Monday, October 22, 2018

തണുത്തു വിറച്ച് അയര്‍ലണ്ട് ; ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്‌സിനേഷനുമായി ഗവണ്‍മെന്റ്

Updated on 27-11-2017 at 7:05 am

 

അയര്‍ലണ്ടില്‍ ശൈത്യം കടുത്തതോടെ അസുഖങ്ങള്‍ പടര്‍ന്ന് പിടിക്കുകയാണ്. കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ശൈത്യവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ കൂടിയിട്ടുണ്ട്. ഹെല്‍ത്ത് സെന്ററുകളിലും സ്വകാര്യ ആശുപത്രിയിലും നിരവധി രോഗികളാണ് ശൈത്യം മൂലമുള്ള രോഗ ചികിത്സയ്ക്കായി എത്തിച്ചേരുന്നത്. പൂജ്യം ഡിഗ്രി വരെയുള്ള തണുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ പലയിടത്തും അനുഭവപ്പെട്ടത്. ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ‘ബി വിന്റര്‍ റെഡി’ ഫ്‌ലൂ വാക്‌സിനേഷന്‍ കാംപെയിന് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തുക്കമിട്ടിരുന്നു.

പനിയും ജലദോഷവും അനുബന്ധ രോഗങ്ങളുമാണ് തണുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നതെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ (HSPC) അറിയിച്ചു. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജലദോഷം, പനി, ചുമ, തൊണ്ടവേദന, ശരീര വേദന, ചര്‍ദ്ദ്യതിസാരം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. ഇത് ഒരാഴ്ചക്കുള്ളില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാകുന്നു. ചിലരില്‍ ഇത് വര്‍ദ്ധിച്ച് ന്യുമോണിയയായി മാറുന്നുണ്ട്.

കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തില്‍ വസ്ത്ര ധാരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ ഉറപ്പ് വരുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി അവസാനം വരെ ശൈത്യം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം.

കുട്ടികളില്‍ പ്രതിരോധ ശേഷി കുറവാണെന്നതിനാല്‍ മുതിര്‍ന്നവര്‍ക്കുള്ള ചെറിയ ജലദോഷം പോലും കുട്ടികളില്‍ പൊടുന്നനെ പടര്‍ന്നു പിടിക്കാനിടയാകുമെന്നും ജലജന്യ രോഗങ്ങളും ഈ കാലയളവില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും HSE മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന് താങ്ങാവുന്നതിലുപരി തണുപ്പും തണുത്ത കാറ്റുമാണ് പലര്‍ക്കും പ്രശ്നം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ നിരവധി ആളുകളാണ് വൈറല്‍ രോഗങ്ങള്‍ കാരണം ക്ലിനിക്കുകളില്‍ എത്തിയത്. പലരും കുടുംബമായാണ് എത്തുന്നത്.

എല്ല്, വാത സംബന്ധമായ അസുഖമുള്ളവരും തണുപ്പ് കൂടുന്നതോടെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് ആശുപത്രികളില്‍ എത്തുന്നുണ്ട്. കടുത്ത തണുപ്പില്‍ അതി രാവിലെതന്നെ ജോലിസ്ഥലത്തേയ്ക്ക് പോകേണ്ടി വരുന്ന തൊഴിലാളികള്‍ക്കും വൈകീട്ട് തണുപ്പോട് കൂടി തന്നെ അപര്യാപ്തമായ സൗകര്യങ്ങളില്‍ തിരിച്ച് ക്യാന്പുകളിലേയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നവര്‍ക്കും ഇത്തരത്തിലുള്ള അസുഖം പിടിപെടാനുള്ള സാധ്യതകള്‍ കൂടുതലാണ്.

ആന്റിബയോട്ടിക്കുകള്‍ സ്വയം നല്‍കുന്നത് തെറ്റാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിയ്ക്കും രോഗ ലക്ഷണങ്ങള്‍ക്കും ഇണങ്ങുന്ന തരത്തിലുള്ള ആന്റി ബയോട്ടിക്കുകളാണ് നല്‍കേണ്ടതെന്നും അതുകൊണ്ട് തന്നെ വിട്ടു മാറാത്ത പനിയുണ്ടെങ്കില്‍ ക്ലിനിക്കല്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ചെറിയ കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലും ഇത്തരം രോഗങ്ങള്‍ പടരാതെ നോക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

രോഗം മാറിയ ശേഷവും തണുപ്പത്ത് സഞ്ചരിക്കുകയും തണുത്ത വെള്ളം കുടിക്കുകയും ചെയ്യുന്നത് രോഗം വീണ്ടും വരാന്‍ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ തണുപ്പ് കാലത്ത് പുറത്തു പോകുന്പോള്‍ പ്രത്യേകിച്ച് കുട്ടികളെ ശരീരം നല്ലവണ്ണം പൊതിഞ്ഞു കൊണ്ടു പോകേണ്ടതാണ്. കുറഞ്ഞത് I ഡിഗ്രി മുതല്‍ 12 ഡിഗ്രി വരെയാണ് അയര്‍ലന്റിലെ താപനില. ഫെബ്രുവരി അവസാനത്തോടെ ശൈത്യം കുറയുമെന്നുമാണ് കാലാവസ്ഥാ പ്രവാചകരുടെ കണക്കു കൂട്ടല്‍.

 

ഡികെ

 

comments


 

Other news in this section