Wednesday, April 24, 2019

ഡോ. ഡി. ബാബു പോള്‍ അന്തരിച്ചു

Updated on 13-04-2019 at 10:05 am

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ജേതാവും മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. ഡി ബാബു പോള്‍ അന്തരിച്ചു. 77 വയസായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനായിരുന്ന ബാബു പോള്‍ ഇന്ന് വെളുപ്പിനെയാണ് അന്തരിച്ചത്. മൃതദേഹം രാവിലെ ഒന്‍പതു മണിക്ക് പുന്നന്‍ റോഡിലെ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കുറവന്‍കോണം മമ്മീസ് കോളനിയിലെ വസതിയില്‍ എത്തിക്കും. ഞായറാഴ്ച നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍ സംസ്‌കാരം.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും, സ്‌പെഷ്യല്‍ കലക്ടറുമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കിഫ്ബി ഭരണ സമിതി അംഗമായും നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ബാബു പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി.എ.പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്റെ ജനനം. 21-ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59-ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ചു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ ‘മെന്റര്‍ എമിരറ്റസ്’ ആയിരുന്നു

ബാബു പോളിന്റെ വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശത്തിനാണ് 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. മാധ്യമം പത്രത്തില്‍ ‘മധ്യരേഖ’ എന്ന പേരില്‍ ഒരു പംക്തിയും ബാബുപോള്‍ കൈകാര്യം ചെയ്തിരുന്നു.
ഉത്തരസ്യാം ദിശി (ഇടുക്കിയിലെ സേവന കാലം സംബന്ധിച്ച അനുഭവക്കുറിപ്പുകള്‍), കഥ ഇതുവരെ (അനുഭവക്കുറിപ്പുകള്‍), വേദശബ്ദരത്നാകരം, രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ചാണ്ടി വരെ, നിലാവില്‍ വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നിവയാണ് പ്രധാന കൃതികള്‍. മാനേജ്‌മെന്റ്‌റ് സ്റ്റഡീസില്‍ പിഎച്ച്ഡിയും നേടി.

കിഫ്ബി ഭരണസമിതി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കവെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയതാണ് ഒടുവില്‍ മാധ്യമശ്രദ്ധയിലെത്തിയത്. തിരുവനന്തപുരത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.

പരേതയായ അന്ന ബാബു പോള്‍ (നിര്‍മല) ആണ് ഭാര്യ. രണ്ടു മക്കള്‍. മറിയം ജോസഫ് (നീബ), ചെറിയാന്‍ സി.പോള്‍ (നിബു).

comments


 

Other news in this section