Sunday, July 21, 2019

കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ പുകയുന്ന ഡാര്‍വിന്‍ സിദ്ധാന്തം

Updated on 22-01-2018 at 2:17 pm

 

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സത്യപാല്‍ സിംഗ് പ്രസ്താവന നടത്തിയിരിക്കുകയാണ്. ശാസ്ത്രത്തില്‍ എം. എസ്സി. യും., എം ഫില്ലും, ഒക്കെയുള്ള ഒരാള്‍ അതും മുന്‍ ഐ. എ. എസ്. ഓഫീസര്‍ ഇങ്ങനെയൊക്കെപറഞ്ഞാല്‍ സാധാരക്കാരുടെ ചിന്താ ഗതികള്‍ എങ്ങിനെയാവും? പരിണാമസിദ്ധാന്തം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ താഴെ കൊടുക്കുന്നു.

ഒരു തലമുറയില്‍ നിന്നും വരുന്ന തലമുറകളിലേക്ക് വരുന്ന മാറ്റത്തെ പൊതുവായി പരിണാമം എന്ന് പറയാം. പരിണാമസിദ്ധാന്തത്തില്‍ ഏറ്റവും പ്രചാരത്തിലുള്ളത് പ്രകൃതിശാസ്ത്രജ്ഞനായ ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ സിദ്ധാന്തമാണ്. ഭൂമിയിലെ ജീവജാലങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമേണ സ്വാഭാവികമായ തിരഞ്ഞെടുപ്പ് അല്ലെങ്കില്‍ പ്രകൃതി നിര്‍ദ്ധാരണപ്രക്രിയ (Natural selection) വഴി ഉണ്ടായി എന്നാണ് ഡാര്‍വിന്‍ അവകാശപ്പെട്ടത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തില്‍, വളരെ പ്രധാനപ്പെട്ടതും അടിസ്ഥാനപരമായതുമായ ഒരു തത്വമാണ് പ്രകൃതി നിര്‍ദ്ധാരണം. ഇതു കൂടാതെ ഉള്‍പരിവര്‍ത്തനം (mutation), ജീനുകളുടെ ഒഴുക്ക് (migration), പാരമ്പര്യ വ്യതിയാനം (genetic drift) ഇവയും പ്രധാനമാണ്. നമ്മള്‍ ഇപ്പോള്‍ കാണുന്ന ജീവപരിണാമങ്ങള്‍ ഉണ്ടായത് മുകളില്‍ പറഞ്ഞ നാലു പ്രക്രിയകള്‍ വഴിയാണ് എന്ന്‌ന് പൊതുവായി പറയാം.

ഭൂമിയുടെ പ്രായം 450 കോടി വര്‍ഷമാണ്. ബാക്ടീരിയ പോലെയുള്ള ഒറ്റ കോശജീവികള്‍ ആദ്യമായി ഉണ്ടായത്, 380 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ബഹുകോശജീവികള്‍ ഉണ്ടായത് അതും കഴിഞ്ഞു വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഏകദേശം 57 കോടി വര്‍ഷങ്ങളെ ആയുള്ളൂ, ബഹുകോശ ജീവികള്‍ ഉണ്ടായിട്ട്. അതിനു ശേഷമാണ് ആന്ത്രപ്പോഡുകള്‍ അഥവാ ക്ലിപ്ത ചേര്‍പ്പുകളോടു (exoskeleton) കൂടിയ ശരീരമുള്ള ജന്തുക്കള്‍ ഉണ്ടായത്. ഭൗമോപരിതലത്തിലുള്ള സസ്യങ്ങള്‍ ഉണ്ടായിട്ട് 47.5 കോടി വര്‍ഷങ്ങളെ ആയുള്ളൂ. കാടുകളുണ്ടായിട്ട്, 38.5 കോടി വര്‍ഷവും സസ്തിനികള്‍ ഉണ്ടായിട്ട് 20 കോടി വര്‍ഷവുമേ ആയുള്ളൂ.

അപ്പോള്‍ ദിനോസറുകളൊക്കെ ഏതു കാലത്താണ് ജീവിച്ചിരുന്നത് എന്ന സംശയം ഉണ്ടാവാം. ഏകദേശം 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പല രീതിയിലുള്ള പരിണാമങ്ങള്‍ മൂലം ഉണ്ടായ ജീവികളാണ് ഭീമാകാര രൂപമുള്ള ദിനോസറുകള്‍. ഇവ ഭൂമിയില്‍ താരതമ്യേന കുറച്ചു കാലമേ ഉണ്ടായിരുന്നുളളൂ. ഏകദേശം 66 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവ ഭൂമുഖത്തു നിന്നും പൂര്‍ണ്ണമായി തുടച്ചു നീക്കപ്പെട്ടു.

ഇനി മനുഷ്യര്‍ എന്നാണ് ഉണ്ടായതെന്നു നോക്കാം. ഇത്രയും നേരം പറഞ്ഞ കാര്യങ്ങള്‍ താരതമ്യമായി എടുത്താല്‍, മനുഷ്യര്‍ എന്ന ഹോമോ സാപ്പിയന്‍സ് ഉണ്ടായിട്ട് വളരെ കുറച്ചു കാലമേ ആയുള്ളു; ഏകദേശം രണ്ടു ലക്ഷം വര്‍ഷം മാത്രം. ഭൂമിയുടെ പ്രായം വച്ച് നോക്കുമ്പോള്‍ വെറും 0.004 ശതമാനം കാലമേ നമ്മളിവിടെ ഉണ്ടായിട്ടുള്ളു.

അപ്പോള്‍ ആദ്യത്തെ ജീവ-തന്മാത്ര എന്താണ്? ജീവശരീരത്തിനു വേണ്ട എല്ലാ മൂലകങ്ങളും ഭൂമിയിലുണ്ട്. അല്ലെങ്കില്‍, ഭൂമിയില്‍ ഉണ്ടായിരുന്ന മൂലകങ്ങളില്‍ ചിലതില്‍ നിന്നുമാണ് ജീവകോശങ്ങള്‍ ഉണ്ടായത്. അതായത് ബയോളജിക്കും മുന്‍പേ കെമിസ്ട്രിയാണ് ജീവന്‍ തുടങ്ങാന്‍ കാരണം! ശക്തമായ ഇടിമിന്നല്‍ പോലെ, ഭൂമിയിലെ പ്രകൃതിദത്തമായ ചില പ്രക്രിയകള്‍ കൊണ്ടാവാം ഇനോര്‍ഗാനിക് മൂലകങ്ങള്‍ ചേര്‍ന്ന് ഓര്‍ഗാനിക് ജീവ-തന്മാത്രകള്‍ ഉണ്ടായത്. അന്തരീക്ഷത്തിലുള്ള വാതകങ്ങളായ അമോണിയ, മീഥേന്‍, ജലബാഷ്പം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തുടങ്ങിയവ പ്രത്യേക അനുപാതത്തില്‍ യാദൃശ്ചികമായി ചേര്‍ന്നാവാം ആദ്യ ജീവകണിക ഉണ്ടായതെന്ന് അനുമാനിക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ട്.

ഇങ്ങനെ അമിനോ ആസിഡുകളും ഡി എന്‍ എ യും ആര്‍ എന്‍ എ യും ഒക്കെ പല സംവത്സരങ്ങള്‍ കൊണ്ട് ഉണ്ടായിവന്നു. പലതരം രാസപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സ്വന്തം കോപ്പികള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമായ ജീവതന്മാത്രകളെ സൃഷ്ടിച്ചതാണ് ജീവോത്പത്തിക്ക് കാരണം. അങ്ങനെ മുകളില്‍ പറഞ്ഞ പോലെ ഏകകോശജീവികള്‍ ഉണ്ടായി, പിന്നെ ബഹുകോശ ജീവികള്‍. ഇതിന് കാലക്രമേണ പരിണാമം സംഭവിച്ചു ജീവവൈവിദ്ധ്യം ഉണ്ടായി.

അതു കൂടാതെ ഓരോ ജീവിയും പാരമ്പര്യമായ ജനിതകവിവരങ്ങള്‍ ഡി എന്‍ എ തന്മാത്രകള്‍ വഴി കൈമാറ്റം ചെയ്യുന്നു. ഡി എന്‍ എ തന്മാത്ര എന്നാല്‍ നാലുതരം ബേസുകള്‍ അടങ്ങിയ ഒരു ബയോ-പോളിമര്‍ ആണ്. ഇവയെ A (adenine ), C (cytosine ), G (guanine), T (thymine) എന്ന് പറയും. വാക്കുകള്‍ ബന്ധിച്ചു കഥയും കവിതയും ഉണ്ടാകുന്ന പോലെ ഈ നാലുതരം ബേസുകളൂടെ പ്രത്യേക വിന്യാസം കൊണ്ട് അതില്‍ ജനിതക വിവരങ്ങള്‍ ശേഖരിക്കപ്പെടും. ഇങ്ങനെയുള്ള ബേസുകളുടെ പ്രത്യേകമായുള്ള വിന്യാസം ആണ് അടുത്ത തലമുറയിലേക്ക് പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറുന്നത്. ഇതിനാണ് ജീന്‍ എന്ന് പറയുന്നത്. ഓരോ സ്വഭാവത്തിനും ഓരോ തരം ബേസ് വിന്യാസങ്ങള്‍ (ജീന്‍) കാണും. വിഭജിക്കപ്പെടുന്ന കോശങ്ങളിലെ ഡി എന്‍ എ അതിന്റെ തനി പകര്‍പ്പ് ഉണ്ടാക്കി അടുത്ത തലമുറകളിലേക്ക് കൈമാറുന്നു.

ഇങ്ങനെയുള്ള ഡി എന്‍ എ ഉള്‍പ്പെട്ടിരിക്കുന്ന ജനറ്റിക് മെറ്റീരിയലുകള്‍ ഉള്‍പ്പെട്ട ന്യൂക്ലിയോപ്രോട്ടീന്‍ തന്മാത്രകളെയാണ് ക്രോമസോമുകള്‍ എന്ന് വിളിക്കുന്നത്. മനുഷ്യന്റെ ഓരോ കോശത്തിലും 46 ക്രോമസോമുകളുണ്ട്; അഥവാ 23 ജോഡി. ജീവികളിലുള്ള വ്യത്യസ്തമായ ക്രോമസോമാണ് പല തരത്തില്‍ ഉള്ള ജീവികള്‍ ഉണ്ടാവുന്നതിന്റെ കാരണം. ഉദാഹരണത്തിന് കുരങ്ങനില്‍ 42 ക്രോമസോമുകളുണ്ട്, കുതിരയില്‍ 64, പശുവില്‍ 60, കോഴികളില്‍ 78 എണ്ണം. ഇപ്പോള്‍ മനസ്സിലായില്ലേ നമ്മള്‍ ക്രോമസോമുകളുടെ എണ്ണത്തിലാണ് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നതെന്ന്.

ചുരുക്കി പറഞ്ഞാല്‍ ഭൂമുഖത്തുള്ള എല്ലാ ജീവികളും ബന്ധപ്പെട്ടവര്‍ തന്നെ. തന്നെയുമല്ല നമ്മളൊക്കെ ഏതോ ഒരേ പൊതുവായ പൂര്‍വികന്റെ അല്ലെങ്കില്‍ പൊതുവായ പൂര്‍വിക ജീന്‍ പൂളിന്റെ പിന്‍മുറക്കാരാണ്. അപ്പോള്‍ കുരങ്ങനും കോഴിയും കുതിരയും ഒക്കെ ഒരു വാദത്തിനായി നമ്മുടെ വളരെ, വളരെ, വളരെ അകന്ന കസിന്‍സ് ആണെന്നു പറയാം.

വര്‍ഷങ്ങള്‍ കൊണ്ട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്ര പഠനങ്ങള്‍ നടത്തി ഉണ്ടാക്കിയെടുത്തതാണ് പരിണാമ സിദ്ധാന്തം. അത് വിശ്വസിക്കാം. ശാസ്ത്രത്തിന്റെ പോക്ക് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആദ്യം ഫിസിക്‌സ് (ബിഗ് ബാംഗ്), പിന്നെ കെമിസ്ട്രി (ആറ്റങ്ങള്‍, തന്മാത്രകള്‍), പിന്നെ ബയോളജി, പിന്നെ ജീവ പരിണാമം, മനുഷ്യന്‍, ദൈവം, കഥകള്‍, പിന്നെയാണ് ഹിസ്റ്ററി.

Yuval Noah Harari എഴുതിയ Sapiens: A Brief History of Humankind എന്ന പുസ്തകത്തില്‍ പരിണാമ സിദ്ധാന്തവും മനുഷ്യ പുരോഗതിയും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞിട്ടുണ്ട്. ‘Evolution has made Homo sapiens, like other social mammals, a xenophobic creature. Sapiens instinctively divide humanity into two parts, ‘we’ and ‘they’.”

References / കൂടുതല്‍ വായനയ്ക്ക്

Charles Darwin (Author)- On the Origin of Species: By Means of Natural Selection; by ISBN-13: 978-0486450063

First life: The search for the first replicator https://www.newscientist.com/…/mg21128251-300-first-life-t…/

Adrian T. Sumner, Chromosomes: Organization and Function, ISBN: 978-0-470-69522-7, Wiley-Blackwell

Evolutionary Genomics and Proteomics, by Mark Pagel and Andrew Pomiankowski, ISBN-13: 978-0878936540

Engber, Daniel (2013). ‘FYI: Which Came First, The Chicken Or The Egg?’. Popular Science. Bonnier Corporation. 282 (3): 78

Scott, Eugenie C.; Branch, Glenn (16 January 2009). ‘Don’t Call it ‘Darwinism”. Evolution: Education and Outreach. New York: Springer Science+Business Media. 2 (1): 90-94. ISSN 1936-6426. doi:10.1007/s12052-008-0111-2.

Borenstein, Seth (October 19, 2015). ‘Hints of life on what was thought to be desolate early Earth’. Excite. Yonkers, NY: Mindspark Interactive Network. Associated Press.

Elena, Santiago F.; Lenski, Richard E. (June 2003). ‘Evolution experiments with microorganisms: the dynamics and genetic bases of adaptation’. Nature Reviews Genetics. London: Nature Publishing Group. 4 (6): 457-469. ISSN 1471-0056. PMID 12776215. doi:10.1038/nrg1088.

 

 

ഡികെ

 

comments


 

Other news in this section