Wednesday, September 19, 2018

ഗാള്‍വേ പള്ളിയില്‍ പരി .അഹത്തുള്ള ബാവായുടെ ഓര്‍മ്മ ആചരിക്കുന്നു

Updated on 09-01-2018 at 8:52 am

ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ അഹത്തുള്ള ബാവായുടെ ഓര്‍മ്മ ജനുവരി 14 നു ആചരിക്കുന്നു .1599 ലെ ഉദയംപേരൂര്‍ സുന്നഹദോസിനെത്തുടര്‍ന്നു സുറിയാനിസഭയെ നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയ പോര്‍ട്ടുഗീസ് കാരില്‍ നിന്നും മലങ്കര സഭയെ രക്ഷിക്കുവാന്‍ സ്വജീവന്‍ ത്യജിച്ച പിതാവാണ് അന്ത്യോക്യയുടെ പരി .പാത്രിയര്‍ക്കീസ് ആയിരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .1586 ഇല്‍ ദയറാ ജീവിതം ആരംഭിച്ച പരി പിതാവ് 1595 ല്‍ മെത്രാപ്പോലീത്തയായും 1597 ല്‍ മഫ്രിയാനയായും അതെ വര്ഷം തന്നെ അന്ത്യോക്യായുടെ നൂറ്റിരണ്ടാമത്തെ പരി .പാത്രിയര്‍ക്കീസ് ബാവയായും വാഴിക്കപ്പെട്ടു .1639 ല്‍ ഈജിപ്തിലെ കേയ്‌റോയില്‍ സുറിയാനി ക്രിസ്ത്യാനികളെ സന്ദര്‍ശിക്കാന്‍ പോയ പരി .പിതാവ് അലക്‌സാന്‍ഡ്രിയന്‍ പാത്രിയര്‍ക്കീസിനെ കാണുകയും അന്ത്യോഖ്യ സിംഹാസനവുമായ സൗഹൃദത്തിലായിരുന്ന അലക്‌സാന്‍ഡ്രിയന്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍നിന്നും വഴിതെറ്റിവന്ന ഒരു എഴുത്തു പരി .പിതാവിനെ കാണിക്കുകയും ചെയ്തു .പ്രസ്തുത എഴുത്തില്‍നിന്നും മലങ്കരയിലെ പീഡനങ്ങളുടെയും സുറിയാനിസഭയുടെയും ദൈന്യാവസ്ഥ പരി പിതാവ് മനസ്സിലാക്കുകയും മെത്രാന്മാരില്ലാതെ വിഷമിക്കുന്ന മലങ്കര സഭയെ രക്ഷിക്കുവാന്‍ സ്വയം ഇറങ്ങി പുറപ്പെടുകയും ചെയ്തു .

1652 ഇല്‍ കറാച്ചി വഴി മൈലാപ്പൂരിലെത്തിയ പരി .പിതാവിനെ പോര്‍ട്ടുഗീസ് അധികാരികള്‍ തടവിലാക്കുകയും ചെയ്തു .മൈലാപ്പൂരില്‍ വി .തോമാശ്ലീഹായുടെ കബറിടത്തില്‍ തീര്‍ഥാടനത്തിനുപോയി മടങ്ങി വരുന്ന രണ്ടു സുറിയാനി ക്രിസ്ത്യാനികളായ ശെമ്മാശന്മാരെ കണ്ടുമുട്ടുകയും താന്‍ അന്ത്യോക്യയുടെ പാത്രിയര്‍ക്കീസ് ആണെന്നും മലങ്കരയിലെ സുറിയാനിക്രിസ്ത്യാനികളുടെ രക്ഷക്കായാണ് വന്നത് എന്നും അറിയിച്ചു .വാര്‍ത്ത കാട്ടുതീപോലെ മലങ്കരയില്‍ പടരുകയും പരി .പിതാവിനെ രക്ഷിക്കണമെന്ന് മലങ്കര സുറിയാനിക്രിസ്ത്യാനികള്‍ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു .അങ്ങനെയിരിക്കെ പരി .പിതാവിനെയും വഹിച്ചുകൊണ്ട് ഗോവയിലേക്ക് പോകുന്ന കപ്പല്‍ കൊച്ചി തുറമുഖത്തു അടുത്തിരിക്കുന്നു എന്ന വാര്‍ത്ത പരക്കുകയും ഏകദേശം 25000 സുറിയാനി ക്രിസ്ത്യാനികള്‍ കൊച്ചികോട്ടവളയുകയും ചെയ്തു .ക്രൂരരായ പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ പരി പിതാവിനെ കഴുത്തില്‍ കല്ലുകെട്ടി അറബിക്കടലില്‍ തള്ളിയിട്ടു മുക്കികൊല്ലുകയും ചെയ്തു .ഇതിനെതുടന്നു രോഷാകുലരായ സുറിയാനിക്രിസ്ത്യാനികള്‍ മട്ടാഞ്ചേരിയിലെ കുരിശിന്മേല്‍ നാലുദിക്കിലേക്കും കയര്‍ വലിച്ചുകെട്ടി അതില്‍ തൊട്ടുകൊണ്ടു ”ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ളിടത്തോളം കാലം റോമാ നുകത്തിനു കീഴ്‌പ്പെടില്ലെന്നും ആയുഷ്‌കാലം മുഴുവന്‍ അന്ത്യോഖ്യ സിംഹാസനത്തിനു കീഴ്‌പ്പെട്ടു ജീവിക്കുമെന്നും” ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ കത്തനാരുടെ നേതൃത്വത്തില്‍ 1653 ജനുവരി 16)O തീയതി സത്യം ചെയ്തു .

ഇതു കൂനന്‍ കുരിശു സത്യം എന്ന നാമത്തില്‍ സഭാചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു .യേശു ക്രിസ്തു മാനവകുലത്തിനുവേണ്ടി സ്വന്ത ജീവന്‍ ത്യജിച്ചതുപോലെ സുറിയാനി സഭാ മക്കള്‍ക്ക് വേണ്ടി സ്വന്തജീവന്‍ സമര്‍പ്പിച്ച പരിശുദ്ധ പിതാവ് ഒരു രക്ഷകനായും മലങ്കര സഭയെ സത്യ വിശ്വാസത്തില്‍ നിലനിര്‍ത്തുവാന്‍ ത്യാഗങ്ങള്‍ സഹിച്ച അന്ത്യോഖ്യ സിംഹാസനം എക്കാലവും ഒരു സങ്കേതസ്ഥാനമായും സഭാചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് അതുകൊണ്ടാണ് .

ജനുവരി 14 നു ഞായറാഴ്ച രാവിലെ 9 മണിക്ക് വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന മധ്യസ്ഥ പ്രാര്‍ഥന എന്നിവക്കുശേഷം നേര്‍ച്ചവിളമ്പു ഉണ്ടായിരിക്കും

 

comments


 

Other news in this section