Monday, June 25, 2018

തടവുകാരുടെ ഭാഗ്യ കൊടുങ്കാറ്റായി ഇര്‍മ: രക്ഷപെട്ടത് നൂറിലേറെ ക്രിമിനലുകള്‍…

Updated on 13-09-2017 at 8:55 am

ലണ്ടന്‍: വെര്‍ജിന്‍ ദ്വീപിനെ ഇര്‍മ ചുഴറ്റിയെറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടത് നൂറിലധികം കൊടുംക്രിമിനലുകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഇര്‍മ കൊടുങ്കാറ്റ് ഫ്‌ളോറിഡയിലും കരീബിയന്‍ ദ്വീപുകളിലും നാശം വിതക്കുന്നതിനിടയിലാണ് ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍ ദ്വീപുകളിലെ ജയിലില്‍നിന്നും നൂറിലേറെ കൊടും ക്രിമിനലുകള്‍ രക്ഷപ്പെട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രി സര്‍ അലന്‍ ഡങ്കണാണ് ഈ വിവരം പുറത്തുവിട്ടത്.

ക്രിമിനലുകളുടെ സാന്നിധ്യം ദ്വീപുകളില്‍ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവര്‍ണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയല്‍ മറീനുകളെ ബ്രിട്ടീഷ് സര്‍ക്കാര്‍ വെര്‍ജിന്‍ ദ്വീപുകളിലേക്ക് അയച്ചിരിക്കുകയാണ്. 47 പോലീസുകാരും ഇവര്‍ക്കൊപ്പമുണ്ട്. സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണും എത്തും.

കരീബിയനിലെ വെര്‍ജിന്‍ ദ്വീപുകളിലുള്ള ബ്രിട്ടീഷുകാരെ കൊടുങ്കാറ്റിന്റെ കെടുതികളില്‍നിന്നും രക്ഷിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയല്‍ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദര്‍ശനത്തിന് തയാറായതും. 87,000 ബ്രിട്ടീഷുകാരാണ് കരീബിയന്‍ ദ്വീപുകളില്‍ കൊടുങ്കാറ്റിന്റെ കെടുതികള്‍ക്കിരയായത്. ദ്വീപുനിവാസികള്‍ക്കായി 32 മില്യണ്‍ പൗണ്ടിന്റെ അടിയന്തര സഹായം ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. 2,300 സോളാര്‍ വിളക്കുകളും 2,500 താല്‍കാലിക കൂടാരങ്ങളും അടക്കം 40 ടണ്‍ അവശ്യസാധനങ്ങളുമായാണ് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെര്‍ജിന്‍ ദ്വീപുകളില്‍ എത്തിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ 250 റോയല്‍ മെറീനുകളെ അധികമായി അയയ്ക്കാനും പദ്ധതിയുണ്ട്. വെര്‍ജിന്‍ ഗ്രൂപ്പ് ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ ”നെക്കറും” കൊടുങ്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

 

ഡി കെ

 

 

comments


 

Other news in this section