Friday, February 22, 2019

ജീവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രോലൈഫ് സംഘടിപ്പിക്കുന്ന റാലി നാളെ ലീമെറിക്കില്‍

Updated on 05-04-2018 at 3:42 pm

ലീമെറിക്ക്: ജീവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രോലൈഫ് സംഘടിപ്പിക്കുന്ന റാലി നാളെ ലീമെറിക്ക് റെയ്സ് കോഴ്സില്‍ നടക്കും. വൈകിട്ട് 6 മുതല്‍ 8 മണി വരെ നടക്കുന്ന പ്രതിഷേധ റാലിയില്‍ ഏവരും പങ്കെടുക്കണമെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന നടത്തി. മേയ് 25-ആം തീയതി നടക്കാനിരിക്കുന്ന അബോര്‍ഷന്‍ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന വോട്ടിങ്ങില്‍ അബോര്‍ഷന്‍ നിയമത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവര്‍ ആഹ്വനം ചെയുന്നു. കഴിഞ്ഞ ആഴ്ച ഡബ്ലിനില്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ പ്രചാരണ പരിപാടി ആര്‍മഭിച്ചിരുന്നു.

ഭരണ മുന്നണിയില്‍ തന്നെ ഒരുകൂട്ടം ടി.ഡിമാര്‍ ശക്തമായി എതിര്‍ത്തിട്ടും അബോര്‍ഷന്‍ നിയമ ഭേദഗതിയുമായി മുന്നോട്ട് പോകുമെന്ന് വരേദ്കര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മേയ്-ല്‍ നടക്കുന്ന വോട്ടെടുപ്പ് ഈ നിയത്തില്‍ നിര്‍ണ്ണായകമായിരിക്കും. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ 12 ആഴ്ച വരെ ഗര്‍ഭചിദ്രം അനുവദിക്കുന്ന നിയമം നടപ്പാക്കുകയാണ് വോട്ടിങ്ങിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന ഈ നിയമം ഉപയോഗത്തെക്കാള്‍ കൂടുതല്‍ ദോഷം വരുത്തിവെയ്ക്കുമെന്ന് പ്രോലൈഫിന്റെ ഭാഗമായ ആരോഗ്യ ജീവനക്കാര്‍ പോലും ചൂണ്ടിക്കാട്ടുന്നു. ജീവന്റെ തുടിപ്പ് നശിപ്പിക്കുന്ന കിരാത നിയമം നടപ്പാക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണെന്നും അബോര്‍ഷന്‍ ക്ലിനിക്കുകളുടെ വ്യപാപകമായ കടന്നുവരവ് കുടുംബമെന്ന സങ്കല്‍പ്പത്തിന് തീര്‍ത്തും എതിരായ സാമൂഹ്യ വ്യവസ്ഥക്ക് തുടക്കമിടുമെന്നും രാജ്യത്തെ വിവിധ ആരോഗ്യ-മത സംഘടനകളും മുന്നറിയിപ് നല്‍കുന്നു. കഴിഞ്ഞ മാസം ഡബ്ലിനില്‍ പ്രോലൈഫ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ലക്ഷങ്ങള്‍ അണിനിരന്നതും ഈ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെയായിരുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ അയര്‍ലണ്ടിലെ ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങളോട് അനുഭവം പുലര്‍ത്തുന്നവരുടെ എണ്ണം വര്‍ധിച്ചത് ഭരണ നേതൃത്വത്തെ ഉലച്ചിരുന്നു. 20 ശതമാനത്തില്‍ നിന്നും 45 ശതമാനത്തോളം പേര്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശ സംരക്ഷണം ആവശ്യപ്പെട്ട് മുന്നോട്ട് വരികയായിരുന്നു.

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ലാഭം കൊയ്യുന്ന കേന്ദ്രങ്ങളാക്കി മാറ്റി മനുഷ്യജീവനെ കുരുതികൊടുക്കുന്ന മാഫിയകളും അബോര്‍ഷന്‍ നിയമം ഇല്ലാതാക്കാന്‍ വന്‍ സ്വാധീനം നടത്തി വരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം ക്ലിനിക്കുകള്‍ വ്യപകമാകുന്നതോടെ മൂല്യങ്ങളിലൂന്നിയ സാമൂഹിക സന്തുലനം വരെ നഷ്ടപ്പെട്ടേക്കാം. രാജ്യത്തെ മത സംഘടനകള്‍ മാത്രമല്ല മത ഇതര സംഘടനകളും ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന പ്രോലൈഫിന്റെ ഭാഗമായതും ഈ നിയമത്തിലെ കുതന്ത്രം മനസിലാക്കികൊണ്ടായിരുന്നു.

അബോര്‍ഷന് വിധേയമായി മാനസിക പിരിമുറുക്കം നേരിടുന്നവരും അബോര്‍ഷന്റെ ദോഷഫലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഗര്‍ഭചിദ്രം നടത്തുന്നതുവഴി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമല്ല ലഭിക്കുന്നത്; മറിച്ച് സ്ത്രീകളുടെ മാനസിക-ശാരീരിക ആരോഗ്യമാണ് താറുമാറാകുന്നതെന്ന ആശയമാണ് പ്രോലൈഫിനെ പ്രതിഷേധ റാലിക്ക് നിര്‍ബന്ധിതമാക്കുന്നത്. മലയാളികളടങ്ങുന്ന സംഘവും വന്‍ തോതില്‍ നാളെ ലീമെറിക്കില്‍ നടക്കുന്ന ജീവന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ പങ്കെടുക്കും.

ഡികെ

comments


 

Other news in this section