Thursday, November 15, 2018

ജീവന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ വിവിധ മത സംഘടനകളുടെ സാന്നിദ്ധ്യം; നേഴ്സുമാരും ഡോക്ടര്‍സംഘവും പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍

Updated on 11-03-2018 at 8:43 am

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്നലെ നടന്ന പ്രോലൈഫ് പ്രചാരണ പരിപാടി വന്‍ വിജയമായി മാറി. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഡബ്ലിനില്‍ അണിനിരന്നത് ഉള്‍പ്പെടെ രാജ്യവ്യാപകമായി ഒരുലക്ഷത്തിലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആശയത്തെ പിന്തുണക്കുന്നവരായിരുന്നു പ്രചരണ പരിപാടിയില്‍ പങ്കാളികള്‍ ആയത്.

സിറ്റിസണ്‍ അസംബ്ലിയില്‍ നടന്ന വിവിധ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ശേഷം രൂപപ്പെട്ട ആശയം നിയമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് ഡബ്ലിനില്‍ ഇന്നലെ അരങ്ങേറിയത്. ഗര്‍ഭചിദ്രം സ്ത്രീ ശരീരത്തിന്റെ അവകാശമാണെന്ന് പറയുമ്പോഴും മറ്റൊരു ജീവനെ ബലികൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന ആശയമാണ് പ്രോലൈഫ് ഉയര്‍ത്തിപ്പിടിക്കുന്നത്. അബോര്‍ഷന്‍ വിഷയം സിറ്റിസണ്‍ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഒരുകൂട്ടം ആരോഗ്യ വിദഗ്ദ്ധര്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഗര്‍ഭചിദ്രം നിയന്ത്രണങ്ങളില്ലാതെ അനുവദിക്കപ്പെടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ വിവിധ മത സംഘടനകള്‍ അബോര്‍ഷന്‍ നിയമം എടുത്തുകളയുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. പ്രോലൈഫ് പ്രചരണത്തില്‍ മത സംഘടനകളുടെയും ആരോഗ്യ പ്രവവര്‍ത്തകരുടെയും കൂട്ടായ്മ ശ്രദ്ധേയമായതിന് കാരണവും മറ്റൊന്നായിരുന്നില്ല. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയുന്നതോടെ ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളും അവസാനിക്കും. ജനവികാരം മനസിലാക്കാതെ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജീവന് വേണ്ടി സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ ഒരേ ശബ്ദത്തില്‍ വ്യക്തമാക്കി.

പ്രോലൈഫ് റാലിയില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. രാജ്യത്തെ ഇതര മത സംഘടനകളും പ്രോലൈഫിന്റെ ഭാഗമായി മാറിയതോടെ രാജ്യം ഇതുവരെ കണ്ടതില്‍ വെച്ച് ശക്തമായ ജന മുന്നേറ്റം തന്നെയാണ് ഇന്നലെ അയര്‍ലണ്ടില്‍ അരങ്ങേറിയത്.

 

 

ഡികെ

 

comments


 

Other news in this section