Sunday, March 24, 2019

കാലാവസ്ഥ അനുകൂലമായാല്‍ നാളെമുതല്‍ സ്‌കൂളുകള്‍ തുറക്കും; അയര്‍ലണ്ട് സാധാരണ നിലയിലേക്കെത്താന്‍ ദിവസങ്ങള്‍ എടുക്കും

Updated on 04-03-2018 at 9:13 am

 

അയര്‍ലണ്ടില്‍ കാലാവസ്ഥ സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് കാലാവസ്ഥാ പ്രവചകര്‍ നല്‍കുന്ന സൂചന. കാലാവസ്ഥ അനുകൂലമായാല്‍ തുങ്കളാഴ്ചമുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവങ്ങളായി അയര്‍ലണ്ടില്‍ എമ്മ ശൈത്യകാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറാകുകയും കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തി സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ അടച്ചിടുകയും ചെയ്തിരുന്നു.

നിലവില്‍ മന്‍സ്റ്റര്‍, ലെയ്ന്‍സ്റ്റര്‍, കാവന്‍, മോനഗന്‍ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴയുള്ളതിനാല്‍ ഓറഞ്ച് വാണിങ് നല്‍കിയിട്ടുണ്ട്. കോനാക്ട്, ഡോനെഗല്‍ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചു. ഉള്‍പ്രദേശങ്ങളിലെ സ്‌കൂളുകളെയാണ് ശൈത്യകാറ്റും മഞ്ഞ് വീഴ്ചയും ഭീകരമായി ബാധിച്ചത്. ഇവ സാധാരണ നിലയിലേക്കെത്താന്‍ ദിവസങ്ങള്‍ എടുക്കും.അതാത് സ്ഥലത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതര്‍ക്ക് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാവുന്നതാണെന് വിദ്യാഭ്യാസ വകുപ്പ് സൂചിപ്പിച്ചു. അതേസമയം കൂട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയും കണക്കിലെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ വക്തമാക്കി.

പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാകാത്തത് സ്‌കൂളുകള്‍ തുറക്കുന്നത് താമസിപ്പിക്കും. ബസ് ഐറാന്‍ സര്‍വീസുകള്‍ പുനരാംരംഭിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. റോഡ് യാത്രയും പൊതു ഗതാഗത സേവനങ്ങളും പതിയെ സാധാരണ നിലയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗത കുരുക്ക് ഉണ്ടാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ അത്യാവശ്യ യാത്രകള്‍ നടത്താന്‍ മാത്രമേ റോഡ് ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ സൂചിപ്പിച്ചു. കടുത്ത ശൈത്യത്തിനൊപ്പം മഞ്ഞുരുകലും മഴയും ചേര്‍ന്ന് അയര്‍ലണ്ടില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. ഇത് വന്‍ ഗതാഗത തടസ്സങ്ങളാകും സൃഷ്ടിക്കുക.

ഐറിഷ് റെയില്‍ സര്‍വീസുകള്‍ ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിക്കും. നാളെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാര്‍ട്ട് സര്‍വീസുകള്‍ ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. ആയിരത്തിലധികം വിമാന സര്‍വീസുകളാണ് അതിരൂക്ഷമായ കാലാവസ്ഥ മൂലം റദ്ദാക്കേണ്ടി വന്നത്. കൂടാതെ അനേകം വിമാനയാത്രക്കാര്‍ അയര്‍ലണ്ടിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തത് മൂലം വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടപ്പുണ്ട്. എയര്‍ ലിംഗസ് ഫ്ളൈറ്റ് സര്‍വീസുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിച്ചേക്കും. ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഇന്നലെ വൈകുന്നേരം മുതല്‍ സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഡബ്ലിന്‍ എയര്‍പോട്ട് പ്രദേശങ്ങളില്‍ നിന്ന് 400,000 ടണ്‍ മഞ്ഞാണ് നീക്കം ചെയ്യേണ്ടി വന്നത്.

ബീസ്റ്റ് ഫ്രം ദി ഈസ്റ്റും, എമ്മയും അയര്‍ലണ്ടില്‍ ഹിമയുഗത്തിന് സമാനമായ കാലാവസ്ഥയാണ് സൃഷ്ടിച്ചത്. റോഡ് റയില്‍ വ്യോമ ഗതാഗത സൗകര്യങ്ങള്‍ അപ്പാടെ താളം തെറ്റിയത് ചരക്ക് ഗതാഗതത്തെ ഏറ്റവുമധികം ബാധിച്ചിട്ടുണ്ട്. ചരക്ക് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാകാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടി വന്നേക്കും. റസ്റ്റോറന്റുകള്‍, പബ്ബുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവിടങ്ങളിലെ വരുമാന നഷ്ടം ബാധിച്ചത് ഏറെയും ചെറുകിടക്കാരെയാണ്. കെട്ടിട നിര്‍മ്മാണ രംഗത്താണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കനത്ത മഞ്ഞു വീഴ്ച്ചയും മൈനസ് താപനിലയും കഴിഞ്ഞ ഒരാഴ്ചയായി നിര്‍മ്മാണ രംഗം പാടെ സ്തംഭിച്ച നിലയിലായിരുന്നു.

 

 

 

എ എം

 

 

comments


 

Other news in this section