Monday, June 25, 2018

കൊച്ചിന്‍ മെട്രോ ട്രെയിനുകളോടിക്കാന്‍ ഏഴു വനിതാ ഡ്രൈവര്‍മാര്‍

Updated on 19-05-2017 at 2:46 pm

വെറുമൊരു യാത്രാ ഉപാധി എന്നതിനപ്പുറം, സമൂഹത്തിന്റെയാകെ മാറ്റത്തിന്റെ സന്ദേശവാഹകരായാകും കൊച്ചിന്‍ മെട്രോയെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയതിലൂടെ കൊച്ചിന്‍ മെട്രോയുടെ പെരുമ വിദേശ മാധ്യമങ്ങളുള്‍പ്പെടെ വാഴ്ത്തി. ലോകത്തിന് പുതിയ പാഠമെന്ന് ഗാര്‍ഡിയന്‍ ഉള്‍പ്പെടെ മെട്രോയുടെ ഈ തീരുമാനത്തെ പുകഴ്ത്തി. 23 ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ വിപ്ലവകരമായ ഈ തീരുമാനവുമെത്തുന്നത്.

ബസുകളില്‍ പോലും വനിതാ ഡ്രൈവര്‍മാരെന്ന പതിവില്ലാത്ത കേരളത്തിലാണ്, ചരിത്രപദ്ധതിക്ക് വളയം പിടിക്കാന്‍ വനിതകളെത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. കൊച്ചി മെട്രോയില്‍ ഏഴു വനിതാ ഡ്രൈവര്‍മാരുണ്ടാകുകയെന്ന് മെട്രോ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായ ആധുനിക ഗതാഗത സംവിധാനത്തിന് അമരം പിടിക്കുന്ന എല്ലാ വനിതകള്‍ക്കും ആശംസകളര്‍പ്പിച്ചുകൊണ്ടാണ് മെട്രോയുടെ ഔദ്യോഗിക പേജില്‍ നിന്നുള്ള പോസ്റ്റ്. കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന സാരഥികളായ ഗോപികയുടെയും വന്ദനയുടെയും ചിത്രങ്ങളോടെയാണ് പോസ്റ്റ്.

കെഎസ്ആര്‍ടിസിയില്‍ പോലും വനിതാ കണ്ടക്ടര്‍മാര്‍ സജീവമാണെങ്കിലും, വനിതാ ഡ്രൈവര്‍മാര്‍ സജീവമല്ല. കാറോടിച്ചും ബൈക്കോടിച്ചും എത്തുന്ന സ്ത്രീകള്‍ പൊതുദൃശ്യമാണ് കേരളത്തില്‍. ബുള്ളറ്റോടിക്കുന്നവരും ലോറിയോടിക്കുന്നവരുമായ സ്ത്രീകള്‍ പലപ്പോളും അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായും മാറാറുണ്ട്. ആ പൊതുബോധമുള്ള കേരളത്തിലാണ് മാറ്റത്തിന്റെ മെട്രോയുമായി ഗോപികയും വന്ദനയും കൂട്ടുകാരുമെത്തുന്നത്. മെട്രോ ആധികൃതര്‍ പറഞ്ഞതുപൊലെ സാമൂഹ്യമാറ്റത്തിന്റെ പാളങ്ങളിലാണ് മെട്രോ കുതിക്കുന്നത്.

മുന്‍പ് കൊച്ചി മെട്രോയുടെ പരിസരങ്ങളുടെ നിയന്ത്രണം കുടുംബശ്രീയ്ക്ക് നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായത്. നിരവധി തൊഴില്‍ സാധ്യതകളും ഇതിലൂടെ സ്ത്രീകള്‍ക്ക് തുറന്നുകിട്ടിയിരുന്നു. മെട്രോയുടെ ക്ലീനിംങ്, പാര്‍ക്കിങ്, ടിക്കറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീയെ ഏല്‍പ്പിക്കുക. സ്റ്റേഷനിലും പരിസരത്തും കുംടുംബ ശ്രീയുടെ സാന്നിദ്ധ്യമുണ്ടാകും. ഇതു സംബന്ധിച്ച് കുടുംബ ശ്രീയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. തുടക്കത്തില്‍ത്തന്നെ 300 പേര്‍ക്കും പിന്നീട് മെട്രോ പൂര്‍ണ സജ്ജമാകുന്നതോടെ 1800 പേര്‍ക്കും തൊഴില്‍ ഈ കരാറിലൂടെ ലഭിക്കും.

ആഗോള മാധ്യമങ്ങളുള്‍പ്പെടെ ഭിന്നലിംഗക്കാരുടെ നിയമനം വാര്‍ത്തയാക്കിയിരുന്നു. ഇന്ത്യയിലെ ഈ ട്രെയിന്‍ നെറ്റ്വര്‍ക്ക് ഭിന്നലിഗക്കാരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചുവെന്നാണ് ഗാര്‍ഡിയന്റെ തലക്കെട്ട്. കേരളത്തിലെ ഹിഡറ വിഭാഗത്തിലെ ആളുകള്‍ക്കാണ് മുന്‍വിധികളെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ളതെന്നും ഗാര്‍ഡിയന്‍ പറഞ്ഞിരുന്നു. ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും ഗാര്‍ഡിയന്‍ പ്രഖ്യാപിക്കുന്നു. ഗ്ലോബല്‍ ഡവലപ്മെന്റിലെ വനിതാവകാശങ്ങളും ലിംഗസമത്വവും എന്ന വിഭാഗത്തിലാണ് ഈ വാര്‍ത്ത ഇടംപിടിച്ചിരിക്കുന്നത്.

മൂന്നാംലിംഗ പദവി 2014ല്‍ സുപ്രീംകോടതി വിധിയനുസരിച്ച് ലഭ്യമായെങ്കിലും ഭിന്നലിംഗക്കാര്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ആ സാഹചര്യത്തിലുള്ള ഈ നിയമനം പുതു ചരിത്രമാണ് ലഭിക്കുന്നതെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു. ‘ഇന്ത്യയിലെ ട്രെയിനുകളില്‍ പൊതുവെ ഭിക്ഷയെടുക്കുന്നവരായാണ് ഭിന്നലിംഗക്കാരെ കാണാറുള്ളത്. എന്നാലിതാ, ആദ്യമായി ഇതാ അവര്‍ക്ക് ശരിയായ ഒരു ജോലി ലഭിക്കുന്നു ഈ മാസം. ദക്ഷിണേന്ത്യന്‍ നഗരമായ കൊച്ചിയിലെ യാത്രക്കാര്‍ക്ക് സേവനമൊരുക്കാനും ടിക്കറ്റ് നല്‍കാനുമാണ് ഇവരുടെ ജോലി’ ഇങ്ങനെയാണ് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത ആരംഭിക്കുന്നത് തന്നെ. ഭിന്നലിംഗക്കാരെ സമൂഹത്തിനൊപ്പം നിര്‍ത്തുന്നതിനായാണ് 23 പേര്‍ക്ക് ഇത്തരത്തിലുള്ള ജോലി നല്‍കിയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോയുടെ ഡ്രൈവര്‍മാരായി സ്ത്രീകളുടെയും നിയമന വാര്‍ത്തയെത്തുന്നത്.

 

 
എ എം

comments


 

Other news in this section