ഡബ്ലിന്‍ : ഐറിഷ് താപനിലയില്‍ കുത്തനെ ഉണ്ടായ വര്‍ദ്ധനവ് ഈ ആഴ്ചയിലും നിലനില്‍ക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. മഴയ്ക്കുള്ള സാദ്ധ്യതകള്‍ മുന്നില്‍ കാണുന്നുണ്ടെങ്കിലും നിലവില്‍ ഇതേ താപനില തുടരുമെന്നാണ് മെറ്റ് ഏറാന്‍ നല്കുന്ന സൂചന. ഊഷ്മാവ് ഉയര്‍ന്നതിനാല്‍ രാജ്യവ്യാപകമായി വരള്‍ച്ച മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടു.
കഴിഞ്ഞ ആഴ്ചയില്‍ ഷാനോന്‍ എയര്‍പോര്‍ട്ടില്‍ രാജ്യത്തെ കൂടിയ താപനിലയായ 31 ഡിഗ്രി രേഖപെടുത്തിയിരുന്നു. തെക്ക് -കിഴക്ക് ഭാഗങ്ങളില്‍ നിന്നും വീശിയടിക്കുന്ന കാറ്റ് വടക്കന്‍ ഭാഗങ്ങളില്‍ ചൂട് കുറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. ഈ ആഴ്ച പകുതിയോടെ ഒറ്റപ്പെട്ട മഴ ഉണ്ടായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.
കാറ്റിന്റെ സാന്നിധ്യമുള്ളതിനാല്‍ താപനില 28 ഡിഗ്രിക്ക് മുകളില്‍ എത്തില്ലെന്നാണ് മെറ്റ് ഏറാന്‍ ന്റെ പ്രവചനം. ചൂട് കടുത്തതോടെ ഈ മാസം മുഴുവന്‍ വന്‍ തോതിലുള്ള ജല നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. ജല ദൗര്‍ലഭ്യം രാജ്യത്തെ വിനോദ സഞ്ചാരത്തെയും സാരമായി ബാധിക്കുന്നുണ്ട്. ടുറിസ്റ്റുകളുടെ താമസസ്ഥലങ്ങളില്‍ ആവശ്യാനുസരണം വെള്ളം ലഭിക്കാത്തത് രാജ്യത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ടുറിസം സീസണുകളെ ആശ്രയിക്കുന്ന ഹോസ്പിറ്റാലിക്ക് മേഖലക്ക് ഇത് കനത്ത പ്രഹരമേല്പിക്കുന്നു. സാധാരണയായി അയര്‍ലണ്ടില്‍ കൂടുതല്‍ സമയം തങ്ങുന്ന ടൂറിസ്റ്റുകള്‍ അമേരിക്കക്കാര്‍ ആണെന്ന് ടുറിസം വകുപ്പ് പറയുന്നു. താപനില കൂടിയ സാഹചര്യത്തില്‍ ഇവര്‍ ആഴ്ചകള്‍ പോലും അയര്‍ലണ്ടില്‍ താമസിക്കാന്‍ തയ്യാറാകുന്നില്ല. തുടര്‍ച്ചയായ മഴ ലഭിച്ചാല്‍ മാത്രമാണ് ഇനി അയര്‍ലണ്ടിലെ വരണ്ട സാഹചര്യം പരിഹരിക്കപ്പെടുകയുള്ളു.
ഡികെ