Thursday, June 21, 2018

ഡബ്ലിനെ പ്രകമ്പനം കൊള്ളിച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ റാലി; ജീവന്റെ മഹത്വം വിളിച്ചോതി ആവേശമായി മലയാളികളും

Updated on 11-03-2018 at 9:38 am

 

ജീവന്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രോലൈഫ് മാര്‍ച്ചിന് ഈ വര്‍ഷം മലയാളികളില്‍ നിന്നുള്‍പ്പെടെ അഭൂതപൂര്‍വമായ പ്രതികരണം. ഡബ്ലിനില്‍ നടന്ന റാലി ഫോര്‍ ലൈഫ് വാര്‍ഷിക റാലിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എട്ടാം ഭേദഗതി നിലനിര്‍ത്താന്‍ കഠിനമായി പരിശ്രമിക്കുമെന്നും ഗര്‍ഭഛിദ്രത്തെക്കുറിച്ചുള്ള ഏതൊരു അഭിപ്രായ വോട്ടെടുപ്പും പരാജയപ്പെടുത്തുമെന്നും പ്രവര്‍ത്തകര്‍ ഉത്‌ഘോഷിച്ചു. പങ്കെടുത്തവരുടെ എണ്ണത്തിലും മലയാളിപ്രാതിനിധ്യത്തിലും, വിശിഷ്ട ആത്മീയാചാര്യന്മാരുടെ എണ്ണം കൊണ്ടും ഡബ്ലിനിലെ പ്രോലൈഫ് മാര്‍ച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചു. ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂത്ത് ഡിഫന്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് ഗ്രൂപ്പായ പ്രഷ്യസ് ലൈഫ് എന്നിവയുള്‍പ്പെടെ വിവിധ ഗര്‍ഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകളുടെ അനുയായികളാണ് ഇന്നലെ റാലിയില്‍ അണിചേര്‍ന്നത്. പാര്‍നല്‍ സ്‌ക്വയറില്‍ ആരംഭിച്ച റാലി ഓ കോണല്‍ സ്ട്രീറ്റിലൂടെ റാലി മെറിയോണ്‍ സ്‌ക്വയറില്‍ സമാപിച്ചു.

ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് തുടക്കമിട്ട റാലിയിലും മാര്‍ച്ചിലും രാഷ്ട്രീയ, ആത്മീയ, സാംസ്‌കാരിക, പ്രോലൈഫ് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. പ്രോലൈഫ് മുദ്രാവാക്യങ്ങളും, ബഹുവര്‍ണ പോസ്റ്ററുകളും, ബാനറുകളും, ഉച്ചഭാഷിണിയും, പാട്ടും, നടത്തവുമെല്ലാം മാര്‍ച്ചിനു കൊഴുപ്പേകുന്നതോടൊപ്പം മാര്‍ച്ചുകാര്‍ക്ക് ആവേശവും പകര്‍ന്നു.

ഇന്നലെ ഡബ്ലിന്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസമുദ്രമായി മാറി. വര്‍ധിത ആവേശത്തോടെ, കയ്യില്‍ ജീവന്റെ മഹത്വം ഉദ്ഘോഷിക്കുന്ന വിവിധ പ്ലാക്കാര്‍ഡുകളും പിടിച്ച് കൊച്ചുകുട്ടികള്‍ മുതല്‍ സീനിയര്‍ സിറ്റിസണ്‍സ് വരെ, വൈദികസന്യസ്തര്‍ മുതല്‍ വൈദിക മേലധ്യക്ഷന്മാര്‍ വരെ മാര്‍ച്ചില്‍ അണിനിരന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും, ഭിന്നശേഷിക്കാരായ കുട്ടികളുമായി മാതാപിതാക്കളും, നടക്കാന്‍വയ്യാത്ത കുഞ്ഞുങ്ങളെ സ്ട്രോളറില്‍ ഇരുത്തി ഉന്തി ബന്ധുജനങ്ങളും, പ്രോലൈഫ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി റാലിയില്‍ പങ്കെടുത്തു.

കാത്തലിക് സ്‌കൂളുകളില്‍ നിന്നും മതബോധന സ്‌കൂളുകളില്‍ നിന്നും വൈദിക സെമിനാരികളില്‍ നിന്നുമായി ധാരാളം ആള്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് ബസുകളിലായി തലസ്ഥാനത്ത് എത്തിചേര്‍ന്ന് ജീവന്റെ മഹത്വം ഉത്ഘോഷിച്ചുകൊണ്ട് കൊച്ചു ഗ്രൂപ്പുകളായി ജാഥയില്‍ പങ്കുചേര്‍ന്നു. വിവിധ ഇടവകകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, കന്യാസ്ത്രിമഠങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിനു വൈദികരും, കന്യാസ്ത്രിമാരും, അല്‍മായരും, പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും ജീവന്‍ രക്ഷാമാര്‍ച്ചില്‍ തോള്‍ചേര്‍ന്നു.

അയര്‍ലണ്ടിന്റെ നാനാഭാഗങ്ങളില്‍നിന്നായി എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരും, വോളന്റിയര്‍മാരും, അനുഭാവികളും ജീവന്റെ സംരക്ഷണത്തിനായി ഒത്തുകൂടിയത് മഹത്തായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്. ജീവന്റെ സംരക്ഷണത്തിനും, കുടുംബമൂല്യങ്ങളുടെ പോഷണത്തിനും ഊന്നല്‍നല്‍കി നടത്തപ്പെടുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് അയര്‍ലണ്ടിനെ പ്രകമ്പനം കൊള്ളിച്ചു. ഗര്‍ഭസ്ഥശിശു മാതാവിന്റെ ഉദരത്തില്‍ ജീവന്റെ തുടിപ്പുമായി കുതിക്കുന്നതു മുതല്‍ സ്വാഭാവികമായി ആ ജീവന്‍ നശിക്കുന്നതുവരെ മനുഷ്യജീവന്‍ വളരെ പരിപാവനവും, വിലമതിക്കാനാവാത്തതുമാണെന്നും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതു സംരക്ഷിക്കപ്പെടേണ്ട ത് അനിവാര്യമാണെന്നും വിളിച്ചോതിക്കൊണ്ട ായിരുന്നു പ്രോലൈഫ് പ്രവര്‍ത്തകരും, അനുഭാവികളും സമാധാനപരമായി റാലിയില്‍ പങ്കെടുത്തത്.

എട്ടാം ഭേദഗതിയും അതിന്റെ ഫലങ്ങളും നിയമനിര്‍മ്മാണത്തിലും ബന്ധപ്പെട്ട വിഷയങ്ങളിലും പരിഗണിക്കുന്നതിനാണ് അസംബ്ലി രൂപീകരിച്ചത്. വിവാദ നിയമം നടപ്പാക്കണമെന്ന സിറ്റിസണ്‍ അസംബ്ലി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ച് നടത്തുന്ന റെഫറണ്ടം ഈ വര്‍ഷം നടക്കാനിരിക്കെയാണ്. അതേസമയം ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച റഫറണ്ടത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.

അബോര്‍ഷന്‍ സംബന്ധിച്ച ഏതൊരു വോട്ടെടുപ്പും ആധികാരികമായി പരാജയപ്പെടുത്തുമെന്ന് വരേദ്കര്‍ക്ക് വ്യക്തമായ സന്ദേശമാണ് പതിനായിരക്കണക്കിന് ജനങ്ങള്‍ ഗര്‍ഭഛിദ്രത്തിന് എതിരായി ഒത്തുകൂടിയതിലൂടെ സൂചിപ്പിക്കുന്നതെന്ന് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയാം യു ബ്രെയിന്‍ പറഞ്ഞു. ‘ഗര്‍ഭഛിദ്രമാണ് ഏക മാര്‍ഗമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ജനഹിതപരിശോധനയെ പരാജയപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ച് കഠിനമായി പരിശ്രമിക്കും. നിങ്ങള്‍ സാധാരണ ജനങ്ങളോട് ഗര്‍ഭഛിദ്രത്തെക്കുറിച്ചു ചോദിച്ചാല്‍ അത് സങ്കടകരവും അനാവശ്യവുമാണെന്ന മറുപടിയായിരിക്കും ലഭിക്കുക. ഞങ്ങളുടെ കാഴ്ചപ്പാടില്‍ ഗര്‍ഭച്ഛിദ്രം അപരിഷ്‌കൃതമായ ഒന്നാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍, രാഷ്ട്രീയ പ്രസരിപ്പിന്റെയും, മീഡിയ കവറേജിന്റെയും പേരില്‍ ജനഹിതപരിശോധന നടത്തുകയാണെങ്കില്‍ എട്ടാം ഭേദഗതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വോട്ടുകള്‍ എതിരായിരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭത്തില്‍ അകാലത്തില്‍ നശിപ്പിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ജീവന്‍ കിട്ടിയിരുന്നെങ്കില്‍ സമൂഹത്തില്‍ അവര്‍ക്കും വ്യതിയാനങ്ങള്‍ വരുത്താന്‍ സാധിക്കും. സ്വയം ശബ്ദിക്കാന്‍ സാധിക്കാത്ത ഇവര്‍ക്ക് മറ്റുള്ളവരോടൊപ്പം പുറം ലോകം കാണുന്നതിനോ, ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് ലോകത്ത മാറ്റിമറിക്കുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെടുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളിലെ പ്രോലൈഫ് മിനിസ്ട്രികളിലൂടെ നിസ്വാര്‍ത്ഥസേവനം ചെയ്തുകൊണ്ടിരിക്കുന്നു.

 

ഡികെ

 

comments


 

Other news in this section