Tuesday, August 14, 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമെന്ന് എക്സിറ്റ്പോള്‍; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത, ജെഡിഎസ് നിര്‍ണായക ശക്തിയാകും

Updated on 12-05-2018 at 4:13 pm

കര്‍ണാടക തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നു. ഇന്ത്യടുഡേ-ആക്സിസ്-മൈഇന്ത്യ എന്നിവര്‍ നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ കര്‍ണാടകത്തില്‍ ഭരണതുടര്‍ച്ച നേടുമെന്നാണ് ഈ ഫലങ്ങള്‍ പ്രവചിക്കുന്നത്. 106 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പറയപ്പെടുന്നത്. 79 മുതല്‍ 92 വരെയുള്ള സീറ്റുകളില്‍ ബിജെപി ജയിക്കും. ജെഡിഎസ് 22-30 വരെയുള്ള സീറ്റുകള്‍ നേടും. 224 മണ്ഡലങ്ങളില്‍ 222 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 112 സീറ്റുകളാണ് ഒറ്റയ്ക്ക് ഭരണം പിടിക്കാന്‍ വേണ്ടത്.

അതേസമയം എന്‍ഡിടിവി നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയ്ക്കാണ് മുന്‍തൂക്കം. ഇതനുസരിച്ച് 102 മുതല്‍ 110 വരെ സീറ്റുകള്‍ ബിജെപി പിടിക്കുമെന്നും കോണ്‍ഗ്രസിന് 72 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ജെഡിഎസ് 35-39 സീറ്റുകള്‍ നേടുമെന്നും പറയുന്നു. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സീറ്റുകള്‍ മറ്റുള്ളവര്‍ കൊണ്ടുപോകും. രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളിലും കോണ്‍ഗ്രസും ബിജെപിയും മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും ഈ സീറ്റ് നില അനുസരിച്ചാണെങ്കില്‍ കര്‍ണാടകത്തില്‍ തൂക്കുമന്ത്രി സഭയ്ക്കാണ് സാധ്യത. കോണ്‍ഗ്രസും ബിജെപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് ഇവിടെ നടന്നത്.

കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്ന് ടൈംസ്നൗ-വിഎംആര്‍ എക്സിറ്റ്പോള്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. ബിജെപിക്ക് 80-93 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 31-33 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗ സര്‍വ്വേ പറയുന്നു. ആക്സിസ് മൈ ഇന്ത്യ സര്‍വ്വേഫലം പറയുന്നത് കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ്. ബിജെപിക്ക് 79-92 സീറ്റുകളില്‍ സര്‍വ്വേ വിജയം പ്രവചിക്കുന്നു. ജെഡിഎസിന് സാധ്യത കല്‍പിക്കുന്നത് 22-30 വരെ സീറ്റുകളിലാണ്.

സിഎന്‍എന്‍ ന്യൂസ് 18 സര്‍വ്വപ്രകാരം കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 79-92 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് 22-30 വരെ സീറ്റുകള്‍ നേടുമെന്നാണ് സിഎന്‍എന്‍ പ്രവചനം. റിപബ്ളിക് ടിവി സര്‍വപ്രകാരം ബിജെപി 95 മുതല്‍ 114 വരെ സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കോണ്‍ഗ്രസിന് 73-82 സീറ്റുകള്‍ വരെ ലഭിക്കും. ജെഡിഎസ് 32-43 വരെ സീറ്റുകളും മറ്റുള്ളവര്‍ 2-3 വരെ സീറ്റുകളും നേടും.

ന്യൂസ് എക്സ് പ്രകാരം ബിജെപിക്കാണ് സാധ്യത 102 മുതല്‍ 110 വരെ സീറ്റുകളില്‍. കോണ്‍ഗ്രസ് 72 മുതല്‍ 78 വരെ സീറ്റുകള്‍ നേടും. ജെഡിഎസ് നേട്ടം കൊയ്യുക 35 മുതല്‍ 39 വരെ സീറ്റുകളില്‍. മറ്റുള്ളവര്‍ക്ക് സാധ്യത 3-5 വരെ സീറ്റുകളില്‍.

 

 

 

 

comments


 

Other news in this section