Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

ജാതി അധിക്ഷേപത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ ജില്ലാ ട്രഷററെ വെട്ടിക്കൊന്നു; തിരുനെല്‍വേലിയില്‍ സംഘര്‍ഷം…

Updated on 14-06-2019 at 12:32 pm

തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ആളിക്കത്തുന്നു. തച്ചനല്ലൂരിലെ കരൈയിരുപ്പ് ഗ്രാമത്തിലാണ് കൊല നടന്നത്. ബുധനാഴ്ച രാത്രിയോടെ ഒരു സംഘമാളുകള്‍ ആക്രമണം നടത്തുകയായിരുന്നു. അശോക് എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. 25 വയസ്സുള്ള ഇദ്ദേഹം ഡിവൈഎഫ്‌ഐയുടെ തിരുനെല്‍വേലി ജില്ലാ ട്രഷററായിരുന്നു.

ജാതിവെറിയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. അശോക് പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണ്. പ്രദേശത്ത് ജാതിസംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പൊലീസിനെ അറിയിക്കുകയും സഹായം തേടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ഈ അപേക്ഷ അവഗണിച്ചെന്ന് ആരോപണമുണ്ട്. ഉയര്‍ന്ന ജാതിയില്‍ പെട്ടവരാണ് അക്രമികളെന്ന് പൊലീസ് കരുതുന്നു.

ഗംഗൈകൊണ്ടനില്‍ ഒരു ടയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് അശോക്. ബുധനാഴ്ച അശോക് തന്റെ നാട്ടിലേക്ക് ബസ്സില്‍ രാത്രിയില്‍ വന്നിറങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ നിന്ന് കാല്‍നടയായി വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. കൊല നടത്തിയ ശേഷം മൃതദേഹം സമീപത്തെ റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയിടുകയായിരുന്നു.

മറവര്‍ ജാതിയില്‍ പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അശോകിന്റെ ബന്ധുക്കളും നാട്ടുകാരും തിരുനെല്‍വേലി-മധുരൈ ദേശീയപാത ഉപരോധിച്ചു. ഡിവൈഎഫ്‌ഐ തമിഴ്‌നാട് സംസ്ഥാന കമ്മറ്റി സംസ്ഥാനത്തുടനീളം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറവര്‍ സമുദായക്കാര്‍ താമസിക്കുന്ന പ്രദേശത്തു കൂടി വേണം സ്ഥലത്തെ ദളിതര്‍ക്ക് ജോലിക്കും മറ്റും പോകുവാന്‍. വഴിനടക്കുമ്പോള്‍ ജാതി പറഞ്ഞുള്ള തെറിവിളികളും മറ്റും ഇവിടെ സാധാരണമായിരുന്നു. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രതികരിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞമാസം അശോകിനെയും അദ്ദേഹത്തിന്റെ അമ്മയെയും മറവര്‍ സമുദായക്കാര്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണം ചൂണ്ടിക്കാട്ടി അശോക് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ജില്ലാ അധികാരികള്‍ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐയും സിപിഎമ്മും ആവശ്യപ്പെട്ടു.

comments


 

Other news in this section