Friday, May 25, 2018

ഐറിഷ് യുവതിയുടെ മരണം; കേരള ടൂറിസം മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ചയാകുന്നു

Updated on 04-05-2018 at 11:52 am

ഐറിഷ് സ്വദേശിയും അയര്‍ലണ്ട് നിവാസിയുമായ വനിത അടുത്തിടെ കോവളത്തിന് സമീപം കൊല്ലപ്പെട്ട സംഭവം കേരള ടൂറിസത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികളാണ് പ്രധാനം. കേരളം വിനോദ സഞ്ചാരികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരുന്ന സ്ഥലമായിട്ടും ഇത്തരം സംഭവങ്ങള്‍ കേരള ടൂറിസത്തിന് തലവേദന സൃഷ്ടിക്കും.

സംസ്ഥാനത്തിന് വര്‍ഷാവര്‍ഷം 25,000 കോടി രൂപ നേടിത്തരികയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മേഖലയാണ് ടൂറിസം. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാണ്.ഹര്‍ത്താല്‍ ദിനങ്ങളില്‍ വിദേശ സഞ്ചാരികള്‍ ഭക്ഷണമോ വാഹനമോ കിട്ടാതെ വലയേണ്ടി വരുമെന്ന് വിദേശ രാജ്യങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍വകക്ഷി യോഗം അടക്കം ഇക്കാര്യത്തില്‍ തുടര്‍ തീരുമാനം കൈക്കൊള്ളാനുള്ള നടപടികളാണ് ഇനി ആവശ്യം.

കേരളം മുന്‍പ് ശ്രദ്ധയൂന്നിയത് ഗുണമേന്മാ ടൂറിസത്തിലാണ്.നിലവാരമുള്ള സഞ്ചാരികളായിരുന്നു കേരളത്തിലെത്തിയത്. ഗുണമേന്മാ ടൂറിസത്തില്‍ നിന്ന് ടൂറിസ്റ്റുകളുടെ എണ്ണം പെരുകുന്നതില്‍ മാത്രം ശ്രദ്ധ ഊന്നിയപ്പോള്‍ എത്തുന്ന സഞ്ചാരികളുടെ പെരുമാറ്റങ്ങളിലും മാറ്റം പ്രകടമായി.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പലേടത്തും ലഹരി സംഘങ്ങള്‍ സജീവമാണ്. തനിച്ച് നേരിട്ടെത്തുന്ന സഞ്ചാരികളാണ് ഇവരുടെ ലക്ഷ്യം. വര്‍ക്കല, കോവളം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇവരുടെ സാനിധ്യമുണ്ട്. സഞ്ചാരികള്‍ക്ക് അടിയന്തിര സഹായം തേടണമെങ്കില്‍ ആരെ ബന്ധപ്പെടണം എന്നത് വലിയ വെല്ലുവിളിയാണ്. കോവളത്ത് മരിച്ച യുവതിയുടെ സഹോദരി പോലും ആരെ ബന്ധപ്പെടണം എന്നു തുടക്കത്തില്‍ അമ്പരക്കുകയായിരുന്നു.

കൊല്ലപ്പെട്ട വിദേശ വനിത ചികിത്സയ്‌ക്കെത്തിയ സ്ഥാപനത്തെക്കുറിച്ച് ടൂറിസം രംഗത്തെ മിക്കവര്‍ക്കും അറിയില്ല. അംഗീകാരമുള്ള ചികിത്സാകേന്ദ്രങ്ങളുടെയും ആയുര്‍വേദ, മസാജ് കേന്ദ്രങ്ങളുടെയും പട്ടിക ടൂറിസം വെബ്‌സൈറ്റില്‍ നല്‍കുകയാണ് ഉചിതം.കേരളത്തില്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ ഏകദേശം 75% 50 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കേരള സംസ്‌കാരം ,ഭക്ഷണം ,പ്രകൃതി, ആരോഗ്യസംരക്ഷണം എന്നിവയാണ് ഇവരുടെ ഇഷ്ടങ്ങള്‍. മാനസികപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍ എത്തുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ രംഗത്തും പുഴുക്കുത്തുകളെ നീക്കാന്‍ കൃത്യമായ നിരീക്ഷണം കൂടിയേ തീരൂ.

 

 

ഡികെ

comments


 

Other news in this section