Thursday, February 21, 2019

ക്രിസ്തു പകച്ചു പോകുന്ന പ്രബോധനങ്ങളുമായി വിവാദ വൈദികന്റെ പ്രസംഗം

Updated on 13-02-2018 at 4:53 am

 

പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ വേശ്യകളാണെന്ന വിവാദ പ്രസ്താവനയുമായി ക്രൈസ്തവ പുരോഹിതന്‍. ‘പ്രേമിച്ച് നടക്കുന്ന പെണ്‍കുട്ടികളുണ്ടെങ്കില്‍ അറിയുക, നിങ്ങള്‍ നാശത്തിന്റെ കുഴിയിലേക്കാണ് പോകുന്നത്’ എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. ‘പ്രേമിച്ച് തുടങ്ങുന്ന ചെറുക്കനെയോര്‍ത്ത് നീ അഭിമാനം കൊള്ളും. ഇപ്പോള്‍ തിളച്ചിരിക്കുന്ന പ്രായമാണ്. ഈ തെളപ്പ് കുറച്ച് കഴിയുമ്പോള്‍ അങ്ങ് പോകും. അപ്പോള്‍ നിന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാകും. നിന്നെ ആരും സ്നേഹിക്കാനുണ്ടാകില്ല. നിനക്ക് വേശ്യയെന്ന പേരു കിട്ടും’ വൈദികന്‍ പറയുന്നു.

പെണ്‍കുട്ടികളെയാണ് ഇദ്ദേഹം പ്രധാനമായും കടന്നാക്രമിച്ചിരിക്കുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചവരുടെ കുടുംബത്തില്‍ മുഴുവന്‍ കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരിക്കുമെന്നും ഭര്‍ത്താവ് കുറച്ചുകഴിയുമ്പോള്‍ ഇട്ടേച്ചുപോകുമെന്നും കൂട്ടുകാര്‍ക്ക് പങ്കുവയ്ക്കാന്‍ നിന്നെ ഇട്ടുകൊടുക്കുമെന്നുമൊക്കെയാണ ഈ വൈദികന്‍ പറഞ്ഞുവയ്ക്കുന്നത്. പ്രണയിക്കുന്നവര്‍ക്ക് വികാരമാണെന്നും അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം നശിച്ചുപോകുമെന്നും ബൈബിളിനെ കൂട്ടുപിടിച്ച് ഈ വൈദികന്‍ പറയുന്നു. വികാരം കൊണ്ട് ജ്വലിക്കുന്ന ഹൃദയം ആളിക്കത്തുന്ന തീപോലെയാണെന്നും പറയുന്നു. വൈദികന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം നിറഞ്ഞ നൂറുകണക്കിന് കമന്റുകളും നവമാധ്യമങ്ങളില്‍ വരുന്നുണ്ട്.

ഈ പ്രഭാഷണത്തിനെതിരെ കപ്പൂച്ചിന്‍ സഭയിലെ ദൈവശാസ്ത്ര അധ്യാപകന്‍ കൂടിയായ ഫാ. ജിജോ കുര്യന്‍ നടത്തിയ പരാമര്‍ശമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. ‘എക്ലീസിയാസ്റ്റിക്കല്‍ സെന്‍സര്‍’ എന്നു പറയുന്ന ഒരു സഭാ അച്ചടക്ക നടപടിയുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അത്യപൂര്‍വ്വമായി മാത്രം പ്രയോഗിച്ച ഒന്ന്. കേരളത്തിലെ പല ‘പ്രമുഖ’ കത്തോലിക്കാ ‘ധ്യാനഗുരുക്കന്മാരിലും’ അധികാരത്തിലിരിക്കുന്നവര്‍ക്ക് പ്രയോഗിക്കാന്‍ കഴീയുന്നതാണ്. അവരെ നന്നാക്കാനല്ല. സമൂഹത്തെ വഴിതെറ്റിക്കാതിരിക്കാന്‍. എന്നാണ് ഫാ.ജിജോ കുര്യന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. വലന്റൈന്‍ ഒരു പുരോഹിതനായിരുന്നു എന്ന് ഓര്‍ക്കണമെന്നും ഫാ. ജിജോ കുര്യന്‍ ഈ ധ്യാനഗുരുവിന് മറുപടി നല്‍കുന്നുണ്ട്.

ധ്യാന ഗുരുവായ ഡൊമിനിക് വാളാമ്‌നാല്‍ മുന്‍പും വിവാദമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൈപ്പര്‍ ആക്ടീവ്, ഓട്ടിസം തുടങ്ങിയ അവസ്ഥയിലുള്ള കുട്ടികളുള്ള കുടുംബത്തേയും മാതാപിതാക്കളെയും അപമാനിക്കുന്ന വിധത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവാക്കള്‍ക്കും യുവതികള്‍ക്കും അഭിഷേകം പോകുമ്പോള്‍ മൃഗങ്ങളെ പോലെ ബന്ധപ്പെടും. അപ്പോള്‍ ജനിക്കുന്ന കുട്ടികളും മൃഗങ്ങളെ പോലെ ആയിരിക്കും. കൂടാതെ ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികള്‍ ആയി ജനിക്കും.പണം ധാരാളം ഉള്ളവക്കും ഈ കുട്ടികള്‍ ഭാരമാണ്. ദൈവ ശാപമാണ്. സ്വയം ഭോഗം, പാന്‍ പരാഗ്, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കള്‍ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോള്‍ അവരുടെ കുട്ടികളാണ് മന്ദബുദ്ധികള്‍ ആകുന്നത്’ തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

 

ക്രിസ്തു പകച്ച് പോകുന്ന പ്രബോധനങ്ങളുമായി വൈദികന്റെ വീഡിയോ

 

 

 

ഡികെ

 

comments


 

Other news in this section