Tuesday, July 16, 2019

ഡബ്ലിന്‍ അന്തരീക്ഷ മലിനീകരണത്തിന്റെ പിടിയില്‍; ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന നൈട്രജന്‍ ഡയോക്സൈഡിന്റെ സാനിദ്ധ്യം അപകടകരമായ തോതില്‍ എന്ന് ഇ .പി .എ റിപ്പോര്‍ട്ട്

Updated on 09-07-2019 at 10:08 am

ഡബ്ലിന്‍ : ഡബ്ലിനില്‍ അന്തരീക്ഷമലിനീകരണം അതിരൂക്ഷമാണെന്ന് എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി. മുന്നറിയിപ്പ്. കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന നൈട്രജന്‍ ഡയോക്സൈഡിന്റെ സാനിദ്ധ്യം ഇ.യു നിഷ്‌കര്‍ഷിക്കുന്ന അളവിലും കൂടിയത് പൊതു ജനാരോഗ്യത്തിന് അപകടകരമാണെന്നും ഇ.പി എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്ലിന്‍ സിറ്റി സെന്ററിലാണ് ഈ വിഷവാതകത്തിന്റെ അളവ് കൂടുതലായും കണ്ടെത്തിയത്.

എം50 മോട്ടോര്‍ വേ, പോര്‍ട്ട് ടണല്‍ എന്‍ട്രന്‍സ് , എക്‌സിറ്റ് ഭാഗങ്ങളിലും നൈട്രജന്‍ ഡയോക്സൈഡിന്റെ പരിധിയില്‍ കൂടിയ അളവ് കണ്ടെത്തിയിട്ടുണ്ട്. ഡബ്ലിനിലെ അന്തരീക്ഷ മലിനീകരണം തടയാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപെടിയെടുക്കാന്‍ ഇ.പി.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ മലിനീകരണമുള്ള നഗരങ്ങളെക്കാള്‍ കൂടുതല്‍ മലിനീകരണം ഡബ്ലിന്‍ നേരെയിടുകയാണെന്നും ഇ.പി.എ പറയുന്നു.

രാജ്യത്തെ ഗതാഗത- വ്യവസായ മേഖലകളില്‍ നിന്നാണ് നൈട്രജന്‍ ഡയോക്സൈഡ് അന്തരീക്ഷത്തില്‍ എത്തുന്നത്. യൂണിയന്‍ രാജ്യങ്ങളില്‍ മലിനീകരണം കുറയ്ക്കാനുള്ള നടപടികളില്‍ അയര്‍ലണ്ടു വളരെ പിന്നാക്കം പോകുന്നതായി ഇടയ്ക്കിടെ യൂണിയന്‍ അയര്‍ലന്‍ഡിന് അറിയിപ്പ് നല്കാറുണ്ടെകിലും ഈ അറിയിപ്പ് അവഗണിക്കപ്പെടാറുണ്ട്. വര്‍ഷത്തില്‍ നൈട്രജന്‍ ഡയോക്സൈഡ് അളവ് 40 മൈക്രോഗ്രാം പെര്‍ ക്യൂബിക്ക് മീറ്റര്‍ മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാല്‍ അയര്‍ലണ്ടില്‍ ഇരട്ടിയിലും അധികമായി ഈ വിഷ വാതകം അന്തരീഷത്തിലെത്തുന്നുണ്ട്.

ആസ്മയും, മറ്റു അനുബന്ധ ശാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഈ വാതകം ഉയര്‍ത്തുന്നത്. രോഗം ഇല്ലാത്തവരും ഇത്തരം രോഗങ്ങളുടെ പിടിയില്‍ പെടാനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല കുട്ടികളിലും, പ്രായമായവരിലും, ഗര്‍ഭിണികളിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഈ വാതകത്തിനു കഴിയും. കൂടാതെ അമ്ല മഴയ്ക്കും കാരണമായിട്ടുള്ള വാതകമാണ് നൈട്രജന്‍ ഡയോക്സൈഡ്.

comments


 

Other news in this section