Thursday, November 15, 2018

തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി, മണിക്കൂറുകള്‍ക്കകം വിധി സ്റ്റേ ചെയ്തു

Updated on 09-11-2018 at 1:12 pm

അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്നായിരുന്നു പരാതി. അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഹൈക്കോടതി തന്നെ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിക്കണമെന്ന ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. രാവിലെ വിധി പറഞ്ഞ ജസ്റ്റിസ് പി ഡി രാജന്‍ തന്നെയാണ് സ്റ്റേയും അനുവദിച്ചത്.

അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് ഷാജിയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പിന് 50,000 രൂപ നികേഷിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗും അറിയിച്ചിട്ടുണ്ട്. ഹീനമായ മാര്‍ഗത്തിലൂടെ എംഎല്‍എയായ ഷാജി കേരളത്തോട് മാപ്പ് പറയണമെന്ന് എം സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു. 2462 വോട്ടിനാണ് ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്.

തന്റെ നിയമസഭാഗത്വം റദ്ദ് ചെയ്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കെ എം ഷാജി പ്രതികരിച്ചു. ഒട്ടുവൈകാതെ തന്നെ സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് ഷാജി പറയുന്നത്. തനിക്കെതിരെ ഉണ്ടായ വിധി സ്റ്റേ ചെയ്യാനാണ് ഷാജി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നു കണ്ടെത്തിയാണ് അഴിക്കോട് മണ്ഡലത്തിലെ എംഎല്‍എ ആയ ഷാജിയുടെ നിയമസഭാഗത്വം ഹൈക്കോടതി റദ്ദ് ചെയ്തത്. ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ഷാജിക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിധിയെ നിയമപരമായി തന്നെ നേരിടുമെന്നാണ് കെ എം ഷാജി പ്രതികരിക്കുന്നത്.

എ എം

comments


 

Other news in this section