Monday, July 22, 2019

ജീവിത സമരത്തില്‍ ചെങ്കോട്ട തീര്‍ത്ത് കര്‍ഷകര്‍

Updated on 12-03-2018 at 11:30 am

 

സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനാണ് മുംബൈ സാക്ഷ്യംവഹിക്കുന്നത്. മുപ്പതിനായിരത്തോളം വരുന്ന കര്‍ഷകരുമായി നാസിക്കില്‍നിന്ന് ആരംഭിച്ച ലോങ് മാര്‍ച്ച് മുംബൈയില്‍ എത്തിയതോടെ ഒരു ലക്ഷത്തോളം പേര്‍ മാര്‍ച്ചില്‍ അണിചേര്‍ന്നുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ മാര്‍ച്ച് ആറിന് നാസികിലെ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ് ചൗക്കില്‍ നിന്ന് തുടങ്ങിയ ലോംഗ് മാര്‍ച്ച് ഇന്ന് മുംബൈയിലേക്ക് കടന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് അഖിലേന്ത്യ കിസാന്‍ സഭ മഹാരാഷ്ട്ര ഘടകം നേതൃത്വം നല്‍കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍, വനാവകാശ നിയമം നടപ്പാക്കല്‍, ദരിദ്ര കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കര്‍ഷകരെ വഞ്ചിച്ച ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് ലോംഗ് മാര്‍ച്ചിലൂടെ പ്രകടിപ്പിക്കുന്നത്. വന്‍തോതിലുള്ള കൃഷിനാശം നേരിട്ട കര്‍ഷകരെ ഏക്കറിന് നാല്‍പ്പതിനായിരം രൂപ നല്‍കി സഹായിക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.

 

180 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞ ജാഥ മുന്നോട്ട് നീങ്ങുന്തോറും മഹാരാഷ്ട്രയില്‍ പലയിടത്തു നിന്നുമുള്ള- മറാത്ത് വാഡ, റായ്ഗഡ്, വിദര്‍ഭ തുടങ്ങിയ ജില്ലകളില്‍ നിന്നും- കൃഷിക്കാര്‍ അതില്‍ അണിചേരുന്നുണ്ട്. നാസിക്കിലും പരിസരപ്രദേശത്തുനിന്നുമുള്ള കൃഷിക്കാരില്‍ നിരവധിപേര്‍ ആദിവാസികളാണ്. നാസിക്കിലെ ഡിണ്ടോരി താലൂക്കിലെ നാലേഗാവ് ഗ്രാമത്തില്‍ നിന്നും വന്ന വഖേരെ, കോലി മഹാദേവ് സമുദായത്തില്‍ നിന്നാണ്. ഗ്രാമത്തില്‍ നിന്നും 28 കിലോമീറ്റര്‍ നടന്നാണ് ആ വൃദ്ധന്‍ നാസിക്കിലെ സി ബി എസ് ചൌക്കില്‍ എത്തിയത്. അവിടെനിന്നാണ് മുംബൈയിലേക്കുള്ള നീണ്ട ജാഥ തുടങ്ങിയത്.

”തലമുറകളായി ഞങ്ങളാണ് ഈ മണ്ണില്‍ കൃഷി ചെയ്യുന്നത്, എന്നാലിപ്പോഴും അത് വനംവകുപ്പിന്റെ കയ്യിലാണ്,” ”വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടും (വനാവകാശ നിയമം 2006 അനുസരിച്ച് ആദിവാസികള്‍ക്ക് ഭൂമിയുടെ അവകാശം നല്‍കുന്നതിന്) ഞങ്ങളിപ്പോഴും ഭൂമിയുടെ അവകാശികളല്ല.” വഖേരയുടെ ഗ്രാമത്തില്‍ ഏതാണ്ടെല്ലാവരും നെല്ല് കൃഷി ചെയ്യുന്നു. ”ഒരു ഏക്കറിലെ ഉത്പാദനച്ചെലവ് 12,000 രൂപയാണ്. മഴ നന്നായി ലഭിച്ചാല്‍ 15 ക്വിന്റല്‍ അരി കിട്ടും. ഇപ്പോഴത്തെ അങ്ങാടിവില ഒരു കിലോയ്ക്ക് 10 രൂപയാണ്. (ക്വിന്റലിന് 1000 രൂപ). എങ്ങനെയാണ് ഞങ്ങള്‍ കഴിഞ്ഞുപോവുക? ജാഥയെക്കുറിച്ച് കേട്ടപ്പോള്‍ എന്തുവന്നാലും അതില്‍ പങ്കെടുക്കണമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു.” ജാഥയില്‍ പങ്കടുത്ത ഒരു കര്‍ഷകന്‍ പറയുന്നു.

ഇന്ന് പകല്‍ ആസാദ് മൈതാനത്ത് എത്തേണ്ടിയിരുന്ന കിസാന്‍ ലോങ് മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി ഇന്നലെ രാത്രിയും നടക്കുകയായിരുന്നു. രാത്രി 11 മണിയോടെ മുംബൈ അതിര്‍ത്തിയിലെത്തിയ കര്‍ഷകര്‍ പിന്നീട് കെജെ സോമയ്യ മൈതാനത്ത് വിശ്രമിച്ച ശേഷം ഒരുമണിയോടെ റാലി തുടങ്ങി വെളുപ്പിനെ അഞ്ചു മണിയോടെ ആസാദ് മൈതാനത്ത് എത്തിച്ചേരുകയായിരുന്നു. ആറു ദിവസമായി തുടരുന്ന നടപ്പില്‍ മിക്കവരുടേയും കാലുകള്‍ കീറിപ്പൊട്ടി. സൂര്യതാപവും ക്ഷീണവും കാരണം പലരും കിടപ്പായിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. ആസാദ് മൈതാനിയില്‍ കര്‍ഷകര്‍ക്കായി മെഡിക്കല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കര്‍ഷക മാര്‍ച്ച് മൂലം നഗരത്തിലെ ഗതാഗതം ഒരുവിധത്തിലും തടസപ്പെട്ടിട്ടില്ലെന്നും റോഡുകളൊന്നും

അടയ്ക്കേണ്ടി വന്നിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. മുംബൈയിലെത്തിയ കര്‍ഷകരെ വിവിധ സിക്ക്, മുസ്ലീം സംഘടനകളും റെസിഡന്റസ് അസോസിയേഷനുകളും വെള്ളവും ഭക്ഷണവും നല്‍കിയാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ശിവസേന, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭം ഗുരുതരമാകുന്നു എന്നു മനസിലായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കിസാന്‍ സഭ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്ലെയുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുമായി ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ചര്‍ച്ച നടത്തും എന്നാണ് അറിയുന്നത്.

ഇപ്പോള്‍ ബജറ്റ് സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭാ മന്ദിരം വളയാനായിരുന്നു പ്രക്ഷോഭകരുടെ തീരുമാനമെങ്കിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതുണ്ടായേക്കില്ല. പകരം ഉച്ച കഴിഞ്ഞ് യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രക്ഷോഭകരെ അഭിസംബോധന ചെയ്യും.

മുംബൈ നഗരവാസികളാണ് സമരത്തെ ഏറ്റവും ഹാര്‍ദ്ദമായി സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് തടസങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ രാത്രിയിലും മാര്‍ച്ച് നടത്തി ആസാദ് മൈതാനത്ത് എത്തിച്ചേരാന്‍ കര്‍ഷകര്‍ തീരുമാനിച്ച സാഹചര്യത്തെ പല മുംബൈ വാസികളും പ്രകീര്‍ത്തിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കര്‍ഷകരെ അടക്കം ദേശദ്രോഹികളായി ചിത്രീകരിച്ചു കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ കാണാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്നഭിപ്രായപ്പെടുന്നവരുമുണ്ട്.

രാത്രിയേറെ വൈകിയും പാതയോരത്ത് കര്‍ഷകര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി കാത്തിരുന്ന നഗരവാസികളുടെ ചിത്രം മുംബൈ ജനത സമരത്തെ എങ്ങിനെ സ്വീകരിച്ചു എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു. നഗരത്തിലെ റെസിഡന്‍സ് അസോസിയേഷനുകള്‍ ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുവശങ്ങളിലും നിന്ന് മാര്‍ച്ചില്‍ അണിനിരന്ന കര്‍ഷകര്‍ക്ക് ദാഹജലവും ബിസ്‌ക്കറ്റും മറ്റു ലഘുഭക്ഷണവും വിതരണം ചെയ്തു. വന്‍ ജനപിന്തുണയാണ് ലോങ്മാര്‍ച്ചിന് വഴിയിലുടനീളം ലഭിച്ചത്. പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ ദളിത്, മുസ്ലിം, സിഖ് സംഘടനകളും രംഗത്തെത്തി.

2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2017 ജൂണിനു ശേഷം ഇതുവരെ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭ മേഖലയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തത്.

ഈ പ്രക്ഷോഭത്തിന്റെ ആഘാതം ഇവിടംകൊണ്ട് അവസാനിക്കില്ലെന്ന് സീതാറാം യെച്ചൂരി തന്റെ ട്വീറ്റില്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ടര ലക്ഷം കോടി രൂപ കോര്‍പറേറ്റുകളുടേത് എഴുതിത്തള്ളിയ സര്‍ക്കാരാണ് കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ പോലും കണ്ണടയ്ക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു യഥാര്‍ഥ പ്രശ്നത്തിന്റെ പേരില്‍ ഒരു ജനത ഒന്നിക്കുമ്പോള്‍ പലപ്പോഴും, കക്ഷിരാഷ്ട്രീയവും ഗ്രാമ-നഗര വ്യത്യാസങ്ങളും മറന്ന് ജനങ്ങള്‍ ഒന്നിക്കുന്ന കാഴ്ചയാണ് മുംബൈയില്‍ ഇപ്പോള്‍ കാണുന്നത്. സമരസന്നാഹങ്ങളോ വാഗ്വിലാസങ്ങളോ അല്ല, ഉന്നയിക്കുന്ന വിഷയത്തിന്റെ സത്യസന്ധതയും അനിവാര്യതയുമാണ് ഒരു പ്രക്ഷോഭത്തെ ഐതിഹാസികമാക്കുന്നതെന്ന് മുംബൈ ലോങ് മാര്‍ച്ച് കാട്ടിത്തരുന്നു.

ഡികെ

 

comments


 

Other news in this section