Thursday, July 19, 2018

എടിഎമ്മുകളില്‍ പണമില്ല; കറന്‍സി വിതരണത്തില്‍ അസന്തുലനമെന്ന് ജയ്റ്റ്ലി

Updated on 17-04-2018 at 10:26 am

നിരവധി സംസ്ഥാനങ്ങളില്‍ എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടതില്‍ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി. ഈ പ്രശ്‌നം താല്‍ക്കാലികമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അസാധാരണമാം വിധം പെട്ടെന്ന് കറന്‍സി കേന്ദ്രീകരിക്കപ്പെട്ടതാണ് കാരണം. കറന്‍സിയുടെ വിതരണം സംബന്ധിച്ച ഈ പ്രശ്‌നം അധികം വൈകാതെ പരിഹരിക്കപ്പെടും. രാജ്യത്തെ കറന്‍സി നില ഭദ്രമാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ ആവശ്യത്തിലധികം കറന്‍സി രാജ്യത്ത് വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞു.

കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് കറന്‍സി ഞെരുക്കം അനുഭവപ്പെടുന്നത്. 1.25 ലക്ഷം കോടി മൂല്യമുള്ള കറന്‍സി രാജ്യത്ത് വിതരണത്തിലുണ്ട്. ആവശ്യത്തിലധികം കറന്‍സി കേന്ദ്രീകരിച്ചിട്ടുള്ള ഇടങ്ങളില്‍ നിന്ന് അവ മറ്റിടങ്ങളിലേക്ക് നീക്കം ചെയ്യാന്‍ റിസര്‍വ്ബാങ്ക് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ ജോലികള്‍ ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി എസ് പി ശുക്ല പറഞ്ഞു.

അതെസമയം കറന്‍സി ഞെരുക്കം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇത് കെടുകാര്യസ്ഥത മൂലം വന്നതാണോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം ചെയ്തതാണോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016 നവംബറിലെ നോട്ടുനിരോധന കാലത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

 

 

ഡികെ

comments


 

Other news in this section