Tuesday, August 22, 2017

കീടനാശിനികലര്‍ന്ന മുട്ട; അയര്‍ലണ്ടില്‍ ഉള്‍പ്പെടെ വിവാദം കനക്കുന്നു

Updated on 13-08-2017 at 9:16 am

യൂറോപ്പില്‍ ഭക്ഷ്യ അഴിമതിയുടെ വിവാദം കത്തുന്നു. ഫിപ്രൊനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമുള്ള മുട്ടയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കീടനാശിനികലര്‍ന്ന മുട്ട 15 യൂറോപ്യന്‍ രാജ്യങ്ങളെയാണ് പ്രതിസന്ധിയില്‍ ആക്കിയത്. ഇക്കാര്യം പുറത്തായതോടെ ഓഗസ്റ്റ് ഒന്നുമുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് കോടിക്കണക്കിന് മുട്ടയും മുട്ട ചേര്‍ന്ന ഉത്പന്നങ്ങളും പിന്‍വലിച്ചു.

ഇത്തരം മുട്ടകള്‍ ഏഷ്യന്‍ രാജ്യങ്ങളും ഇറക്കുമതി ചെയ്തെന്ന് വ്യക്തമായി. വിഷമയമായ മുട്ടകള്‍ അയര്‍ലണ്ടിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് അഗ്രികള്‍ച്ചര്‍, ഫുഡ് & മറൈന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍. ഫിപ്രോനില്‍ കലര്‍ന്ന മുട്ടകള്‍ അയര്‍ലണ്ടില്‍ വിറ്റിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അയര്‍ലന്റിലെ ഫുഡ് സേഫ്റ്റി അധികൃതരും അറിയിച്ചു.

ആരോഗ്യത്തിന് ഭീഷണിയായ ഫിപ്രൊനില്‍ എന്ന കീടനാശിനി മുട്ട ഉത്പന്നങ്ങ ളില്‍ നിറഞ്ഞിരിക്കുന്നത് തെളിഞ്ഞതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം .നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍നിന്നാണ് മുട്ടയെത്തിയതെന്നാണ് സംശയം. ഫിപ്രൊനില്‍ മുട്ടയെക്കുറിച്ച് നെതര്‍ലന്‍ഡ്സിന് കഴിഞ്ഞ നവംബറിലേ അറിയാമായിരുന്നെന്ന് ബെല്‍ജിയം ആരോപിച്ചു. ഈ ആരോപണം നെതര്‍ലാന്റ് നിഷേധിച്ചു. രാജ്യത്തെ ഫിപ്രൊനില്‍ മുട്ടയെക്കുറിച്ച് ജൂണിലേ അറിയാമായിരുന്നെന്ന് ബെല്‍ജിയം വ്യക്തമാക്കി . അന്വേഷണം നടന്നുവന്നതിനാലാണ് ഇക്കാര്യം പുറത്തുവിടാഞ്ഞതെന്നും രാജ്യം പറയുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ സെപ്റ്റംബര്‍ 26-ന് യോഗം വിളിച്ചു.

മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയാണ് ഫിപ്രോനില്‍. വെറ്റിനറി ഉത്പന്നങ്ങള്‍ നശിക്കാതിരിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഉത്പന്നങ്ങളെ ആകര്‍ഷിക്കുന്ന ഈച്ച, ചെള്ള് തുടങ്ങിയ ഉപദ്രവകാരികളായ ജീവികളെ ഒഴിവാക്കാനാണ് വാണിജ്യ ആവശ്യത്തിന് ഇത് ഉപയോഗിക്കുന്നത്. പക്ഷെ മനുഷ്യ ഉപഭോഗത്തിനായുള്ള ഉത്പ്പന്നങ്ങളില്‍ രാസവസ്തുവിന്റെ ഉപയോഗം വിലക്കിയിരുന്നു.

ഈ രാസവസ്തുവിന്റെ വലിയ അളവില്‍ ഉള്ള ഉപയോഗം മാരകമായ അപകടസാധ്യതകള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇത് വൃക്കകള്‍, കരള്‍, തൈറോയ്ഡ് ഗ്രന്ഥികള്‍ എന്നിവയെ തകര്‍ക്കാന്‍ കാരണമാകുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

ജര്‍മ്മന്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റ് (ബിഎഫ്ആര്‍) കണക്കു പ്രകാരം 65 കിലോഗ്രാം ഭാരമുള്ള മുതിര്‍ന്ന ഒരാള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഏഴ് മുട്ടകള്‍ വരെ കഴിക്കാന്‍ സാധിക്കും. എന്നാല്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരഭാരം വളരെ കുറവാണ്. 16.1 5 കിലോ (35.6lb) തൂക്കമുള്ള കുട്ടിക്ക് 24 മണിക്കൂറിനുള്ളില്‍ 1.7 മുട്ടകള്‍ മാത്രമാണ് കഴിക്കാന്‍ പറ്റുക. എന്നിരുന്നാലും, കീടനാശിനികള്‍ കലര്‍ന്ന മലിനമായ മുട്ടകള്‍ സാലഡ്‌സ്, സാന്‍ഡ്വിച്ച് പോലെയുള്ള ഉല്‍പ്പന്നങ്ങളില്‍ വിറ്റഴിയുമ്പോള്‍ നേരിട്ട് കുട്ടികളുടെ ശരീരത്തില്‍ പ്രവേശിക്കുന്നതിനേക്കാളും അപകടകരമായ അളവില്‍ ഈ കീടനാശിനിയുടെ അംശം കുട്ടികളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് കുട്ടികളെ രോഗാവസ്ഥയില്‍ ആക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

ഡികെ

comments


 

Other news in this section