Tuesday, February 20, 2018

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ: 80 കടന്ന് യൂറോ

Updated on 08-02-2018 at 12:03 pm

ഡബ്ലിന്‍: രൂപയുടെ മൂല്യം കഴിഞ്ഞ 6 മാസത്തിനിടയില്‍ കുറഞ്ഞ നിലവാരത്തിലെത്തി. ഓഹരി വിപണിയും വരും ദിവസങ്ങളില്‍ ഇടിയുമെന്ന സൂചനയാണ് വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. കയറ്റുമതി ഉത്പന്നങ്ങളിലുണ്ടായ ഇടിവ് രാജ്യത്തിന്റെ ധനകാര്യ മേഖലക്ക് നഷ്ടങ്ങള്‍ വരുത്തുന്നതായി പുറത്തുവിട്ട വാര്‍ത്തകള്‍ വ്യക്തമായിരുന്നു.

രാജ്യത്ത് നിലവില്‍ വന്ന ജി.എസ്.ടി നികുതി സമ്പ്രദായങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ പ്രായോഗികതലത്തില്‍ വ്യപാര മേഖലക്ക് നഷ്ടങ്ങള്‍ വരുത്തിവെച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, കയറ്റുമതി-ഇറക്കുമതി തുടങ്ങിയ വ്യാപാര പ്രക്രിയകളിലുണ്ടാകുന്ന മാറ്റം അന്താരാഷ്ട്രതലത്തില്‍ രൂപയുടെ മൂല്യം കുറയാനിടയാക്കി. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ സമീപകാലത്തുണ്ടായ വര്‍ധനവും കറന്‍സി മൂല്യം കുറഞ്ഞതിന് അടിവരയിടുന്ന ഘടകങ്ങളാണ്.

റിസര്‍വ്ബാങ്കിന്റെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് വര്‍ധിപ്പിച്ചിരുന്നു. കാര്‍ഷിക മേഖലയില്‍ ഉത്പാദന മേഖലയിലുണ്ടായ കുറവും കയറ്റുമതിയെ സാരമായി ബാധിച്ചുതുടങ്ങിയിരുന്നു. യൂറോസോണിലുണ്ടായ സാമ്പത്തിക വളര്‍ച്ചാ നിരക്ക് യൂറോയുടെ നിരക്കില്‍ 30 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടാക്കി.

ബ്രക്സിറ്റ് മുന്നില്‍ കണ്ടുകൊണ്ടുള്ള യൂണിയന്‍ രാജ്യങ്ങളുടെ കരുതല്‍ നടപടിയാണ് യൂറോയുടെ മൂല്യത്തില്‍ ഇത്രകണ്ട് വളര്‍ച്ചയുണ്ടാക്കിയതെന്ന് യൂറോപ്പിലെ സാമ്പത്തിക വിശകലന ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മ കുറച്ച്, ഉത്പാദന മേഖലകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടുള്ള നയപരിപാടികളും യൂറോയെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചു. കുറഞ്ഞ ജനസംഖ്യയും വര്‍ധിച്ച പ്രതിശീര്‍ഷ വരുമാനവും കൂടുതല്‍ നിക്ഷേപ സാഹചര്യങ്ങളും യൂറോപ്പിനെ കഴിഞ്ഞകാല സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും 90 ശതമാനം വരെ കരകയറ്റുകയായിരുന്നു.

 

ഡികെ

 

comments


 

Other news in this section