Friday, August 23, 2019

ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന

Updated on 11-02-2019 at 7:04 am

അമേരിക്കയുടെ പിന്തുണയോടെ ഐഎസ്സിന്റെ സിറിയയിലെ അവസാനത്തെ സങ്കേതത്തിനെതിരായ യുദ്ധം ആരംഭിച്ചതായി കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ആര്‍മിയുടെ വക്താവ് അറിയിച്ചു. സിറിയയില്‍ ഐഎസ്സിന്റെ പതനം പൂര്‍ത്തിയായെന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണെന്നും കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ട്രംപിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് സിറിയയിലെ കിഴക്കന്‍ പ്രവിശ്യയായ ഡീര്‍ എസ്-സോറിലെ ഇരുപതിനായിരത്തോളം ജനങ്ങളെ ഒഴിപ്പിച്ച ശേഷം സൈനിക നീക്കം ആരംഭിച്ചത്. ഈ പ്രവിശ്യയിലെ ബാഖുസ് ഗ്രാമം കേന്ദ്രീകരിച്ചാണ് അമേരിക്കയുടേയും സിറിയന്‍ ഡെമോക്രാറ്റിക് ആര്‍മിയുടേയും സൈന്യം നീങ്ങുന്നത്. സിറിയയില്‍ ഐ.എസ് നിയന്ത്രണമുള്ള അവസാന മേഖലയാണിത്. ഇവിടെനിന്ന് സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ പത്തു ദിവസം അനുവദിച്ചിരുന്നു. ഇതുപ്രകാരം ശനിയാഴ്ചയോടെ 20,000ത്തോളം നാട്ടുകാരാണ് ഇവിടെനിന്ന് പലായനം ചെയ്തത്.ശനിയാഴ്ച രാത്രി പത്തിലേറെ ഐ.എസ് ഭീകരര്‍ എസ്.ഡി.എഫ് സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു.

യുഎസ് വ്യോമാക്രമണത്തിന്റെ പിന്തുണയോടെയാണ് സൈന്യത്തിന്റെ മുന്നേറ്റം. സിറിയയുടെ വടക്കന്‍, കിഴക്കന്‍ പ്രവിശ്യകളില്‍ കനത്ത സ്വാധീനമുണ്ടായിരുന്ന ഐഎസ് ഇപ്പോള്‍ ബാഖുസ് ഗ്രാമത്തിലേക്ക് ഒതുങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങളിലാണ് പ്രധാന പോരാട്ടം. പത്തു ദിവസത്തോളം ആക്രമണത്തില്‍ നിന്നു പിന്മാറി നിന്ന ശേഷമാണ് കുര്‍ദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) ശനിയാഴ്ച രാത്രിയോടെ ‘അന്തിമയുദ്ധം’ ആരംഭിച്ചിരിക്കുന്നത്. ഏറ്റുമുട്ടലില്‍ പത്തു ഭീകരര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ രക്ഷപ്പെടുകയും ചെയ്തു. ഐ.എസ് നിയന്ത്രണത്തിലുള്ള രണ്ടു ഗ്രാമങ്ങള്‍ സേന പുറത്തുനിന്നു വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണെന്ന് സേന വക്താവ് ബാലി പറഞ്ഞു. ഗ്രാമങ്ങളില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഏറ്റവും പരിചയം സിദ്ധിച്ച ഭീകരരാണെന്നും ഇതിനാല്‍ ദൗത്യം കടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്ഡിഎഫിന് യുഎസ് സൈന്യമാണു പരിശീലനം നല്‍കുന്നത്. ലോകത്ത് ഇനി ഐഎസ് ഇല്ല എന്ന നല്ല വാര്‍ത്ത വൈകാതെ തന്നെ കേള്‍ക്കാമെന്ന് എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി ട്വീറ്റ് ചെയ്തു. പോരാട്ടത്തിനു മുന്നോടിയായി സാധാരണക്കാര്‍ക്ക് ഒഴിഞ്ഞു പോകാന്‍ അവസരം നല്‍കി എസ്ഡിഎഫ് പത്തു ദിവസത്തോളം യുദ്ധത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഐ.എസ് ഭീകരര്‍ പലയിടത്തും കുഴിബോംബുകള്‍ സ്ഥാപിച്ചതിനാല്‍ വളരെ സൂക്ഷിച്ചാണ് എസ്.ഡി.എഫ് സേന മുന്നേറുന്നതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ് അറിയിച്ചു. സേനയ്ക്കു വേണ്ട എല്ലാ സുരക്ഷയും യു.എസ് നേതൃത്വത്തിലുള്ള സഖ്യസേനാ വിമാനങ്ങള്‍ ഒരുക്കിനല്‍കുന്നുണ്ടെന്നും സംഘം പറഞ്ഞു.

എന്നാല്‍, കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്തു നിന്ന് വന്‍ തോതില്‍ ഒഴിഞ്ഞു പോകുന്ന ജനങ്ങള്‍ക്കൊപ്പം ഐഎസ് പോരാളികളും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ സിറിയയില്‍നിന്നു രക്ഷപ്പെട്ട് ഇറാക്കിലേക്കു കടക്കാന്‍ ശ്രമിക്കുന്ന ഐഎസ് ഭീകരരെ പിടികൂടാന്‍ സഖ്യസേനയിലെ ഫ്രഞ്ച് സൈനികര്‍ ഇറാഖ് അതിര്‍ത്തിയില്‍ കാവലുണ്ട്.

comments


 

Other news in this section