Friday, November 24, 2017

ദാവൂദ് ഇബ്രാഹിമിന്റ സ്വത്തുക്കള്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു

Updated on 13-09-2017 at 10:33 am

ലണ്ടന്‍: മുംബൈ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. ദാവൂദ് ഇബ്രാഹിമിന്റെ ബ്രിട്ടനിലെ മുഴുവന്‍ സ്വത്തുക്കളും ഇന്ത്യയുടെ ആവശ്യപ്രകാരം പിടിച്ചെടുത്തിരിക്കുകയാണ് ബ്രിട്ടീഷ് അധികൃതര്‍. ദാവൂദിന്റെ 670 കോടിയുടെ സ്വത്താണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മരവിപ്പിച്ചത്. വാര്‍വിക്ക്‌ഷൈറിലെ ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. കറാച്ചിയിലുള്ള ദാവൂദിന്റെ മൂന്ന് വിലാസങ്ങളും 21 ഉപനാമങ്ങളും ബ്രിട്ടന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കറാച്ചി, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ശൃംഖലയുണ്ടെന്ന് അവകാശപ്പെടുന്ന ദാവൂദിന്റെ സംഘടനയ്ക്ക് ബ്രിട്ടനിലും വേരുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഫോബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടം പിടിക്കുന്ന ആളാണ് ദാവൂദ് ഇബ്രാഹിം. 1993ലെ മുംബെ സ്‌ഫോടന കേസില്‍ കുറ്റാരോപിതനാണ് ദാവൂദ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വര്‍ഷം മുന്‍പ് ബ്രിട്ടന്‍ സന്ദര്‍ശിക്കവേ ദാവൂദ് ഇബ്രാഹിമിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ദാവൂദ് ഇന്ത്യന്‍ പൗരനണെന്നും മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് അടുത്തുള്ള ഖേര്‍ എന്ന ഗ്രാമമാണ് ദാവൂദിന്റെ ജന്മസ്ഥലമെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2003 നവംബര്‍ ഏഴിനാണ് ഇയാളുടെ പേര് ആദ്യം ഉപരോധം ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ വന്നതെന്ന വിവരവും നല്‍കിയിട്ടുണ്ട്.
260 പേരുടെ മരണത്തിനിടയാക്കിയ 1993ലെ മുംബൈ ബോംബ് സ്‌ഫോടനങ്ങളിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. രാജ്യാന്തര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് പാക്ക് സര്‍ക്കാരിന്റെ ഒത്താശയോടെ അവിടെ ഒളിവില്‍ കഴിയുകയാണെന്നും വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നും വര്‍ഷങ്ങളായി ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്. മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ദാവൂദിന് അഭയം നല്‍കിയ പാക്കിസ്ഥാനും കനത്ത പ്രഹരമായിരിക്കുകയാണ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ബ്രിട്ടന്റെ നടപടി.

നേരത്തെ ഗള്‍ഫിലെ ദാവൂദിന്റെ സ്വത്തുക്കളും ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ട് കെട്ടിയിരുന്നു. ഭീകരവാദത്തിന് ചുക്കാന്‍ പിടിക്കുന്ന ദാവൂദ് ഉള്‍പ്പെടെയുള്ളവരെ പാക്കിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ കടന്ന് ചെന്ന് ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയില്‍ പാക്ക് പട്ടാളത്തിന്റെ സംരക്ഷണയിലാണ് ഇവര്‍ ഇപ്പോഴെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഡി കെ

 

comments


 

Other news in this section