Friday, May 24, 2019

ദുരിതവഴിയില്‍ പതറാതെ യഥാര്‍ത്ഥ ജനനായകനായി ഇടുക്കി എംപി

Updated on 03-09-2018 at 6:07 pm

ഇടുക്കി: കേരളത്തെ കണ്ണീര്‍കടലിലാക്കിയ പ്രളയക്കെടുതികളില്‍ ജനങ്ങളോടൊപ്പം നില്‍ക്കുകയും അവരെ കൈയ്യും മെയ്യും മറന്ന് സഹായിക്കുകയും ചെയ്തവരില്‍ മന്ത്രിമാരും എംപിമാരും ജനപ്രതിനിധികളും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ദുരിതകാലങ്ങളില്‍ ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന് ഉത്തമമായ മാതൃകകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഇതില്‍ മുന്‍പന്തിയിലായിരുന്നു ഇടുക്കി എംപി ജോയ്സ് ജോര്‍ജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍. ഇടുക്കി ജില്ലയെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തില്‍ പ്രതിരോധസേനയുടെ അമരത്ത് ജോയ്‌സ് ജോര്‍ജ് എംപി നിറസാന്നിദ്ധ്യമായി. അണക്കെട്ട് തുറന്നു വിടുമ്പോഴും, ഉരുള്‍പൊട്ടല്‍ ഭീതിയിലും തെല്ലുംപതറാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് കര്‍മ്മഭൂമിയിലെ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമമില്ലാതെ എം.പി യുമുണ്ടായിരുന്നു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ അസാമാന്യമായ നേതൃപാടവമാണ് ജോയ്‌സ് ജോര്‍ജ് എംപി പ്രകടിപ്പിച്ചത്.

ചെറുതോണി അണക്കെട്ട് തുറന്നുവിടുന്നതുവരെ ഇടുക്കിയുടെ അവസ്ഥകള്‍ ഒരു പരിധിവരെ പുറംലോകം അറിഞ്ഞിരുന്നു എന്നാല്‍ പിന്നീടങ്ങോട് ഇടുക്കിയെന്ന മലയോര ജില്ലയെ കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ പരിമിതമായ വിവരങ്ങള്‍മാത്രമാണ് പുറത്തേക്ക് എത്തിച്ചിരുന്നത്. എല്ലാം നിശ്ചലമായി പോയ നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്. ഒരുരാത്രികൊണ്ട് ഇടുക്കി പൂര്‍ണമായും ഒറ്റപ്പെട്ടു പോകുകയായിരുന്നു.ഗ്രാമങ്ങളും നഗരങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതിയും നെറ്റ്വര്‍ക്കുകളും നിലച്ചു. മലകള്‍ ഇടിഞ്ഞു, ഉരുള്‍പൊട്ടലില്‍ നിരവിധിവീടുകളും തകര്‍ന്നു.

പ്രളയം പെയ്തിറങ്ങിയ രാത്രികള്‍ക്കൊടുവില്‍ ജില്ലയെ കാത്തിരുന്നത് നിരവധി മരണവാര്‍ത്തകളാണ്. വീടുകള്‍ ഇരുന്നിടത്ത് ഒരു അടയാളംപോലും ബാക്കിയില്ലാതെ ജീവന്‍ കവര്‍ന്നെടുത്ത സംഭവങ്ങള്‍, ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടിന്റെ അവസ്ഥ അറിയുന്നതിനായി തിരികെയെത്തിയപ്പോള്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപെട്ടവര്‍, ബന്ധുക്കളെ മുഴുവന്‍ നഷ്ടപെട്ട ഏകരായിപ്പോയ മനുഷ്യ ജീവിതങ്ങള്‍, ഇനിയും കണ്ടുകിട്ടിയില്ലാത്ത മൃതദേഹങ്ങള്‍ക്കായി കാത്തിരിക്കുന്ന ബന്ധുക്കള്‍ അങ്ങെനെ വിശ്വസിക്കാനാക്കത്തവിധം തകര്‍ന്നടിഞ്ഞ ദുരിത കാഴ്ചകളുടെ നടുക്കത്തിലാണ് ഇപ്പോഴും ഇടുക്കി.

വെള്ളത്തൂവല്‍, അടിമാലി, മുരിക്കാശ്ശേരി, പന്നിയാര്‍കുട്ടി, പനംകുട്ടി,കീരിത്തോട്, കഞ്ഞിക്കുഴി, നെടുകണ്ടം,കട്ടപ്പന മേഖലകളിലെല്ലാം ആളുകള്‍ മരണപെട്ടു. 1924 ല്‍ കൊല്ലവര്‍ഷം 99 തിലാണ് മുമ്പ് ഇത്തരത്തില്‍ ഒരു വെള്ളപൊക്കമുണ്ടായി എന്ന് കേട്ടുപരിചയംമാത്രമുള്ള മൂന്നാര്‍ ജനതയും പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി വെള്ളപൊക്കത്തിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞു.പലയിടങ്ങളിലും ഭൂമി പിളര്‍ന്നുപോയതിന്റെ ഭീകരകാഴ്ചകള്‍ പുറംലോകത്തേക്ക് അറിഞ്ഞു തുടങ്ങിയതും ദിവസങ്ങള്‍ക്ക് ശേഷമാണ്.

പത്തുമീറ്ററിലധികം പോകാന്‍ സാധിക്കാത്ത രീതിയില്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. അതിവേഗത്തില്‍ ദുരിതാശ്വസാ ക്യാമ്പുകള്‍ തുടങ്ങുകയും ആളുകളെ മാറ്റി പാര്‍പ്പിക്കുകയുമായിരുന്നു ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗം. ക്യാമ്പുകളിലേക്ക് മാറ്റി ആളുകള്‍ക്ക് ഭക്ഷം എത്തിക്കുന്നതിനുള്ള ഗതാഗതമാര്‍ഗം പുനസ്ഥാപിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇരുട്ടു നിറഞ്ഞ ദിവസങ്ങളില്‍ കിലോമീറ്ററുകളോളം ജീവന്‍ പണയംവെച്ച് ഭക്ഷവസ്തുക്കള്‍ തലചുമടായി ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം ആരംഭിച്ചത്.

എംപിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിച്ച ബേസ് ക്യാമ്പ് ദുരിതാശ്വാസ ക്യാമ്പ് മറ്റ് ക്യാമ്പുകള്‍ക്ക് ആശ്വാസമായി. ഭക്ഷ്യ ഉല്‍പന്നങ്ങളും മരുന്നുകളും കൃത്യമായി ജില്ലയിലെ മറ്റു ക്യാമ്പുകളില്‍ എത്തിക്കാനായി. ഔദ്യോഗികവും അനൗദ്യോഗികവുമായ 400 ലധികം ക്യാമ്പുകളിലായി അരലക്ഷത്തോളം പേരാണ് ഉണ്ടായിരുന്നത്. ഒരിടത്തും പരാതിക്കിട നല്‍കാതെയാണ് ഭക്ഷ്യധാന്യ വിതരണം നടത്തിയത്. എംപി യുടെ ന്യൂഡല്‍ഹി ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ട് ടെലിഫോണിലൂടെയും നടത്തിയ അഭ്യര്‍ത്ഥനെയെ തുടര്‍ന്ന് രാജ്യത്തിന്റെ നിരവധി കേന്ദ്രങ്ങളില്‍ നിന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ നേതത്വത്തില്‍ ഇടുക്കിയിലേക്ക് സഹായ പ്രവാഹവും ഉണ്ടായി. ദിണ്ഡിക്കല്‍ എംപി ഉദയകുമാര്‍ ഏഴ് ട്രക്കുകള്‍ നിറയെ ഒരുകോടി രൂപയുടെ ഭക്ഷ്യോല്‍പന്നങ്ങളും വസ്ത്രങ്ങളും കേരളത്തില്‍ എത്തിച്ചു. എം.ബി രാജേഷ് എംപിയുടെ നേതൃത്വത്തില്‍ പാലക്കാട്, കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വിപുലമായ സഹായങ്ങളും എത്തിച്ചു.

തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും എംപി മാരാണ് വലിയ സഹായങ്ങളുമായി മുന്നോട്ടുവന്നത്. ഇതുകൂടാതെ, നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും വലിയതോതില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്നു. നൂറിലധികം പേരാണ് കട്ടപ്പനയില്‍ ക്യാമ്പ് ചെയ്ത് വസ്ത്രങ്ങളും മരുന്നുകളും ഭക്ഷ്യോല്‍പന്നങ്ങളും വിതരണം ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കി സാധനങ്ങളുടെ വിതരണം സുഗമമാക്കി. ജില്ലാ ഭരണകൂടത്തിന് ആവശ്യമായ നിര്‍ദേശം നല്‍കി സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടാണ് എം.പി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഉച്ചവരെ കട്ടപ്പനയിലെ പ്രധാന ക്യാമ്പില്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയശേഷം ഉച്ചകഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി എല്ലാവരെയും കണ്ട് സംസാരിച്ച് കുറവുകള്‍ അന്വേഷിച്ച് പരിഹാരം കാണാനും ജോയ്സ് ജോര്‍ജ്ജ് എംപി സമയം കണ്ടെത്തി. ബേസ് ക്യാമ്പില്‍ ചുമടെടുക്കാനും മറ്റ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ലോറിയില്‍ കയറ്റാനുമൊക്കെ ചെറുപ്പത്തിന്റെ ഉശിരോടെ നില്‍ക്കുന്ന എം.പി ദുരുതബാധിതര്‍ക്കുവേണ്ടി എന്തിനും തയ്യാറായി രംഗത്തുണ്ടായിരുന്നു. മാതൃകാപരമായ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ ജനങ്ങള്‍ക്കും സംതൃപ്തിയുണ്ട്.

പ്രളയത്തെ മുങ്ങിയ ചെങ്ങന്നൂരിനെയും ആലുവയെയും വെള്ളത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് എടുത്ത് ഉയര്‍ത്തിയത് മത്സ്യത്തൊഴിലാളികളാണെങ്കില്‍ ദുരിതക്കെടുതിയില്‍ ഒറ്റപ്പെട്ട ഇടുക്കിയിലേയ്ക്ക് സഹായവുമായി എത്തിയത് ഒരു പറ്റം ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാരായിരുന്നു. സംസ്ഥാനത്തെ താഴ്ന്ന മേഖലകളെ പ്രതിസന്ധിയിലാക്കിയത് കരകവിഞ്ഞൊഴുകിയ പുഴകളും വീടുകള്‍ വരെ മുങ്ങുന്ന വെള്ളപ്പൊക്കവുമായിരുന്നെങ്കില്‍ ഇടുക്കിയിലെ ഗ്രാമങ്ങളെ ഒറ്റപ്പെടുത്തിയത് തുടര്‍ച്ചയായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമായിരുന്നു. കനത്ത മഴയില്‍ മണ്ണിടിഞ്ഞും റോഡ് തകര്‍ന്നും ഒറ്റപ്പെട്ട ഹൈറേഞ്ച് ഗ്രാമങ്ങളിലേയ്ക്ക് ദുരിതാശ്വാസസാധനങ്ങളുമായി ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍ ഓടിയെത്തി. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് ദുരന്തമുഖത്ത് ഇവര്‍ ഓടിയെത്തിയത്.

പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ജില്ലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള പുരോഗതിയും ഫലപ്രദമായി നടപ്പാക്കുന്നതിന് എംപിയുടെ നേതൃത്വത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. ദുരന്തമുഖത്ത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും പ്രകടിപ്പിച്ച ഏകോപനവും കൂട്ടായ്മയും തുടരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ കേന്ദ്രാവിഷ്‌കൃത പദ്ധതികളും ജില്ലയുടെ സമഗ്ര പുനരുദ്ധാരണത്തിന് ഉപയോഗപ്പെടുത്തുംവിധം രൂപപ്പെടുത്തണമെന്ന് ജോയ്‌സ് ജോര്‍ജ് എംപി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും ജനങ്ങളും ദുരന്തമുഖത്ത് അമ്പരന്ന് നില്‍ക്കാതെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാതൃകയായി. രക്ഷാപ്രവര്‍ത്തനങ്ങളിലും റോഡുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിലും ദുതിരാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ എംപി അഭിനന്ദിച്ചു. ജില്ലയില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുന്ന ഘട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ നാടിന്റെ കരുത്തായി മാറി.

പൂര്‍ണമായി വൈദ്യുതിബന്ധങ്ങളും ഗതാഗത സൗകര്യങ്ങളും പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. പലയിടങ്ങളിലും മലകളും റോഡുകളും ഇരുന്നുപോകുകയും വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. പുതിയ റോഡുകള്‍വെട്ടിയാണ് നിലവില്‍ ഗതാഗത ക്രമീകരണങ്ങള്‍ നടത്തുന്നത്. ജില്ലയിലെ തകര്‍ന്ന റോഡ് ശൃംഖല പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്ര റിപ്പോര്‍ട്ട് ഉണ്ടാകണമെന്നും ജോയ്സ് ജോര്‍ജ് എംപി നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇടുക്കിയിനി മിടുമിടുക്കിയാകാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരും. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള തിരക്കിലാണ് ഇടുക്കിക്കാരുടെ ജനകീയ എംപി ജോയ്സ് ജോര്‍ജ്ജ്.

 

എ എം

comments


 

Other news in this section