Friday, February 22, 2019

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

Updated on 05-04-2018 at 10:46 am

മലയാള സിനിമയില്‍ വില്ലനായും സഹനടനായും സംവിധായകനായും തിളങ്ങിയ കൊല്ലം അജിത്ത് (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.40നായിരുന്നു അന്ത്യം. കുടലില്‍ കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയോളമായി പാലാരിവട്ടത്തെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

ഭൗതികശരീരം ഇന്നുരാവിലെ കൊല്ലം കടപ്പാക്കടയിലെ ഹരി നിവാസില്‍ എത്തിച്ചു. കഴിഞ്ഞ 15 വര്‍ഷമായി എറണാകുളം വാഴക്കാലയിലെ ക്ലൗഡ് നയണ്‍ ഫ്‌ലാറ്റിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നടക്കും. വൈകിട്ട് അഞ്ച് മണിയോടെ കടപ്പാക്കട സ്പോര്‍ട്‌സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വിലാപ യാത്രയായി പോളയത്തോട് ശ്മാശനത്തിലേക്ക് കൊണ്ടുപോകും.

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ തിരുവല്ല വല്ലഭശ്ശേരി കുടംബത്തില്‍ നിന്ന് കൊല്ലത്ത് റെയില്‍വേയില്‍ ജോലിക്കെത്തിയ പരേതനായ റെയില്‍വേ ഉദ്യോഗസ്ഥന്‍ ഹരിദാസിന്റെയും ദേവകിയമ്മയുടെയും മകനാണ് അജിത്ത്. ഭാര്യ: പ്രമീള. മകള്‍ ഗായത്രി ഇംഗ്ലീഷില്‍ ബിരുദം പൂര്‍ത്തിയാക്കി. മകന്‍ ശ്രീഹരി പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പുഷ്പകുമാരി, ശോഭന, ജ്യോതി ബസു (റിട്ട.കെ .എഫ്.സി ഉദ്യോഗസ്ഥന്‍) അനില്‍ ദാസ് (ചലച്ചിത്ര സംവിധായകന്‍), കിഷോര്‍(റെയില്‍വേ ഉദ്യോഗസ്ഥന്‍)എന്നിവരാണ് സഹോദരങ്ങള്‍. നടന്‍ മമ്മൂട്ടി, മേക്കപ്പ്മാന്‍ പട്ടണം റഷീദ് തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ ഇന്ന് രാവിലെ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പത്മരാജന്റെ ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അജിത്തിന്റെ അരങ്ങേറ്റം. രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത ഇദ്ദേഹം മൂന്നാമത്തെ ചിത്രത്തിന്റെ ചര്‍ച്ചകളായിരുന്നു. പ്രതിനായക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം അജിത്ത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഏകദേശം അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1987ല്‍ ഇറങ്ങിയ ‘അഗ്നിപ്രവേശം’ എന്ന ചിത്രത്തില്‍ നായകനായും രംഗപ്രവേശം ചെയ്തു. സമീപകാലത്ത് ‘കോളിംഗ് ബെല്‍’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും അജിത്ത് ചുവട് വച്ചിരുന്നു. 2012ല്‍ ഇറങ്ങിയ ‘ഇവന്‍ അര്‍ദ്ധനാരി’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

ഡികെ

comments


 

Other news in this section