Friday, December 14, 2018

ഓഖി ചുഴലി: ദുരന്തമൊഴിയാതെ കേരളം; മരണം ഒന്‍പതായി

Updated on 02-12-2017 at 2:17 pm

കന്യാകുമാരി – ശ്രീലങ്കന്‍ മേഖല കേന്ദ്രീകരിച്ച് രൂപം കൊണ്ട ഓഖി ചുഴലിയിലും അകമ്പടിയായെത്തിയ മഴയും വിതച്ച ദുരന്തത്തില്‍ നിന്ന് വിമുക്തമാകാതെ കേരളം. തെക്കന്‍ കേരളത്തില്‍ ദുരിതം വിതച്ച കാറ്റിന്റെയും പേമാരിയുടെയും ആഘാതം തുടരുമ്പോള്‍ ചുഴലിയും മഴയും ലക്ഷദ്വീപിലും ആഞ്ഞടിച്ച് വടക്കന്‍ കേരളത്തിലേക്ക് നീങ്ങുകയാണ്.

ഇതിനിടെ ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തില്‍ ഇന്നു ആറു പേര്‍ കൂടി മരിച്ചതോടെ കേരളത്തില്‍ മരണസംഖ്യ ഒന്‍പതായി. തെരച്ചില്‍ നടത്തുന്ന നാവികസേന കടലില്‍ നിന്ന് മുന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായിട്ടില്ല. മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മരിച്ച ഒരാളുടെ മൃതദേഹം വിഴിഞ്ഞം തീരത്ത് അടിഞ്ഞിട്ടുണ്ട്. അഴുകിയ നിലയിലായതിനാല്‍ ഇയാളെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മരണം ഒന്‍പാതായി ഉയര്‍ന്നത്.

തമിഴ്നാടിന്റെ തെക്കന്‍ തീരങ്ങളിലും കാറ്റും മഴയും മൂലം ദുരിതം തുടരുകയാണ്. തമിഴ്നാട്ടില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ അനേകം തൊഴിലാളികള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇതിനിടെ തിരുവനന്തപുരം, കൊല്ലം മേഖലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി പുറംകടലില്‍ കുടങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 110 ലധികം പേരെയെങ്കിലും ഇനിയും തിരിച്ചെത്തിക്കാനുണ്ടെന്നാണ് വിവരം. ഇവര്‍ കടലില്‍ കുടുങ്ങിയിട്ട് മൂന്നാം ദിനം കടന്നതോടെ കരയില്‍ ആശങ്ക കൂടിയിട്ടുണ്ട്. കടലില്‍ ഒറ്റപ്പെട്ട 430 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. വ്യോമ, നാവിക സേനകളുടെ സംയുക്ത തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ കൊല്ലം മേഖലയില്‍ നിന്ന് പുറംകടലില്‍ പോയ മുഴുവന്‍പേരെയും രക്ഷപെടുത്താന്‍ കഴിഞ്ഞെന്ന് അല്‍പം മുന്‍പ് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇതിനിടെ കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് കൊല്ലം നീണ്ടകരയില്‍ നിന്ന് 300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

ആലപ്പുഴ ജില്ലയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കാണാതായ അഞ്ചു പേരെ കണ്ടെത്താന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റും തെരച്ചില്‍ നടത്തുന്നതായി ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു. നവംബര്‍ 29 ന് ജോയല്‍ എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിനു പോയ സിബിച്ചന്‍, ജോയി കാട്ടൂര്‍, യേശുദാസ് ചെട്ടികാട്, ഷാജി (ഇഗ്നേഷ്യസ്) തുമ്പോളി, ജോസഫ് ചെട്ടിക്കാട് എന്നിവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. കോസ്റ്റു ഗാര്‍ഡിനും നാവിക സേനയ്ക്കുമൊപ്പം മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ ഒരു ബോട്ടും തെരച്ചില്‍ നടത്തുന്നു.

അതേസമയം, ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൂടാതെ മത്സ്യതൊഴിലാളികള്‍ക്ക് ജോലിക്കിടെ മരണം സംഭവിച്ചാല്‍ ബന്ധുക്കള്‍ക്ക് ലഭിക്കുന്ന തുക വേറെയും ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോട്ട് നഷ്ടമായവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആറ് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല ഉയര്‍ന്നേക്കും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാകും. കേരളത്തിനും ലക്ഷദ്വീപിനും ഇടയിലുള്ള കടല്‍ വളരെ പ്രക്ഷുബ്ധമായിരിക്കും. വരുന്ന 48 മണിക്കൂര്‍കൂടി കേരളത്തിന്റെ തീരത്തു നിന്ന് ആരും മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി ശക്തമായ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂര്‍കൂടി ലക്ഷദ്വീപ്, കേരള തീരത്തും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് ദുരന്ത നിവാരണ സേനയും അറിയിച്ചു.

കേരളത്തിലെ ഒന്‍പത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശനിവാസികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനിടെ, കനത്തമഴയിലും കാറ്റിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് ലക്ഷദ്വീപ് നിവാസികള്‍. മഴ ശക്തമായതോടെ കല്‍പ്പേനി ഹെലിപ്പാഡ് വെള്ളത്തില്‍ മുങ്ങി. ഇവിടുത്തെ ബോട്ട് ജെട്ടിയും കാറ്റില്‍ തകര്‍ന്നു. കവരത്തി ദ്വീപിലെ വടക്കന്‍മേഖല വെള്ളത്തിനടിയിലായി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി. 130 വര്‍ഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസ് ശക്തമായ കാറ്റില്‍ തകര്‍ന്നു.നേവിയുടെ രണ്ട് കപ്പലുകള്‍ സഹായ സാമഗ്രികളുമായി ദ്വീപുകളിലേക്ക് നീങ്ങിയിട്ടുണ്ട്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ കേരളം നിര്‍ത്തിവെച്ചു. കൊച്ചിയില്‍ നിന്നുള്ള എംവി കവരത്തി, എംവി മിനിക്കോയ് കപ്പലുകളാണ് സര്‍വ്വീസ് റദ്ദാക്കിയിരിക്കുന്നത്.

 

ഡികെ

 

comments


 

Other news in this section