Friday, May 24, 2019

തെരേസ മേയുടെ ചേക്കേഴ്‌സ് ഡീലിനെതിരെ മുന്‍ മന്ത്രിമാര്‍; ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിനും ഭീഷണിയെന്ന് റിപ്പോര്‍ട്ട്

Updated on 04-09-2018 at 6:52 am

ലണ്ടന്‍: അഴിക്കാന്‍ ശ്രമിക്കുംതോറും മുറുകുന്ന കുരുക്കായി ബ്രക്‌സിറ്റ് മാറുന്നു. ബ്രക്‌സിറ്റ് അനുകൂലികളായ ഭരണകക്ഷി അംഗങ്ങള്‍ പ്രധാനമന്ത്രി തെരേസ മേക്കെതിരെ ശക്തമായി രംഗത്തുണ്ട്. തെരേസ മേ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയായ ചെക്കേര്‍സ് ഡീലിനെതിരേ ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ രാജിവച്ച മുന്‍ മന്ത്രിമാര്‍ മുന്നറിയിപ്പുമായി വന്നിട്ടുണ്ട്. ഈ ഡീല്‍ മൂലം നേട്ടം യൂണിയന് മാത്രമാണെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇത് ബ്രിട്ടനെ ഇയുവിന്റെ ദാസ്യക്കാരാക്കുമെന്നാണ് ബോറിസ് പറഞ്ഞത്. ചെക്കേര്‍സ് ഡീല്‍ ദുരന്തം എന്ന് കുറ്റപ്പെടുത്തിയാണ് ബോറിസ് മന്ത്രിസ്ഥാനം രാജിവച്ചത്.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള കൂടിയാലോചനക്കുശേഷം ബ്രിട്ടന് ഒന്നുംകിട്ടാതെ പുറത്തുപോകേണ്ടിവരുമെന്ന് ബോറിസ് ജോണ്‍സന്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി യൂറോപ്യന്‍ യൂണിയന് വിജയം നല്‍കുമെന്നും ഡെയ്ലി ടെലഗ്രാഫിലെ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് പദ്ധതി ബ്രിട്ടന് വന്‍ ദുരന്തമായിരിക്കും സമ്മാനിക്കുകയെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

ബ്രെക്സിറ്റിനെച്ചൊലി തെരേസ മേയുടെ മന്ത്രിസഭയില്‍നിന്ന് അദ്ദേഹം രാജിവെക്കുകയായിരുന്നു. വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടീഷ് ഭരണകൂടം ഉണ്ടാക്കാന്‍ പോകുന്ന കരാര്‍ രാജ്യത്തെ ഭാവിയില്‍ അപകടത്തില്‍ ചാടിക്കുമെന്ന് അനവധി വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഏകീകൃത വ്യാപാര നിയമമുണ്ടാകുന്നത് ബ്രെക്സിറ്റിന് ശേഷം സ്വന്തമായി വ്യാപാര കരാറുണ്ടാക്കാന്‍ രാജ്യത്തിന് സാധിക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഒരുപടികൂടി കടന്നാണ് മുന്‍ ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവീസ് വന്നിട്ടുള്ളത്. തെരേസ മേയുടെ ചെക്കേര്‍സ് ഡീലിന് എതിരായി താന്‍ കോമണ്‍സില്‍ വോട്ട് രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഡേവിഡ് ഡേവീസ് നല്‍കിയിരിക്കുന്നത്. തെരേസയുടെ ഈ പദ്ധതി നടപ്പിലാക്കി യുകെ യൂണിയനില്‍ നിന്നും വിട്ട് പോയാല്‍ അത് രാജ്യത്തിന് യൂണിയനില്‍ തുടരുന്നതിനേക്കാള്‍ അപകടമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. തന്റെ ചെക്കേര്‍സ് പ്ലാനിലൂടെ കോമണ്‍സില്‍ അടുത്ത ആറ്മാസങ്ങള്‍ക്കിടെ യാതൊരു ഡീലും പാസാക്കിയെടുക്കാന്‍ തെരേസക്ക് സാധിക്കില്ലെന്ന് ഉറപ്പായി അധികം കഴിയുന്നതിന് മുമ്പാണ് ഈ ഡീലിന്റെ പേരില്‍ രാജി വച്ചിരിക്കുന്ന ഡേവിസ് ഇക്കാര്യത്തില്‍ തന്റെ നിലപാട് കടുപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

അടുത്ത വര്‍ഷം മാര്‍ച്ച് 29ഓടെ ബ്രെക്സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാനിരിക്കെ സ്വന്തം പാളയത്തില്‍നിന്ന് തന്നെ മേയ് കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. ബ്രെക്സിറ്റ് കരാറിന്റെ അന്തിമ ഫലം രാജ്യത്തിന് ഗുണകരമാവില്ലെന്ന് മുന്‍ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പറഞ്ഞു. ബ്രെക്സിറ്റ് വിഷയത്തില്‍ മേയ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. രണ്ടാം ഹിതപരിശോധന അവര്‍ തള്ളിയിട്ടുണ്ട്.

അതേസമയം ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്ന് രഹസ്യ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. രഹസ്യ സ്വഭാവമുള്ള ഇന്ത്യ-യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. ബ്രെക്സിറ്റാനന്തരമുള്ള പല നേട്ടങ്ങളും നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രെക്സിറ്റിനുശേഷം തങ്ങളുമായുള്ള വ്യാപരബന്ധം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതിനിടെയാണ് ഇത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്താവുന്നതോടെ ലോകത്തുടനീളം പുതിയ വ്യാപാരബന്ധം സ്ഥാപിക്കുമെന്നും ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ഇത് ഭക്ഷ്യസുരക്ഷക്കും മൃഗ സംരക്ഷണത്തിനും വേണ്ടിയായിരിക്കുമെന്നും ബ്രിട്ടീഷ് വക്താവ് പറയുന്നു. പുതിയ ബ്രെക്സിറ്റ് നയത്തിന്റെ ഭാഗമായി രാസവളത്തിന്റെ പ്രയോഗം, ഭക്ഷ്യോല്‍പന്നങ്ങളുടെ ശുചിത്വം, ഗുണനിലവാരം തുടങ്ങിയവയില്‍ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ മാറ്റങ്ങള്‍ വരുത്താനുമാകില്ല. ഇവയെല്ലാം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള അടുത്ത വ്യാപാര ബന്ധത്തിനും വിഘാതമാവുമെന്നാണ് വിലയിരുത്തല്‍.

 

 

 

 

 

എ എം

comments


 

Other news in this section