്‍ അത് പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞപ്പോള്‍ നാദിയ എതിര്‍ത്തു. ഞങ്ങള്‍ക്കെന്താണ് സംഭവിച്ചതെന്ന് ലോകം അറിയട്ടെ എന്നായിരുന്നു മറുപടി. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ കനലെരിയുന്ന അവളുടെ ജീവിതത്തിന് കൂട്ടായി യസീദി ആക്ടിവിസ്റ്റായ ആബിദ് ഷംദീനുമെത്തി. ഇനിയുള്ള പോരാട്ടം ഒരുമിച്ചാണെന്ന് അവള്‍ ട്വിറ്ററില്‍ കുറിച്ചു.

2016 ഡിസംബറില്‍ നാദിയ യു.എന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍, യുഎന്‍ വീഡിയോയില്‍ പകര്‍ത്തി പുറത്തുവിടുകയും, ലോകം മുഴുവന്‍ ആ വാക്കുകള്‍ എത്തുകയും ചെയതിരുന്നു. ഇതോടെ നാദിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ആദ്യത്ത ഗുഡ്‌വില്‍ അംബാസഡറായി. ഇറാഖില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ശേഷം മനുഷ്യകടത്തുകാര്‍ക്ക് വില്‍ക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് നാദിയ ഇപ്പോള്‍ മുഴുകുന്നത്. ഇരുപത്തിയഞ്ചാം വയസില്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇറാഖി വനിതയായി നാദിയ മാറിയിരിക്കുന്നു. മലാല യൂസുഫ് സായിക്കു ശേഷം നൊബേല്‍ സമാധാന സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും നാദിയക്കുണ്ട്.

 

 

എ എം

comments


 

Other news in this section