Friday, August 23, 2019

ക്രാന്തിയുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം വന്‍ വിജയം; അടുത്ത വര്‍ഷം മുതല്‍ പുതിയ സംവിധാനമെന്ന് നിയമ വകുപ്പ്

Updated on 06-12-2018 at 12:37 pm

ഡബ്ലിന്‍: അയര്‍ലന്റിലെ റീ എന്‍ട്രി വിസ, ഡിപ്പന്‍ന്റന്റ് വിസ എന്നിവയടക്കം ഇഷ്യു ചെയ്യുന്നതിലെ താമസം, ഗാര്‍ഡ കാര്‍ഡ് പുതുക്കലിലെ അനാവശ്യമായ വൈകിപ്പിക്കല്‍, തുടങ്ങി അയര്‍ലണ്ടിലെ കുടിയേറ്റക്കാരെ വലയ്ക്കുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും, അടിയന്തിരമായി പ്രശ്നപരിഹാരങ്ങള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ക്രാന്തി അയര്‍ലണ്ടും, ആന്റി റേസിസ്റ്റ് നെറ്റ് വര്‍ക്ക് അയര്‍ലണ്ടും സംയുക്തമായി സംഘടിപ്പിച്ച സമരത്തിന് വന്‍ വിജയം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് നിയമ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡബ്ലിനിലെ GNIB ഓഫീസിന് മുന്നിലാണ് മലയാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

ഓണ്‍ലൈന്‍ സിസ്റ്റത്തില്‍ അകാരണമായി തുടരുന്ന കാലതാമസം പരിഹരിക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ഇതിനായി അടുത്ത വര്‍ഷം മുതല്‍ പുതിയ സംവിധാനവും നിലവില്‍ വരും. രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കുക, ഡബ്ലിനിലെ ഓഫീസില്‍ കൂടുതല്‍ സ്റ്റാഫുകളെ നിയമിക്കുക, കൂടുതല്‍ ഗാര്‍ഡ സ്റ്റേഷനുകളിലേക്ക് രജിസ്‌ട്രേഷന്‍ സംവിധാനം ഒരുക്കുക, എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ഉന്നയിച്ചിരുന്നു.

GNIB ഓഫീസ് അപ്പോയ്മെന്റുകള്‍ അന്യായമായി പണം കൊടുത്ത് ബ്ലാക്ക് മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. നേരത്തെ ഡബ്ലിന്‍ 2 ബര്‍ഗ് ക്വേയിലുള്ള റീ എന്‍ട്രി വിസാ ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നു വേണമായിരുന്നു റീ എന്‍ട്രി വിസാ അപ്പോയ്മെന്റ് നടത്താന്‍. ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സമയത്ത് അപ്പോയ്മെന്റ് ലഭിക്കുന്ന തരത്തിലാണ് 2016 ല്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതെങ്കിലും അന്യായമായി കാലതാമസം വരുത്തുന്നത് പതിവാക്കിയിരുന്നു. റീ എന്‍ട്രി വിസയ്ക്ക് അപേക്ഷിക്കുന്നവരില്‍ ഓണ്‍ലൈനിലൂടെ അപോയ്മെന്റ് തീയതിയും സമയവും ബുക്ക് ചെയ്തിരിക്കുന്നവരുടെ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി നല്‍കുമെന്നാണ് ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ അപ്പോയ്ന്‍മെന്റുകള്‍ ബ്ലോക്ക് ചെയ്ത് അനധികൃതമായി പണം കൊടുക്കുന്നവര്‍ക്ക് നല്‍കുന്നത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. 60 യൂറോ മുതല്‍ അപ്പോയ്ന്‍മെന്റുകള്‍ അനധികൃതമായി വില്‍ക്കുന്നതായി കണ്ടെത്തിയിരുന്നു. അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക, അപേക്ഷ സമര്‍പ്പിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ ഓണ്‍ലൈന്‍ രീതികള്‍ അവലംബിച്ചത്. എന്നാല്‍ അപേക്ഷകള്‍ പരിശോധിച്ചതിന് ശേഷം ഇമിഗ്രേഷന്‍ അപ്പോയിന്‍മെന്‍ഡ് 90 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ആവശ്യമായ ഓഫീസുകളും, ജീവനക്കാരും ഇല്ലാത്തത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്. നിലവിലെ വര്‍ദ്ധിച്ച വാടക നിരക്കുകള്‍ക്കൊപ്പം ഗാര്‍ഡ കാര്‍ഡ് ഫീസില്‍ ഉള്ള വര്‍ദ്ധനവ് വിദ്യാര്‍ത്ഥി സമൂഹത്തിനും,പ്രവാസി കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലുമപ്പുറമാണ്. വാര്‍ഷിക രജിസ്ട്രേഷന്‍ ഫീസ് 150 യൂറോയില്‍ നിന്ന് 300 യൂറോയാക്കി ഉയര്‍ത്തിയിരുന്നു. അതേസമയം വിസ പുതുക്കല്‍ സംവിധാനങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് പഴയപടിയില്‍ തുടരുകയും ചെയ്യുന്നു. വര്‍ക്ക് റെസിഡന്‍സി പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിലും കാലതാമസം നേരിടുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഗാര്‍ഡകാര്‍ഡ് രജിസ്ട്രേഷനും, പുതുക്കലിനും പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് നാള്‍ക്കുനാള്‍ ഏറി വന്നതോടെയാണ് കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ രാഷ്ട്രീയ, സാംസ്‌കാരിക സംഘടയായ ക്രാന്തിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ എല്ലാ സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളുടെയും, മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ പ്രതിഷേധ സമരവുമായി മുന്നിട്ടിറങ്ങിയത്. സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനം നടപ്പില്‍ വരുത്തണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനൊരു മാറ്റമുണ്ടാക്കാന്‍ പ്രവാസി മലയാളികളുടെ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് നമ്മുടെ കൂട്ടായ്മയുടെ വിജയമായി കണക്കാക്കാം.

comments


 

Other news in this section