Friday, May 24, 2019

എംഎല്‍എമാരെ രാജിവയ്പ്പിക്കാന്‍ ബിജെപി; ജെഡിഎസ് എംഎല്‍എയ്ക്ക് ബി.ജെ.പി 100 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കുമാരസ്വാമി

Updated on 16-05-2018 at 4:04 pm

ബെംഗളൂരു: ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത കര്‍ണാടകയില്‍ എതിര്‍ പാര്‍ട്ടികളിലെ എംഎല്‍എമാരെ വിലയ്ക്കുവാങ്ങി ഭരണം ഉറപ്പിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതായി ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയ ജനതാദള്‍ സോഷ്യലിസ്റ്റ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു.
എന്തുമാര്‍ഗത്തിലൂടെയും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി രൂപ നല്‍കാമെന്നാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് എച്ച്.ഡി. കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇന്‍കംടാക്സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയി? എന്നും കുമാരസ്വാമി ചോദിച്ചു. ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ സന്ദര്‍ശിച്ചിരുന്നു. ഇത് എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

11 ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍മാരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. 11 പേര്‍ രാജിവച്ചാല്‍ നിയസഭാംഗങ്ങളുടെ ആകെ എണ്ണം 211 ആകും. അപ്പോള്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 106 എംഎല്‍എമാരുടെ പിന്തുണ മതിയാകും. രണ്ടു സ്വതന്ത്രന്മാരെ ഒപ്പം കൂട്ടി ഈ മാന്ത്രിക സംഖ്യ തികയ്ക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

രാജിവയ്ക്കുന്ന എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ പണവും രാജിയെ തുടര്‍ന്ന് ആറുമാസത്തിനുള്ളില്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം. ഈ വാഗ്ദാനത്തിന്റെ പ്രലോഭനത്തില്‍ സ്വന്തം എംഎല്‍എമാര്‍ കുടുങ്ങാതിരിക്കാതിരിക്കാനാണ് ജെഡിഎസും കോണ്‍ഗ്രസും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. സഭയില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്ന ദിവസം വരെ എംഎല്‍എമാരെ റിസോര്‍ട്ടില്‍ തന്നെ താമസിപ്പിക്കും.

കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. പരമേശ്വരയ്ക്കൊപ്പം ഗവര്‍ണറെ ഒരിക്കല്‍ക്കൂടി കാണുമെന്ന് കുമാരസ്വാമി പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ ജെ.ഡി.എസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെ.പി ശ്രമിച്ചാല്‍ അതേ തന്ത്രം ഉപയോഗിച്ച് ഇവിടെനിന്ന് കൊണ്ടുപോകുന്നതിന്റെ ഇരട്ടി എംഎല്‍എമാരെ ഇപ്പുറത്തേക്ക് എത്തിക്കുമെന്നും കുമാരസ്വാമി പറഞ്ഞു. കുതിക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ അനുവദിക്കരുതെന്ന് ഗവര്‍ണറോടും ആവശ്യപ്പെടും. ഇതിനിടയില്‍ എച്ച്.ഡി. കുമാരസ്വാമിയെ ജെഡിഎസിന്റെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു.

അതേ സമയം തെരഞ്ഞെടുക്കപ്പെട്ട 78 കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം കോണ്‍ഗ്രസ് സംസ്ഥാനക്കമ്മിറ്റി ഓഫീസില്‍ ബുധനാഴ്ച രാവിലെ വിളിച്ചെങ്കിലും യോഗത്തിനെത്തിയത് 68 പേര്‍ മാത്രമാണ്. എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

 

 

 

ഡികെ

comments


 

Other news in this section