Tuesday, August 22, 2017

നടിയോട് അശ്ലീല സംഭാഷണം: ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്

Updated on 25-07-2017 at 10:55 am

തന്റെ സിനിമയില്‍ അഭിനയിച്ച നടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകനും നടനുമായ ലാലിന്റെ മകനും യുവസംവിധായകനുമായ ജീന്‍ പോള്‍ ലാല്‍ (ലാല്‍ ജൂനിയര്‍), യുവനടന്‍ ശ്രീനാഥ് ഭാസി എന്നിവടക്കം നാലുപേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ജീന്‍ പോള്‍ സംവിധാനം ചെയ്ത ഹണിബി ടുവിന്റെ ചിത്രീകരണത്തിനിടെ 2016 നവംബര്‍ 16 ന് കൊച്ചി പനങ്ങാടുള്ള ഹോട്ടലില്‍ വച്ച് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സിനിമയില്‍ അഭിനിയച്ചതിന്റെ പ്രതിഫലം ചോദിച്ചപ്പോഴാണ് സംവിധായകനില്‍ നിന്നും നടനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായത്. ജീന്‍പോളിനെയും ശ്രീനാഥിനെയും കൂടാതെ സിനിമാ ടെക്നീഷ്യന്‍മാരായ അനൂപ്, അനുരുദ്ധ് എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്.

ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാത്രമല്ല സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ രേഖപ്പെടുത്തി. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയില്‍ പറയുന്ന നാലുപേരോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ഹണിബി, ഹായ് ഐ ആം ടോണി, ഹണിബി ടു എന്നിവയാണ് ജീന്‍പോളിന്റെ സിനിമകള്‍. നിരവധി സിനിമകളില്‍, പ്രത്യേകിച്ച് ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ശ്രീനാഥ് ഭാസി യുവനടന്‍മാരില്‍ ഏറെ ശ്രദ്ധേയനാണ്.

അതേസമയം, പരാതിപ്പെട്ട നടി സെക്കന്‍ഡുകള്‍ മാത്രമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും ഇതിന്റെ പേരില്‍ പത്തുലക്ഷം രൂപ പ്രതിഫലമായി ഈ യുവതി ആവശ്യപ്പെട്ടെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഈ പണം നല്‍കാതിരുന്നതിനാലാണ് ആരോപണങ്ങള്‍ ഉന്നയിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നാണ് അണിയറപ്രവര്‍ത്തര്‍ അറയുന്നത്.

 

 

 
എ എം

comments


 

Other news in this section